photo|ഞണ്ട് ഘശി
ഞണ്ട് കറി ഉണ്ടേല്‍, രണ്ട് കറി വേണ്ടത്രെ. കാര്യം ശരിയാണെന്ന് എന്നും തോന്നാറുണ്ട്. ഞണ്ട് കറി ആസ്വദിച്ച് കഴിക്കുമ്പോള്‍, കൂട്ടിനു മറ്റു കറികള്‍ ഉണ്ടെങ്കിലും അങ്ങോട്ട് ശ്രദ്ധ പോവില്ലെന്നുള്ളത് വാസ്തവം. അത്രയേറെ നമ്മള്‍ ഇഷ്ടപ്പെടുന്ന കറികളില്‍ ഒന്നാണ് ഞണ്ട് കറിയും.
ഇനി പരിചയപ്പെടുത്തുന്നതും ഞണ്ട് കറി തന്നെ- ഞണ്ട് 'ഘശി '. ഇഞ്ചിയും സവാളയും വഴറ്റാതെ നേരിട്ട് ഞണ്ടിലോട്ട് ചേര്‍ത്തുണ്ടാക്കുന്ന രീതിയാണിതിന്. നല്ല എരിവും കൂടെയാകുമ്പോള്‍ ചോറിനൊപ്പം ഈ ഞണ്ട് കറിക്ക് രുചി കൂടും.
പാചകരീതിയിലേക്ക്;
ചേരുവകള്‍
1. ഞണ്ട് (ഇടത്തരം വലിപ്പത്തില്‍ ) - 10-12 എണ്ണം
2. തേങ്ങ - രണ്ടര കപ്പ്
3. മല്ലി - 2 ടീസ്പൂണ്‍
4. വറ്റല്‍ മുളക് - 10-15 എണ്ണം
5. വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍.
6. ഇഞ്ചി - 1 ഇഞ്ച് നീളത്തില്‍
7. സവാള - 1 വലുത്
8. വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍
9. ഉപ്പ് - ആവശ്യത്തിന്
വെട്ടി, കഴുകി വൃത്തിയാക്കിയ ഞണ്ട് ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക. വെന്തു വരുമ്പോള്‍ ഇഞ്ചിയും സവാള അരിഞ്ഞതും കൂടെ നേരിട്ട് ഇതിലേക്ക് ചേര്‍ക്കുക.
മല്ലിയും മുളകും കൂടെ ഒരുമിച്ചു ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍, ചുവക്കെ വറുത്തെടുക്കുക. ഇതും തേങ്ങയും വാളന്‍ പുളിയും ചേര്‍ത്ത് അല്പം തരുതരുപ്പായി അരയ്ക്കുക.
ഇഞ്ചിയും സവാളയും ഏകദേശം വെന്തു വരുമ്പോള്‍ ഈ അരപ്പ് ഞണ്ടിലേക്ക് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചാറ് കുറുകി വരുമ്പോള്‍ അടുപ്പില്‍നിന്ന് മാറ്റുക.
കറി വാങ്ങി വെച്ചതിനു ശേഷം മീതെ വെളിച്ചെണ്ണ ഒഴിക്കാം. ഞണ്ട് ഘശി തയ്യാര്‍.
Content Highlights: crab curry,konkani food,konkani varasi, cooking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..