ഗുജറാത്തിന്റെ രുചി വൈവിധ്യങ്ങളില്‍ പ്രധാനിയാണ് ഡോക്‌ല. വെജിറ്റേറിയന്‍ പ്രേമികളുടെ ഇഷ്ടഭക്ഷണം. പ്രഭാത ഭക്ഷണമായും നാലുമണി പലഹാരമായും ഡോക്‌ല ഉപയോഗിക്കുന്നു.ഖാമന്‍ എന്ന വിഭവത്തോട് സാദ്യശ്യമുള്ള ഈ വിഭവത്തില്‍ അരിയും ഉഴുന്ന് പരിപ്പുമാണ് പ്രധാന ചേരുവകള്‍. 

കടല പൊടി ചേര്‍ക്കുന്ന ഡോക്‌ലയ്ക്ക് മഞ്ഞ നിറമാണ്. ജൈന ഭാഷയിലെ ദുക്കിയ എന്ന വാക്കില്‍ നിന്നാണ് ഡോക്‌ല വന്നതെന്ന് പറയപ്പെടുന്നു.

പല തരത്തിലുള്ള ഡോക്‌ല പ്രചാരത്തിലുണ്ട്. കട്ട ഡോക്‌ല, രസിയ ഡോക്‌ല, മൂങ്ങ് ദാല്‍ ഡോക്‌ല എന്നിവയെല്ലാം അവയില്‍ ചിലതാണ്.

അരിയും ഉഴുന്ന് പരിപ്പും ചേര്‍ത്തുണ്ടാക്കുന്ന ഡോക്‌ലയാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ചീസ് ഡോക്‌ല, സാന്‍വിച്ച് ഡോക്‌ല തുടങ്ങി നിരവധി വൈവിധ്യങ്ങള്‍ ഇന്ന് ലഭ്യമാണ്.

ക്യത്യമായ അനുപാതത്തില്‍ എടുക്കുന്ന അരിയും ഉഴുന്നും രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിരാന്‍ വെയക്കുന്നു. പിറ്റേന്ന് ഇത് അരച്ചെടുത്ത് ആവശ്യമുള്ള കൂട്ടുകള്‍ ചേര്‍ക്കുന്നു. എരിവ് വേണ്ടവര്‍ക്ക് അത് ചേര്‍ക്കാം മധുരമാണെങ്കില്‍ പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ക്കാം. ഈ മാവ് പ്ലേറ്റില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച് ശേഷം ചതുരത്തില്‍ മുറിച്ചെടുക്കുന്നു. കടുക് കായം, മല്ലിയില എന്നിവയെല്ലാം ചേര്‍ത്ത് താളിച്ച് ഈ കഷ്ണങ്ങളിലേക്ക് ഒഴിക്കുന്നു. ഇങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നത്. കടുകിന് പകരം ജീരകവും ഉപയോഗിക്കാറുണ്ട്.

മല്ലിയില ചേര്‍ത്ത മുളക് ചമ്മന്തിയാണ് ഇതിനോടൊപ്പം വിളമ്പുക. ടാമറിന്റ് സോസ് അഥവ പുളി കൊണ്ടുള്ള സോസും ഇതിനോടൊപ്പം ഉപയോഗിക്കാം.

ഇതിന്റെ വകഭേദമായ ഖാമനില്‍ കടല പൊടി ഉപയോഗിച്ചാണ് മാവ് തയ്യാറാക്കുന്നത്.ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ഈ വിഭവം സജീവമാണ്. വിവാഹ ചടങ്ങുകളില്‍ ഇതിന്റെ പല വെറൈറ്റികളും വിളമ്പാറുണ്ട്..

അരിക്ക് പകരം കടലമാവ്, സേമിയ എന്നിവ ഉപയോഗിച്ചും ഇത് തയ്യാറാക്കാം. രൂചിക്ക് അനുസരിച്ച് എരിവും പുളിയും ചേര്‍ക്കാം

നടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ ഡോക്‌ല കഴിച്ച അനുഭവത്തെ കുറിച്ച് പറഞ്ഞത് നോക്കാം

ബാംഗ്ലൂര്‍ എത്തിയാല്‍ ഞാനും സൗമ്യയും കൂടി മിക്കവാറും ദിവസങ്ങള്‍ കുഞ്ഞുങ്ങളേ ബംഗ്ലൂര്‍ അമ്മയേ ഏല്‍പ്പിച്ച് ഞങ്ങള്‍ പുതുരുചികള്‍ തേടി ഇറങ്ങും.. അതില്‍ സ്‌നാക്ക്‌സില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഡോക്‌ല. സോഫ്റ്റ്‌നെസില്‍ സ്‌പോഞ്ച് പോലും തോറ്റ് പോകും. അത്ര നിര്‍മ്മല കോമള  വിഭവം ആണ് ഈ സ്വാദിന്റെ റാണി. നോട്ടത്തില്‍ പ്രകൃതത്തില്‍ നമ്മുടെ വട്ടയപ്പം/കള്ളപ്പത്തിന്റെ അമ്മായിയുടെ മകള്‍ ആയി വരും സ്വാദില്‍ ഒരു ബന്ധം ഇല്ല.രുചി വാക്കുകളാല്‍ രേഖപ്പെടുത്താല്‍ കഴിയുന്നതല്ല. കൂടെ കിട്ടുന്ന ടാമറിന്റെ സോസ് പിന്നെ പുതിന ചട്ണിയും ഓരോന്നിലും മുക്കി എടുത്ത് അങ്ങ് വായിലാക്കുമ്പോള്‍ സ്വര്‍ഗ്ഗം ആണ്.  കലോറി കുറവായതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക്‌ നല്ലതാണ് ആണ് ഡോക്‌ല. 

കടലമാവ് ഉപയോഗിച്ചുള്ള ഡോക്‌ല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

 1. കടല മാവ് - ഒന്നരകപ്പ്
 2. ഉപ്പ് - അരടിസ്പൂണ്‍
 3. പഞ്ചസാര - അരടിസ്പൂണ്‍
 4. മഞ്ഞള്‍ പൊടി - അര ടിസ്പൂണ്‍
 5. വെള്ളം- ആവശ്യത്തിന്
 6. സോഡ പൊടി - ഒരു നുള്ള്

ഡോക്‌ലയിലേക്ക് ഒഴിക്കാനുള്ള പാനിയത്തിനായി

 1. എണ്ണ  (കുക്കിങ്ങ് ഓയില്‍ എന്തും ഉപയോഗിക്കാം) - ആവശ്യത്തിന്
 2. കടുക് - ആവശ്യത്തിന്
 3. പച്ചമുളക് - 5
 4. ഉപ്പ് - അര ടിസ്പൂണ്‍
 5. പഞ്ചസാര - 2 ടിസ്പൂണ്‍
 6. നാരങ്ങ നീര്- ഒരു സ്പൂണ്‍
 7. മല്ലിയില അരിഞ്ഞത് - 2 ടിസ്പൂണ്‍
 8. തേങ്ങ ചിരവിയത് - 2 ടിസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഡോക്ല തയ്യാറാക്കാനുള്ള മാവിന് വേണ്ടിയുള്ളവ എല്ലാം ഒരു പാത്രത്തിലാക്കി വെള്ളം ചേര്‍ത്ത് കലക്കിയെടുക്കുക. ഇഡ്ഡലി മാവിന്റെ പരുവം ആകണം. 10 മിനിറ്റ് വെയ്ക്കാം. ഇത് പരന്ന ഒരു പാത്രത്തിലാക്കി 20 മിനിറ്റ് ആവിയില്‍ വേവിക്കാം.

പാനില്‍ എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കാം തുടര്‍ന്ന് അഞ്ച് പച്ചമുളക്ക് ഞെട്ടി പൊട്ടിക്കാതെ ഇതിലേക്ക് ഇടാം. കറി വേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് അര കപ്പ് വെള്ളം ചേര്‍ക്കുക. അര ടിസ്പൂണ്‍ ഉപ്പ് . രണ്ട് ടിസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ക്കാം. നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് നാരങ്ങ നീര് ഒഴിക്കാം ഒപ്പം മല്ലിയിലയും ചേര്‍ക്കാം. ഡോക്‌ലയിലേക്ക് ചേര്‍ക്കാനുള്ള പാനിയം തയ്യാറായി

തുടര്‍ന്ന് നേരത്തെ വേവിച്ചെടുത്ത് ഡോക്‌ല ചതുരത്തില്‍ മുറിക്കാം. ഇതിലേക്ക്  നേരത്തെ തയ്യാറാക്കിയ പാനിയം ഒഴിക്കാം. തേങ്ങ ചിരവിയതും മല്ലിയിലയും മേലെ തൂവി കൊടുക്കാം.

Content Highlights: About dhokla