.jpg?$p=103157c&f=16x10&w=856&q=0.8)
കട്ഗീ ചക്കോ
ഏപ്രിൽ മെയ് വേനലവധിക്കാലം മാമ്പഴക്കാലവും ചക്കക്കാലവും അതിനോട് ചേർന്നുള്ള പല വിഭവങ്ങളുടേതും കൂടിയാണ്. ഓരോ ദിവസവും ഓരോ സ്പെഷ്യൽ വിഭവങ്ങളുമുണ്ടാവും. ചക്ക ആയിരിക്കും പ്രധാനി. ഇടിച്ചക്ക പരുവം തൊട്ട് നല്ല വിളഞ്ഞു പാകമാകുന്ന വരെയുള്ള ഓരോ ഘട്ടത്തിലും ഓരോ രുചികൾ.
കൊങ്കണി രുചികളിൽ ചക്ക പല വേഷത്തിൽ വരും. ഇടിച്ചക്ക പരുവമായാലും വിളഞ്ഞ പരുവമായാലും ഉപ്പേരിയുണ്ടാക്കിയാൽ അതിന്റെ മണം വേറെ തന്നേ. "പൊണ്സാ ഹപ്പോളു " എന്ന ചക്ക പപ്പടം മറ്റൊരു പ്രധാനി. നല്ല വിളഞ്ഞ ചക്ക വേവിച്ച് ഉടച്ചു വട്ടത്തിൽ പരത്തി പായയിൽ നിരത്തി വെയിലത്തുണാക്കി ഡബ്ബയിൽ സൂക്ഷിച്ചു വെയ്ക്കുന്നത് മഴക്കാലത്തു വറുത്ത് തിന്നാൻ വേണ്ടിയാണ്. എന്തിനേറെ ഇടിച്ചക്കയും പച്ചമാങ്ങയും ഒരുമിച്ചിട്ട് ഉണ്ടാക്കുന്ന "അഡ്ഗയി" എന്ന അച്ചാറുണ്ടെങ്കിൽ പിന്നേ മേളമായി. പഴുത്താൽ പിന്നേ " ഘറയി " എന്ന് വിളിക്കുന്ന ചക്കപ്പായസം നിർബന്ധം. പഴുത്ത കൂഴച്ചക്ക ആണേൽ " മുദ്ദോ " എന്ന ചക്കയപ്പവും കാണും. ചില സ്പെഷ്യൽ ദിവസങ്ങളിൽ "ഘരാവോടോ " എന്ന ചക്കയുണ്ണിയപ്പവും. ഇങ്ങനെ പോകും ചക്കവിഭവങ്ങൾ.
ഇതിലെ രുചിയേറിയ ഒരു വിഭവമാണ്, " കട്ഗീ ചക്കോ ". കട്ഗീ എന്നാൽ ഇടിച്ചക്ക എന്നും ചക്കോ എന്നത് ഈ കൂട്ടാന്റെ പേരും. ഇടിച്ചക്ക ശകലം കൂടെ വിളഞ്ഞു ചക്കക്കുരു ഒക്കെ നല്ല കുഞ്ഞ് കോഴിമുട്ട പോലെ തോന്നിക്കുന്ന ആ പരുവത്തിലുള്ള ചക്കയാണ് ഈ കറിക്ക് അഭികാമ്യം. കൊത്തൻ ചക്ക എന്ന് വിളിക്കും എന്ന് കേട്ടിട്ടുണ്ട്. ചോറിനോപ്പമാണ് ചക്കോ വിളമ്പുക. വിശേഷ ദിവസങ്ങളിൽ സദ്യയിൽ പോലും ചക്കോ ഇടം പിടിക്കാറുണ്ട്. മറ്റൊരു ചക്ക കാലം വരികയല്ലേ. ഇക്കുറി "കട്ഗീ ചക്കോ " കൂടെ ഉണ്ടാക്കി നോക്കൂ.
ചേരുവകൾ
ഇടിച്ചക്ക കഷ്ണങ്ങൾ- 4 കപ്പ്
തേങ്ങാ- 2 കപ്പ്
മല്ലി- 2 ടീസ്പൂൺ
ഉഴുന്ന്- ഒന്നര ടീസ്പൂൺ
വറ്റൽമുളക്- 10 -15
വാളൻപുളി- ഒരു കുഞ്ഞു നെല്ലിക്ക വലുപ്പത്തിൽ.
1 ടീസ്പൂൺ കടുക്, 1ടീസ്പൂൺ ഉലുവ, രണ്ട് കതിർപ്പ് കറിവേപ്പില, 3-4 ടീസ്പൂൺ എണ്ണ താളിക്കാൻ.
Also Read
തയ്യാറാക്കുന്ന വിധം
ആദ്യം ഇടിച്ചക്ക കുഞ്ഞു കഷ്ണങ്ങളാക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് അല്പം വെള്ളവുമൊഴിച്ചു കുക്കറിൽ ഒരു 2 വിസിൽ വരുന്ന വരെ വേവിയ്ക്കുക. ചൂടാറിയതിനു ശേഷം വെള്ളം വാർത്തെടുത്തു കഷ്ണങ്ങൾ മാറ്റി വെയ്ക്കുക. ഈ വെള്ളം കളയേണ്ടതില്ല. അരയ്ക്കാനും പിന്നീട് അല്പം കറിയിൽ ചേർക്കാനുമൊക്കെ എടുക്കാവുന്നതാണ്.
ഇനി അടിവശം കനമുള്ള ഗ്ലാസ്സോ, തവിയോ മറ്റോ എടുത്ത് ഈ വേവിച്ച ചക്കയെ ഒന്ന് ഉടയ്ക്കുക. പേസ്റ്റ് പോലെ ആകരുത്. ചെറുതായി ഉടച്ചാൽ മതി. ഇനി മുളകും മല്ലിയും ഉഴുന്നും ഒരുമിച്ച് അല്പം എണ്ണ ചൂടാക്കി ചെറുതീയിൽ ചുവക്കെ വറുക്കുക. ഇതും തേങ്ങയും പുളിയും ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക. അരയ്ക്കാൻ നേരത്തെ മാറ്റി വെച്ച വെള്ളമെടുക്കാം.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും മൂപ്പിച്ചതിനു ശേഷം വേവിച്ച ചക്ക ചേർത്തിളക്കുക. അരപ്പും ചേർക്കാം.
ബാക്കി വെള്ളമുണ്ടെങ്കിൽ അതും അൽപ്പം ചേർത്ത് ചെറുതീയിൽ അടച്ചു വെച്ച് പാകം ചെയ്യാം. അരപ്പ് വെന്ത് വെള്ളമൊക്കെ നന്നായി വറ്റി കഷ്ണങ്ങൾ അരപ്പ് കൊണ്ട് പൊതിഞ്ഞു വരുമ്പോൾ വാങ്ങി വെയ്ക്കാം. മുകളിൽ ഒരു സ്പൂൺ പച്ചവെളിച്ചെണ്ണയും അവസാനം ചേർക്കുന്നത് രുചി വർധിപ്പിക്കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..