ഫണ്ണാ പോളോ
പ്രാതലിനും രാത്രി ഭക്ഷണത്തിനുമായുമൊക്കെ എളുപ്പ വഴി എന്ന നിലക്ക് നമ്മള് എന്നും ചെന്നെത്തി നില്ക്കുന്ന ഭക്ഷണമാണല്ലോ ഗോതമ്പ് ദോശ. എന്നാലെന്നും വെറുതെ മാവ് കലക്കി ചുട്ടെടുക്കുന്നതില്‍ നിന്നും അല്പം വ്യത്യസ്തമായി ഏതാനും കുഞ്ഞ് ഗിമ്മിക്കുകള്‍ കൂടെ ചേര്‍ത്താല്‍ ഗോതമ്പ് ദോശയുടെ ലെവല്‍ മാറും. രുചിയും മണവും കൊണ്ടു ഏറെ വിശേഷവും.
ഇത് കൊങ്കണികളുടെ രീതിയില്‍ തയ്യാറാക്കുന്ന ഗോതമ്പ് ദോശയാണ്. മൈദ കൊണ്ടാണ് മുന്‍പൊക്കെ ഈ ദോശ തയ്യാറാക്കിയിരുന്നത്. അല്പം കൂടെ ആരോഗ്യത്തിനു മെച്ചമെന്ന രീതിയില്‍, മൈദയുടെ ഉപയോഗം കുറച്ച് കൊണ്ട് വന്നു ഗോതമ്പിലേക്ക് ചുവടു മാറ്റം നടത്തിയപ്പോള്‍ വന്ന മാറ്റം ഈ ദോശയിലും പരീക്ഷിക്കപ്പെട്ടു. 'ഫണ്ണാ പോളോ' എന്നാണ് ഇതിനെ കൊങ്കണിയില്‍ വിളിക്കുക. താളിപ്പ് ചേര്‍ക്കുന്ന ദോശ എന്ന് സാരം. ഇഞ്ചിയും തേങ്ങയുമൊക്കെ അരച്ച് മാവിലും ചേര്‍ത്ത് ചുട്ടെടുക്കുമ്പോഴുള്ള മണം കുശാല്‍. അപ്പോള്‍ നേരം വൈകാതെ ഇന്ന് തന്നെ പരീക്ഷിച്ചു നോക്കുക.
പാചകരീതിയിലേക്ക്.
ആവശ്യമുള്ള സാധനങ്ങള്‍
- ഗോതമ്പു മാവ്/ആട്ട - രണ്ടര കപ്പ്
- തേങ്ങാ - ഒന്നര ടേബിള്‍സ്പൂണ്‍
- ഇഞ്ചി -ഒരു ചെറിയ കഷ്ണം
- വറ്റല്‍മുളക് എണ്ണയില്‍ വറുത്തത് - 4-5 എണ്ണം
- കടുക്, രണ്ട് കതിര്‍പ്പ് കറിവേപ്പില- താളിക്കാന്‍
- ഉപ്പ് -ആവശ്യത്തിന്
തേങ്ങ, ഇഞ്ചി, വറ്റല്‍മുളക് എന്നിവ അല്പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം രണ്ടര കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കടുകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കാം. ശേഷം ഈ കൂട്ടിലേക്ക് ആട്ടപ്പൊടി ചേര്‍ക്കം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. സാദാ ഗോതമ്പു ദോശയുടെ അയവില്‍ കട്ട കെട്ടാതെ മാവ് കലക്കിയെടുക്കുക. വെള്ളം ആവശ്യമെങ്കില്‍ ഇനിയും ചേര്‍ത്ത് കൊടുക്കാം. മാവ് തയ്യാര്‍. നല്ല ചൂടായ ദോശകല്ലില്‍ നേര്‍ത്ത് പരത്തി ഉടനെ തന്നെ തീ സിമ്മില്‍ ഇട്ടു അടച്ചു വെച്ചു ചുട്ടെടുക്കാം.
Also Read
Content Highlights: konkani vasari, konkani food, phanna polo recipe, food, recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..