ഗോഡ് ഹുമ്മൺ
പഴമയുടെ രുചിക്കൂട്ടുകളുടെ പത്തായത്തിൽ ചെന്ന് തപ്പിയാൽ കിട്ടും ഒരായിരം വിഭവങ്ങൾ. അതിൽ മിക്കതും ഓരോ പ്രത്യേക കാലങ്ങളിൽ മാത്രം കിട്ടുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വിശേഷ രുചികളായിരിക്കും. ഒരു വർഷം മുഴുവനും കാത്തിരിക്കുന്നത് അത് അനുഭവിച്ചറിയാനും.
ഇന്ന് പരിചയപ്പെടുത്തുന്ന കൊങ്കണി വിഭവവും ഈ ഗണത്തിൽ പെടുത്താം. മാമ്പഴക്കാലം വന്നല്ലോ. പൂത്തുലഞ്ഞ മാവുകളിൽ കണ്ണിമാങ്ങകളും കണ്ടു തുടങ്ങിയല്ലോ. അപ്പോൾ ഇന്നത്തെ രുചിയും പച്ചമാങ്ങാ കൊണ്ടുള്ളതാവാം. ഇത് പച്ചമാങ്ങാ കൊണ്ടുള്ള "ഗോഡ് ഹുമ്മൺ ". ഗോഡ് എന്ന് വെച്ചാൽ മധുരം. ഹുമ്മൺ എന്നാൽ ഈ കറിക്കുള്ള പേരും. പച്ചമാങ്ങാ കൊണ്ടുള്ള മധുരക്കറി എന്ന് ചുരുക്കം. പേരിൽ മധുരം മാത്രമേ പരാമർശിക്കുന്നുള്ളുവെങ്കിലും എരിവും പുളിയും മധുരവും കൂടെ ഒരുമിച്ച് നടത്തുന്ന മേളമാണീ കറി. ചോറിനൊപ്പം തൊട്ടു കൂട്ടാനായി വിളമ്പും.
പച്ചമാങ്ങാ ഏതുമാവാം. വിളഞ്ഞതോ ചെറുതോ ഏതും. മാങ്ങയുടെ പുളിക്കനുസരിച്ചു എരിവും മധുരവും ഒന്ന് ക്രമീകരിക്കണം എന്ന് മാത്രം.
പാചകരീതിയിലേക്ക്
ചേരുവകൾ
- പച്ചമാങ്ങാ - 2 ഇടത്തരം
- ശർക്കര - 1/2 കപ്പ്
- ഉപ്പ് - അല്പം
- കടുക് - 1 ടീസ്പൂൺ
- വറ്റൽമുളക് - 6-8 എണ്ണം
- ഉഴുന്ന് -1 ടീസ്പൂൺ
- വെളിച്ചെണ്ണ - 1-2 ടീസ്പൂൺ
പച്ചമാങ്ങാ കഷ്ണങ്ങളാക്കി ( തൊലി ചെത്തേണ്ടതില്ല ) ഒരു ഒന്നര കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് വേവിയ്ക്കുക. ശർക്കര ചീകിയതും കൂടെ ചേർക്കാം. പച്ചമാങ്ങാ വെന്തു വരുമ്പോഴേക്കും ശർക്കരയും നന്നായി അലിഞ്ഞു വന്നിട്ടുണ്ടാകും. ഇനി അടുപ്പിൽ നിന്നും മാറ്റി വെയ്ക്കാം. ഒരു ചെറു പാനിൽ വെളിച്ചെണ്ണ ചൂടാക്കി , കടുകും ഉഴുന്നും വറ്റൽമുളകും നന്നായി മൂപ്പിച്ചു കറിക്ക് മീതെ താളിക്കാം. പച്ചമാങ്ങ "ഗോഡ് ഹുമ്മൻ " തയ്യാർ.
ശ്രദ്ധിക്കുക
- എരിവും മധുരവുമൊക്കെ ഏകദേശ കണക്കാണ് ചേർത്തിരിക്കുന്നത്.നിങ്ങൾ എടുത്ത പച്ചമാങ്ങയുടെ പുളിപ്പിന് അനുസരിച്ചു അളവിൽ മാറ്റം വരുത്താം.
- ശർക്കരയിൽ കരടുണ്ടെങ്കിൽ പ്രത്യേകം ഉരുക്കിയതിനു ശേഷം അരിച്ചെടുത്ത് ഇതിലേക്ക് മാങ്ങാ ചേർത്ത് വേവിക്കാവുന്നതാണ്.
Content Highlights: got humman konkani recipe, konkani food items


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..