ഹുഗ്ലി നദിയുടെ കാറ്റേറ്റ് കൊല്‍ക്കത്ത് തെരുവിലൂടെ രബീന്ദ്രനാഥ കവിത പാടി  നടക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ഒരോ ഇന്ത്യക്കാരനും അത്രമേല്‍ ഓര്‍മകളുറങ്ങുന്ന മണ്ണാണ് ബംഗാള്‍. സാഹിത്യത്തിനും സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിനും മാത്രമല്ല രുചിയുടെ വൈവിധ്യം കൊണ്ടും ഇവിടം പ്രശസ്തമാണ്. ബംഗാള്‍ തെരുവിലൂടെ നടക്കുമ്പോള്‍ കൊറിക്കാന്‍ ഒരു പാക്കറ്റ് ജാല്‍മുരി ഉണ്ടെങ്കില്‍ സംഭവം അടിപൊളി. പറഞ്ഞ് വരുന്നത് ബംഗാളിന്റെ സ്വന്തം സ്ട്രീറ്റ് ഫുഡിനെ കുറിച്ചാണ്. നമുക്ക് സുപരിചിതമായ കപ്പലണ്ടി പോലെയാണ് അവിടെ ജാല്‍മുരി. എരിവുള്ള പൊരിയാണ് ജാല്‍മുരി. ജാല്‍ എന്നാല്‍ എരിവ് എന്നും മുരി എന്നാല്‍ പൊരി എന്നുമാണ് അര്‍ത്ഥം

ബംഗാളില്‍ ഉത്ഭവിച്ച ഈ വിഭവം ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലും പരിചിതമാണ്. ഒരോ പ്രദേശത്തും രുചിക്കൂട്ടുകളുടെ അളവും കോലവും മാറുമെന്ന് മാത്രം. മല്ലിയിലക്ക് പകരം പുതിന ഇലയും ഗോങ്കുര ഇലയും ചില പ്രദേശങ്ങളില്‍ ചേര്‍ക്കാറുണ്ട്. പൊരി, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, വേവിച്ച് ഉടച്ച കാബുളി കടല, സവാള, ചാട്ട് മസാല എന്നിവയാണ് ഇവയുടെ പ്രധാന ചേരുവകള്‍. അവസാനം ഒരു കഷ്ണം തേങ്ങ കൊത്തും വെച്ചാണ് വിളമ്പുന്നത്

ചരിത്രകാരിയും, ഭക്ഷ്യ എഴുത്തുകാരിയുമായ പ്രീത സെന്നിന്റെ നിരീക്ഷണ പ്രകാരം ബ്രിട്ടിഷ് ഭരണക്കാലത്ത് തന്നെ കൊല്‍ക്കത്ത തെരുവുകളില്‍ ഈ വിഭവം സജീവമായിരുന്നു. പിന്നീട്  ഇവിടേക്ക് ജോലിക്കെത്തിയ ബീഹാര്‍, യൂപി സ്വദേശികള്‍ അവരുടെ നാട്ടിലേക്കും ഈ വിഭവത്തെ എത്തിച്ചു

കടലാസ് കൊണ്ട് തയ്യാറാക്കിയ പാക്കറ്റിലാണ് ജാല്‍മുരി വിളമ്പുന്നത്. സ്പൂണ്‍ ഉപയോഗിക്കാതെ കൈകള്‍ കൊണ്ട് തിന്നുന്നതാണ് തനത് രീതി. അല്‍പ്പം ജാല്‍മുരി കൈയിലെടുത്ത് വായിലേക്കിട്ട് ഒരു കഷ്ണം തേങ്ങമുറിയും വായിലേക്കിട്ടാല്‍ രുചി മുകുളങ്ങള്‍ നിങ്ങളോട് സലാം പറയുമെന്ന കാര്യം ഉറപ്പാണ്.

ബംഗാളിലെ ഒരോ തെരുവുകളിലും ഈ വിഭവം വില്‍ക്കുന്ന ഉന്തുവണ്ടികള്‍ കാണാം. ജാല്‍മുരിവാലാ എന്നാണ് ഇവരെ വിളക്കുന്നത്. അതിവേഗത്തില്‍ ജാല്‍മുരി തയ്യാറാക്കുന്ന ഇവരുടെ കൈവഴക്കം അത്ഭുതപ്പെടുത്തുന്നതാണ്.

ബ്രിട്ടീഷ് ഷെഫ് ആന്‍ഗസ് ഡിനൂന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജാല്‍മുരി രുചിച്ചതോടെ ആശാന്റെ ജാതകം തന്നെ മാറി. ഡിനൂന്‍ ഇത് ലണ്ടന്‍ തെരുവുകളിലേക്കും എത്തിച്ചു. ബംഗാളി സ്‌റ്റൈലില്‍ അലങ്കരിച്ച് ജാല്‍മുരിയുമായി ലണ്ടന്‍ തെരുവുകളില്‍ ഡിനുനിന്റെ ഫുഡ് ട്രക്ക് സ്ഥാനം പിടിച്ചു. എരിവും പുളിയും കലര്‍ന്ന ഈ ബംഗാളി ഭക്ഷണം ലണ്ടന്‍ നിവാസികളും ഹൃദയത്തോട് ചേര്‍ത്ത് വെച്ചു.

ജാല്‍മുരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

 1. പൊരി - ഒരു കപ്പ്
 2. സവാള ചെറുതാക്കി അരിഞ്ഞത് - 1 
 3. തക്കാളി ചെറുതാക്കി അരിഞ്ഞത് - 1
 4. കടുകെണ്ണ - അര ടീ സ്പൂണ്‍
 5. ഉപ്പ് - ആവശ്യത്തിന്
 6. ബഌക്ക് സാള്‍ട്ട് - കാല്‍ ടിസ്പൂണ്‍
 7. ചെറുതാക്കി അരിഞ്ഞ പച്ചമുളക് - ഒരെണ്ണം
 8. ചാട്ട് മസാല - അര ടീ സ്പൂണ്‍
 9. മുളക് പൊടി - കാല്‍ ടീ സ്പൂണ്‍
 10. വറുത്ത കടല - രണ്ട് ടീ സ്പൂണ്‍
 11. സേവ് - രണ്ട് ടീ സ്പൂണ്‍
 12. വേവിച്ച കാബുളി കടല - 2 ടേബിള്‍ സ്പൂണ്‍
 13. നാരങ്ങ നീര് - ഒരു ടീസ്പൂണ്‍
 14. മല്ലിയില കൊത്തിയരിഞ്ഞത് - ഒരു ടീസ്പൂണ്‍
 15. പുളി പള്‍പ്പ് - ഒരു ടീസ്പൂണ്‍

കുഴിയുള്ള പാത്രത്തില്‍ ഇവയെല്ലാം മിക്‌സ് ചെയ്താല്‍ ജാല്‍ മുരി തയ്യാര്‍. ഒരു കഷ്ണം തേങ്ങ ചേര്‍ത്ത വിളമ്പാം

ടിപ്‌സ്

 1. കടുകെണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്
 2. അച്ചാര്‍ പൊടിയും രുചിക്ക് വേണ്ടി ചേര്‍ക്കാവുന്നതാണ്. 

തയ്യാറാക്കാന്‍ എളുപ്പമെന്ന് തോന്നുമെങ്കിലും അളവുകള്‍ കൃത്യമായില്ലെങ്കില്‍ വിഭവം പാളിപോവും. വെള്ളം അധികം കൂടാനോ കുറയാനോ പാടില്ല. തയ്യാറാക്കിയ ഉടന്‍ തന്നെ ഈ വിഭവം കഴിക്കണം ഇല്ലെങ്കില്‍ പൊരി തണുത്ത് രുചി നഷ്ടമാവും.

Content Highlights: About Indian street Food Jhalmuri