രി കൊണ്ട് തയ്യാറാക്കുന്ന ചായ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിയുന്നുണ്ടോ? എങ്കില്‍ രുചിയില്‍ കേമനായ ഇതിന്റെ ആദ്യത്തെ കവിള്‍ കുടിക്കുമ്പോള്‍ തന്നെ മുന്‍വിധികളെല്ലാം തകര്‍ന്ന് പോവും. വറുത്തെടുത്ത് അരി കൊണ്ട് തയ്യാറാക്കുന്ന ഇവയില്‍ തേയില പേരിന് പോലും ചേര്‍ക്കില്ല

കട്ടന്‍ ചായയോട് സമാനമായ ഇവ തയ്യാറാക്കുന്നത് വറുത്തെടുത്ത  അരി കൊണ്ടാണ്. ചുവന്ന അരി അല്ലെങ്കില്‍ കറുത്ത അരി എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്‌ മേഘാലയയില്‍ പിറവി കൊണ്ട് ഇവന്റെ യഥാര്‍ത്ഥ നാമം ചാ ഖൂ എന്നാണ്. ചായ എന്ന് അര്‍ത്ഥം വരുന്ന ചാ അതോടൊപ്പം അരി എന്ന് അര്‍ഥമുള്ള ഖു അങ്ങനെയാണ് ഈ പേര് ഉത്ഭവിച്ചത്. മേഘാലയയിലെ ടൂറിസം രംഗത്ത് ഈ ചായയ്ക്ക് പ്രാധാന്യമേറെയാണ്. 

ഇതിന് സമാനമായ ചായ ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ് ഭാഗത്ത് ധാരാളമുണ്ട്. ജപ്പാനില്‍ ഇതിന് സമാനമായ ചായ തയ്യാറാക്കുന്നുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള അരികൊണ്ടാണ് ഇവ തയ്യാറാക്കുന്നത് ജെന്‍മൈച്ച എന്നാണ് അവിടത്തെ പേര്. പ്രത്യേകം ബ്ലെന്‍ഡ് ചെയ്‌തെടുത്ത ഗ്രീന്‍ ടിയും ഇതില്‍ ചേര്‍ക്കും.

അസാമില്‍ ഇതേ ചായ സാഹ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭക്ഷണശേഷം ദഹനം എളുപ്പമാക്കാന്‍ ഈ ചായ കുടിക്കുന്ന പതിവ് അവര്‍ക്കുണ്ട്.ബ്രിട്ടീഷുകാര്‍ ഈ മേഖലകളില്‍ തേയില ചായ കൊണ്ടു വരുന്നത് വരെ അരി ചായയ്ക്ക് മികച്ച പ്രചാരം ഈ ഗ്രാമങ്ങളിലുണ്ടായിരുന്നു. ഷില്ലോങ്ങിലായിരുന്നു ഈ ചായക്ക് ആരാധകര്‍ ഏറെ. മഞ്ഞ് കാലത്ത് ഇവിടെ ഈ ചായ ഒഴിവാക്കാവാത്തതാണ്. എന്നാല്‍ പതിയെ തേയില ചായ കൂടെ കളം പിടിക്കുകയായിരുന്നു.

പരമ്പരാഗതമായി ഈ ചായയില്‍ പഞ്ചസാരയോ യാതൊരു മധുര പദാര്‍ത്ഥങ്ങളോ ഉപയോഗിക്കാറില്ല. എന്നാല്‍ കാലം മാറിയതോടെ ഇപ്പോള്‍ ഇതില്‍ മധുരം ചേര്‍ക്കാന്‍ തുടങ്ങി. ആന്റിഓക്‌സിഡന്റുകളും മിനറലുകളും വിറ്റാമിനുകളും  ധാരാളമടങ്ങിയ അരി ചായ ആരോഗ്യത്തിനും മികച്ചതാണ്. ചര്‍മത്തിലെചുളിവുകള്‍ അകറ്റാന്‍ ഇവ നല്ലതാണ്. കഫീന്‍ അടങ്ങാത്ത ചായ ആയതിനാല്‍ മറ്റ് ദൂഷ്യവശങ്ങളും ഇല്ലെന്ന് പറയാം.

അരി ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

അരി ചെറുതീയില്‍ നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ടോളം തിളപ്പിക്കുക.  ചൂടോട് കൂടി തന്നെ കുടിക്കുന്നതാണ് നല്ലത്. ജപ്പാന്‍. കൊറിയ എന്നിവിടങ്ങില്‍ ഈ ചായയില്‍ ഗ്രീന്‍ ടീ ഇട്ടാണ് കുടിക്കുക

Content Highlights: About rice tea