പലപ്പോഴും പാചകം ഇഷ്ടമില്ലാത്തവരുടെ ഉറ്റത്തോഴനാണ് നൂഡില്‍സ് എന്ന് പറയാറുണ്ട്. എളുപ്പത്തില്‍ തയ്യറാക്കാവുന്ന വേറിട്ട രുചിയായിതിനാലാണ് നൂഡില്‍സിന് ഇത്ര പ്രിയം. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ലഭിക്കുന്ന ഒരു നൂഡില്‍ സൂപ്പാണ് തുക്ക്പ. പേരില്‍ അല്‍പ്പം പുതുമ തോന്നുന്ന ഈ വിഭവത്തിന് ടിബറ്റാണ് ജന്മം നല്‍കിയത്. ടിബറ്റിലും നേപ്പാളിലും തുടങ്ങി ഇന്ത്യയിലെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇവ പരിചിതമാണ്. ചൈന, വിയറ്റ്നാം, ഹോങ്കോങ്ക് എന്നിവിടങ്ങളിലും ഇതിന്റെ വൈവിധ്യങ്ങള്‍ ലഭിക്കും. വിയറ്റാമീസ് പോ തുക്പയോട് ചേര്‍ന്ന് നില്ക്കുന്ന വിഭവമാണ്.
തെന്ന്തുക്ക്, തുപ്പ, തുഗ്പ തുടങ്ങി നിരവധി തരത്തിലുള്ള തുക്ക്പയുണ്ട്. വെജിറ്റേറിയന്‍ നോണ്‍വെജിറ്റേറിയന്‍ തുക്ക്പയും ലഭ്യമാണ്. ഓരോ ഇടങ്ങളിലും വ്യത്യസ്ഥമായ പാചക രീതിയാണ് അവലംബിക്കുന്നത്.
തുക്കപ എന്നത് ഒരു ടിബറ്റന്‍ ഭാഷ കൂടിയാണ്. നെസാങ് എന്നറിയപ്പെടുന്ന ഭാഷ ഹിമാചല്‍ പ്രദേശില്‍ താമസിക്കുന്ന ടിബറ്റന്‍ സമുഹം ആശയവിനിമയത്തിനായി വ്യാപകമായ ഉപയോഗിക്കുന്നതാണ്
സാധാരണയായി നൂഡില്‍ തയ്യാറാക്കാനായി ഗോതമ്പ് പൊടിയാണ് ഉപയോഗിക്കുക. ഇതിന് പുറമേ മൈദ, അരിപൊടി എന്നിവയും ഉപയോഗിക്കുന്നു. നൂഡില്‍ അടങ്ങിയ സൂപ്പ് അഥവാ സ്റ്റ്യൂ എന്നാണ് ഈ വാക്കിന്റെ ടിബറ്റന്‍ അര്‍ത്ഥം. പച്ചക്കറികള്‍ക്കൊപ്പം മിന്‍സ് ചെയ്ത് ഇറച്ചി ചേര്‍ക്കുന്നു. ഇതോടൊപ്പം രുചി കൊഴുപ്പിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുന്നു.
ടിബറ്റന്‍ തുക്ക്പയേക്കാള് നേപ്പാളില്‍ കിട്ടുന്നവയക്ക് എരിവും മസാലകളും അധികമായിരിക്കും. പൊതുവേ നേപ്പാളി ഭക്ഷണങ്ങള്‍ക്ക് എരിവ് കൂടുതലാണ്.
ഭൂട്ടാനീസ് തുക്ക്പയില് സാധാരണയായി ബീഫാണ് ഉപയോഗിക്കുന്നത്. ആദ്യം ബീഫിന്റെ എല്ലുള്ള ഭാഗമാണ് വേവിക്കുക പിന്നീട് പച്ചക്കറികളും മറ്റ് ചേരുവകളും ചേര്‍ക്കും. ഇഞ്ചി കൊത്തിയരിഞ്ഞത് ചേര്‍ക്കുന്നതോടെ ഇതിന് പ്രത്യേകമായ രുചിയും മണവും ലഭിക്കുന്നു. എല്ലാ തരം മാംസം കൊണ്ടും ഇവ പാകം ചെയ്യാം ചൈനയില്‍ പോര്‍ക്ക് ഉപയോഗിച്ചുള്ള തുക്ക്പയാണ് പ്രചാരം
പ്രസിദ്ധ ഫുഡ് ബ്ളോഗറായ മൃണാള്‍ ദാസ് തുക്ക്പയെ കുറിച്ച് പറയുന്നത്
''നൂഡില്‍ സൂപ്പ് എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ പഴങ്കഞ്ഞി പോലെ എനര്‍ജി ബൂസ്റ്റര്‍ ആണ്. ഹോങ്കോങ്ക് , വിയറ്റ്നാം എന്നിവിടങ്ങളില്‍ ഈ നൂഡില്‍ സൂപ്പിന്റെ വൈവിധ്യങ്ങള്‍ ലഭിക്കും
ഭയങ്കര കംഫര്‍ട്ട് ഫുഡായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിലേക്ക് നമ്മള്‍ക്ക് ഇഷ്ടപ്പെട്ട ഫ്ളേവറുകള്‍ സോസുകള്‍ എന്നിവ ഉപയോഗിക്കാം''
നേപ്പാള്‍ സ്വദേശിയും കേരളത്തിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയുമായ സുഭാഷ് പറയുന്നത്
''പടിഞ്ഞാറേ നേപ്പാളില്‍ നിന്നാണ് ഞാന്‍ വരുന്നത് അവിടെ അതിനെ ചൗമിന് എന്നാണ് വിളിക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. ഞങ്ങള്‍ തുക്ക്പയോടൊപ്പം കഴിക്കാന്‍ എന്തെങ്കിലും കറിയും തയ്യാറാക്കും. വെജ് കറിയോ, ചിക്കന്‍ കറിയോയാണ് സാധാരണയായി തയ്യാറാക്കുക. ബ്രേക്ക് ഫാസ്റ്റായാണ് ഇത് ഉപയോഗിക്കുക. ഇറച്ചി ചേര്‍ത്തും പച്ചക്കറി ചേര്‍ത്തും ഇത് പാകം ചെയ്യും''.
ചിക്കന്‍ തുക്ക്പ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
- എല്ലില്ലാത്ത ചിക്കന്‍- 150 ഗ്രാം
- നൂഡില്‍സ്-250 ഗ്രാം
- സവാള - അര കപ്പ്
- ഇഞ്ചി- ചെറിയ കഷ്ണം
- വെളുത്തുള്ളി - അഞ്ച് അല്ലി
- കാബേജ് അരിഞ്ഞത് - ഒരു കപ്പ്
- കാരറ്റ് അരിഞ്ഞത് - കാല് കപ്പ്
- മഷ്റൂം അരിഞ്ഞത് - കാല് കപ്പ്
- പച്ചമുളക് അരിഞ്ഞത്- 2 എണ്ണം
- എണ്ണ- ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- മുളക്പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നൂഡില്‍സ് വേവിച്ച് മാറ്റി വെയ്ക്കുക. ഒരു പാനില്‍ ഉള്ളി വഴറ്റിയെടുക്കുക. ഇതിലേക്ക് ജിഞ്ചര്‍ ഗാര്‍ലിക്ക് പോസ്റ്റ് ചേര്‍ക്കുക. തുടര്‍ന്ന് കാബേജ്, കാരറ്റ്, മഷ്റും എന്നിവ ചേര്‍ക്കുക. നിറം മാറി വരുമ്പോള്‍ ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കന്‍ വേവാനാവശ്യമായ വെള്ളം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ചേര്‍ക്കുക. ചിക്കന്‍ വെന്തുവരുമ്പോള്‍ ഇതിലേക്ക് വേവിച്ച നൂഡില്‍സും നാരങ്ങാനീരും ചേര്‍ക്കുക. ചിക്കന്‍ തുക്ക്പ തയ്യാര്‍.
Content Highlights: About Thupka