വസ്ത്രങ്ങള്‍ പോലെയാണ് കേക്കിന്റെ കാര്യവും. കാലത്തിനൊപ്പം കോലവും മാറും. രുചിയില്‍ മാത്രമല്ല, നിറത്തിലും രൂപത്തിലും ഡിസൈനിലുമെല്ലാമുള്ള വ്യത്യാസത്തോടെയാണ് കേക്കുകള്‍ ഓരോ വര്‍ഷവും അവതരിപ്പിക്കാറുള്ളത്.
ക്രിസ്മസും പുതുവര്‍ഷവും പൊളി പൊളിച്ചടുക്കാനാണ് പുതിയ കേക്കുകളെത്തിയിരിക്കുന്നത്. മൂന്ന് ഫ്ളേവറുകള്‍ ഒറ്റ കേക്കില്‍-അതാണ് റെഡ് ബി. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷക്ക് മധുരം പകരാനായി കണ്ണൂര്‍ തലശ്ശേരിയിലെ ഒരു ബേക്കറിയുണ്ടാക്കിയതാണ് ഈ കേക്ക്.
റെഡ് വെല്‍വെറ്റ്, ചോക്കലേറ്റ്, വാനില എന്നിവ മൂന്ന് അടുക്കുകളായാണ് ഈ കേക്കുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുറിച്ചാല്‍ മൂന്ന് ഫ്ളേവറുകളും ഒരുമിച്ച് കിട്ടും. ഈ ചേരുവകള്‍ വെവ്വേറെ ഉപയോഗിച്ചുണ്ടാക്കുന്ന കേക്കുകള്‍ക്കു മുന്നില്‍ ത്രീ ഇന്‍ വണ്‍ ആണ് റെഡ് ബി. ഇതേ പേരില്‍ കേക്കുകള്‍ വേറെയുമുണ്ടെങ്കിലും മൂന്നു ചേരുവകള്‍ ഒറ്റ കേക്കില്‍ തയ്യാറാക്കിയെന്നതാണ് തലശ്ശേരിയിലെ വെഡ് ബിയുടെ പ്രത്യേകത.
തീര്‍ന്നില്ല, മറ്റു നാല് വിശേഷപ്പെട്ട കേക്കകള് കൂടി ഇത്തവണ ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഹേസല്‍നട്ട് ട്രഫ്ല്‍ എന്ന കേക്കാണ് അക്കൂട്ടത്തിലെ മറ്റൊരു ' ന്യൂ ജെന്‍ ', ഫെറാറെ റോഷര്‍ എന്ന വില കൂടിയ വിദേശ ചോക്ലേറ്റിന്റെ ഫ്ളേവറുകളാണ് ഇതിന്റെ ആകര്‍ഷണം.
വിദേശിയായ ഹാസല്‍നട്ടും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പേരിലടങ്ങിയതു പോലെ പശുവിന് നെയ്യ് ആണ് ഗീനെട്ട് കേക്കിന്റെ ആകര്‍ഷണം. ബദാം, അണ്ടിപ്പരിപ്പ് എന്നിവയൊപ്പം ഉണക്കിയ അത്തിപ്പഴങ്ങളും ധാരാളം ചേര്‍ത്താണ് ഗീനട്ട് കേക്കിനെ ഒരുക്കിയെടുക്കുന്നത്. പശുവിന് നെയ്യുള്ളതിനാല് നല്ല മാര്‍ദവമാണ്. ബട്ടര്‍ സ്കോച്ച് കേക്കില്‍ രണ്ടു അടുക്കുകളായി ബട്ടര്‍ സ്റ്റോപ്പ് ക്രീമാണ് ഉപയോഗിക്കുന്നത്. നെതര്‍ലാന്‍ഡില്‍ നിന്നാണ് ഈ ക്രീം ഇറക്കുമതി ചെയ്യു ന്നത്, കാഷ്യൂ പ്രലൈന്‍ തയ്യാറാക്കുന്നത് കാരമലും വാനില കേക്കും ക്രീമും ചേര്‍ത്താണ് തയ്യാറാക്കുന്നത്. കാര്‍മല്‍ തന്നെയാണ് ഇതിന്റെ രുചി നിശ്ചയിക്കുന്നത്. അണ്ടിപ്പരിപ്പ് ചേര്‍ക്കുന്നതിനാല്‍ പേരിടുമ്പോള്‍ കാഷ്യൂ ചേര്‍ക്കാന്‍ മറന്നില്ല.
പേരുകള്‍ നിശ്ചയിക്കാറ് കൂട്ടായി ചര്‍ച്ച ചെയ്താണെന്ന് ബേക്കറി കുടുംബാംഗമായ പ്രതീക് രാജ് പറഞ്ഞു. 1942 മുതല്‍ തലശ്ശേരിയില്‍ ബേക്കറി രംഗത്തുള്ള കുടുംബത്തിലെ ഇളയ തലമുറക്കാരനാണ് പ്രതീക്. കൊളശ്ശേരിക്കാരനായ കെ.സി.അജിത്ത് കുമാറാണ് ഇവിടെ കേക്കുകളുണ്ടാക്കുന്നതില് പ്രധാനി. ഇദ്ദേഹത്തിന്റെ വിരലുകളിലൂടെ മിനുട്ടുകള്‍ക്കൊണ്ട് കേക്കുകള്‍ രൂപപ്പെട്ടു വരും. കടലാസില്‍ പേന ചലിപ്പിക്കുമ്പോഴെന്ന പോലെയാണ് കേക്കില്‍ ഇദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലൂടെ അക്ഷരങ്ങളും ചിത്രങ്ങളും വാര്‍ന്നു വീഴുന്നത്.
ഫേളവറുകള് ചോദിച്ചാണ് പലരും കേക്കുകള്‍ വാങ്ങുന്നതെന്ന് പ്രതീക് രാജ് പറഞ്ഞു. രണ്ടു അടുക്കുകളായാണ് കേക്കുണ്ടാക്കുന്നത്. അടിയിലെ അടുക്കിനെ ഫില്ലിങ്ങ് എന്നും മുകളിലെ അടുക്കിനെ ടോപ്പിങ് എന്നുമാണ് പറയുന്നത്. ഫില്ലിങ്ങിനും ടോപ്പിങ്ങിനും ഉപയോഗിക്കുന്ന ഫ്ളേവറുകള്‍ മിക്കതും വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് പ്രതീക് രാജ് പറഞ്ഞു.
കേക്കുവിശേഷം പറഞ്ഞാല്‍ തീരാത്തതാണ്. ക്രിസ്മസും പുതുവത്സരവും കഴിഞ്ഞാല്‍ ആഘോഷവേളകളിലേക്കായി വാങ്ങുന്നവരാണ് എത്തുക. കൂളറില്‍ സൂക്ഷിക്കുന്ന ഫ്രഷ് ക്രീം കേക്കുകളോടാണ് ആളുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ താത്പര്യമെന്ന് പ്രതീക് രാജ് പറഞ്ഞു.
ആവശ്യപ്പെട്ടുണ്ടാക്കിയ 2 കേക്കു വാങ്ങാന്‍ വേണ്ടി മാത്രമായി കാറുമായി ഡ്രൈവറെ കുടകില്‍ നിന്ന് പറഞ്ഞയച്ചവരുമുണ്ട്. അമേരിക്കയില്‍ നിന്നു വരെ ചിലപ്പോള്‍ ആവശ്യക്കാര്‍ ഉണ്ടാകാറുണ്ട്. പ്ലം കേക്കുകളോടാണ് പൊതുവെ ഇപ്പോഴും പ്രിയം. ഇതില്‍ത്തന്നെ പലതരം ഉണക്കപ്പഴങ്ങളുടെ ചേരുവയടങ്ങിയ റിച്ച് പ്ലം കേക്കാണ് കേമന്‍. സാധാരണ പ്ലം കേക്കിനേക്കാള്‍ ഇരട്ടിയാണ് വില.
content highligt: cake making and cake varieties