നല്ല കാഞ്ചീപുരം സാരി വൃത്തിക്ക് ഞൊറിയെടുത്ത് ഉടുത്ത പോലെയാണ് മേമോസ് കാണാന്‍. നാവില്‍ വെള്ളമൂറുന്ന ചിക്കന്‍ ഫില്ലിംഗ് പൊതിഞ്ഞെടുത്ത മോമോസ് ഒറ്റയടിക്ക് തിന്നരുത്. പതുക്കെ ഒരു കഷ്ണം വായിലേക്കിട്ട്, ആവിയില്‍ വെന്ത മാവിന്റെ കോട്ടിങ്ങും അതിനടിയിലുള്ള രുചികരമായ ഫില്ലിങ്ങും ഒരോ രസമുകുളങ്ങളെയും പതുക്കെ തലോടണം, അങ്ങനെ വേണം കഴിക്കാന്‍. നോര്‍ത്ത് ഇന്ത്യയില്‍ സുലഭമായ ഈ വിഭവത്തിന് കേരളത്തില്‍ വളരെയടുത്താണ്  പ്രചാരം കിട്ടിയത്. ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ വരവോടെ ഈ ഭക്ഷ്യ സംസ്‌ക്കാരം നമ്മുടെ നാട്ടിലേക്കും എത്തി.

ചിക്കന്‍ മോമോസ്, ബീഫ് മൊമോസ്, വെജ് മോമോസ് തുടങ്ങി നിരവധി തരം മോമോസ് ഇന്ന് പ്രചാരത്തിലുണ്ട്. നാലുമണി പലഹാരമായാണ് ഇത് നമ്മള്‍ ഉപയോഗിക്കുന്നതെങ്കിലും പലയിടങ്ങളിലും ഇവ പ്രഭാത ഭക്ഷണമായാണ് ഉപയോഗിക്കുക.

ചൈനയില്‍ നിന്നാണ് മോമാസിന്റെ ഉത്ഭവം പിന്നീട് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു. ഒരോ പ്രദേശത്തിന്റെയും രുചിഭേദങ്ങള്‍ അനുസരിച്ച് ഇവയുടെ ഫില്ലിംഗിനും വ്യത്യാസം വന്നു. ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഹിമാലയന്‍ മോമോസിന്റെ തുടക്കം ടിബറ്റാണെന്നാണ് കരുതുന്നത്.

നേപ്പാള്‍, ഭൂട്ടാന്‍, ടിബറ്റ് , ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന് പണ്ട് മുതല്‍ തന്നെ പ്രചാരമുണ്ട്. ചൈനീസ് വിഭവങ്ങളായ ബാവോസി, മാന്റും എന്നീ വിഭവങ്ങളുമായി ഇതിന് സാമ്യമുണ്ട്. ജപ്പാന്‍, കൊറിയ തുര്‍ക്കി എന്നിവിടങ്ങളിലും മൊമോസിന് സമാനമായ വിഭവങ്ങള്‍ ലഭ്യമാണ്. ടിബറ്റന്‍ വാക്കായ മോഗ് മോഗില്‍ നിന്നാണ് മോമോസ് എന്ന പേരിന്റെ ഉത്ഭവമെന്ന് വിശ്വസിക്കുന്നു

അക്കാലത്ത് ടിബറ്റില്‍ പച്ചക്കറികള്‍ ധാരാളമായി ലഭിക്കാത്തതിനാല്‍ സാധാരണയായി പലതരത്തിലുള്ള ഇറച്ചി ചേര്‍ത്ത മസാലക്കൂട്ടായിരിക്കും ഇതിനുള്ളിലെ ഫിലിങ്. പ്രധാനമായും യാക്കിന്റെ ഇറച്ചിയാണ് ആദിമ കാലത്ത് ഉപയോഗിച്ചത്. പിന്നീട് ഇത് ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ മോമോസിന് വെജിറ്റേറിയന്‍ വകഭേദങ്ങളും കൂട്ടിനെത്തി.

ആവിയില്‍ വേവിച്ചാണ് മോമോസ് തയ്യാറാക്കുന്നത്. ഇതാണ് മോമോസിന്റെ പ്രാചീന രീതിയും. എണ്ണ ഒട്ടും ഉപയോഗിക്കാത്തതിനാല്‍ ആരോഗ്യത്തിനും മികച്ചതാണ് ഇവ. എന്നാല്‍ കാലം മാറിയതോടെ എണ്ണയില്‍ പൊരിച്ചെടുത്ത മോമോസും രംഗത്തെത്തി. ആവിയില്‍ വേവിക്കുന്ന മോമോസില്‍ ചീസും ബട്ടറും ചേര്‍ക്കാറുണ്ട്. ചിക്കന്‍ വേവിച്ച വെള്ളം കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് മോമസിനൊപ്പം നല്ല കോംമ്പോയാണ്. ഇതിന് പുറമേ ചട്ണി, സോസ് എന്നിവയും സൈഡ് ഡിഷായി നല്‍കാം
 
ഫില്ലിംഗിനായി മികച്ച വിഭവങ്ങള്‍ തിരഞ്ഞെടുത്താല്‍ ആവിയില്‍ വേവിച്ചെടുക്കുന്ന മോമോസ് ആരോഗ്യത്തിന് ഹാനികരമല്ല. പ്രാചീന മോമോസില്‍ മസാലകളും എരിവും പുളിയും കുറവാണ്. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്ന മൊമോസ് അല്‍പ്പം ഹെവിയാണെന്ന് വേണം പറയാന്‍. ധാരാളം മസാലകള്‍ ഇതിന് ഉപയോഗിക്കുന്നു. നോര്‍ത്ത് ഇന്ത്യയില്‍ സജീവമായ തെരുവ് ദാബകളിലും ഫുഡ് ട്രക്കുകളിലും പലതരത്തിലുള്ള മോമോസ് ലഭിക്കും. ചീസി മോമോസ്, ബട്ടര്‍ മോമോസ്, ചില്ലി മോമോസ് തുടങ്ങിയവ അവയില്‍ ചിലതാണ്.

മോമോസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം
 
ചേരുവകള്‍
  1. മൈദ 200 ഗ്രാം
  2. ചിക്കന്‍ എല്ലില്ലാത്തത്- 250 ഗ്രാം
  3. കാബേജ് 100 ഗ്രാം
  4. സവാള 100 ഗ്രാം
  5. സോയാബീന്‍ 50 ഗ്രാം
  6. സണ്‍ഫ്‌ളവര്‍ ഓയില്‍ 500 ഗ്രാം
  7. വെണ്ണ 20 ഗ്രാം
  8. ഉപ്പ് ( ആവശ്യത്തിന് )
പാകംചെയ്യേണ്ടവിധം
 
മൈദ വെള്ളവും ഉപ്പും ചേര്ത്ത് കുഴച്ചെടുക്കുക. കൈവെള്ളയില്‍ വെക്കാന്‍ പാകത്തില്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് പരത്തിയെടുക്കുക. ഇറച്ചി വേവിച്ച് മിക്‌സിയില്‍ പൊടിച്ചെടുക്കുക.
ക്യാബേജ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. സവാളയും ചെറിയ കഷണങ്ങളാക്കുക. ഇവ സോയാബീനും ചേര്‍ത്ത് എണ്ണയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് പൊടിച്ച ഇറച്ചിയും ചേര്‍ക്കാം നന്നായി വഴറ്റിയെടുക്കുക
 
ഈ കൂട്ട് മൈദയ്ക്കുള്ളില്‍വെച്ച് ഉരുളകളാക്കി മാറ്റുക. മൊമോസിന്റെ അകൃതിയില്‍ ഞൊറിയുള്ള രൂപത്തിലേക്ക് ഈ ഉരുളയെ മാറ്റാം. ശേഷം ഇഡ്ഡലി പാത്രത്തില്‍ വെച്ച് ആവിയിൽ പാകംചെയ്ത് എടുക്കുക. എണ്ണയിൽ പൊരിച്ചുമെടുക്കാം.   
 
 
Content Highlights: About Momos