photo:bitterguard talasani
കയ്പ്പ് കാരണം ചിലരെങ്കിലും മാറ്റി നിര്‍ത്തുന്ന പച്ചക്കറി ആണല്ലോ പാവയ്ക്ക. എന്നാല്‍ അതീവ പോഷകം നിറഞ്ഞ ഈ വിദ്വാനെ കയ്പ്പിന്റെ പേരില്‍ മാത്രം ഒഴിവാക്കപ്പെടുന്നവര്‍ തീര്‍ച്ചയായും ഉണ്ടാക്കി നോക്കേണ്ട വിഭവം ആണ് പരിചയപ്പെടുത്തുന്നത്. കയ്പ്പ് രുചിയോട് മുട്ടി നിക്കാന്‍ പാകത്തില്‍ പുളി രസം ചേര്‍ക്കുന്നതാണ് ആദ്യത്തെ ടെക്‌നിക്. അന്നേരം തന്നെ കയ്പ്പിന്റെ പത്തി അല്പം മടങ്ങും.
പിന്നേ വേണേല്‍ ഇത്തിരി ഉപ്പ് പുരട്ടി വെച്ച് പാവയ്ക്ക പിഴിഞ്ഞെടുത്താല്‍ അങ്ങനേം അല്പം കയ്പ്പ് കുറയ്ക്കാം. എന്തായാലും പാവയ്ക്ക പ്രേമികള്‍ തീര്‍ച്ചയായും ഉണ്ടാക്കി നോക്കേണ്ട വിഭവമാണ് ഇത്. കൊങ്കണിയില്‍ ഇതിനു പാവയ്ക്കാ 'തളാസിനി' എന്നാണ് പേര്. പേരല്പം നീണ്ടതും കൗതുകം നിറഞ്ഞതാണേലും ഉണ്ടാക്കാന്‍ എളുപ്പവും വളരെ കുറച്ചു ചേരുവകളും മാത്രം മതി. പച്ചമാങ്ങയോ, ഇരുമ്പന്‍ പുളിയോ, അമ്പഴങ്ങയോ ഏതു വേണേലും പാവയ്ക്കയ്‌ക്കൊപ്പം ചേര്‍ക്കാം.
ഉപ്പുമാങ്ങ നീളത്തില്‍ അരിഞ്ഞു ചേര്‍ത്തും ഇതുണ്ടാക്കും. അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഒരല്പം പാവയ്ക്ക തളാസിനി ഉണ്ടേല്‍ ഊണ് കുശാല്‍. ഇന്ന് പാവയ്ക്കയ്‌ക്കൊപ്പം ചെയ്തിരിക്കുന്നത് ഇരുമ്പന്‍ പുളിയാണ്. ബിലുമ്പി എന്നും പുളിഞ്ചിക്കയെന്നും ഇതിനെ വിളിക്കാറുണ്ട്. അരിഞ്ഞ പാവയ്ക്കയുടെ അളവിന് തുല്യമായിരിക്കണമെത്രേ പുളിഞ്ചിക്ക അരിഞ്ഞതും. അതാണതിന്റെ കണക്ക് എന്നാ മുതിര്‍ന്നവര്‍ പറയുക. എന്നാലാണെത്രെ കയ്പ്പും പുളിയും ഒപ്പത്തിനൊപ്പം നിന്ന് നമ്മുടെ നാക്കിനെ രസിപ്പിക്കുക. പാചകരീതിയിലേക്ക്.
ചേരുവകള്‍
1.പാവയ്ക്ക - 1 വലുത്
2. പുളിഞ്ചിക്ക - 5-6 വലുത്
3.പച്ചമുളക് - 4-6 എണ്ണം
4.കായപ്പൊടി - 1/4 ടീസ്പൂണ്‍
5. ഉപ്പ് - ആവശ്യത്തിന്
6.കടുക് - 1/2 ടീസ്പൂണ്‍
7.വറ്റല്‍മുളക് - 2-3 എണ്ണം
8.വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
പാവയ്ക്ക നീളത്തില്‍ നേരിയതായി അരിഞ്ഞു ഉപ്പ് പുരട്ടി അരമണിക്കൂറോളം വെയ്ക്കുക.
ശേഷം നന്നായി പിഴിഞ്ഞെടുക്കുക.
പച്ചമുളക് നെടുകെ കീറുക.
പുളിഞ്ചിക്ക നീളത്തില്‍ അരിഞ്ഞു വെയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കി കടുകും, വറ്റല്‍മുളകും താളിക്കുക.
ഇതിലേക്ക് പച്ചമുളക് ചേര്‍ത്ത് നിറം മാറും വരെ വറുക്കുക.
ഇതിലേക്ക് പാവയ്ക്കയും പുളിഞ്ചിക്കയും
കായപ്പൊടിയും ചേര്‍ത്ത് ഇളക്കി ശകലം ഉപ്പും ചേര്‍ത്ത് അടച്ചു വെച്ചു ചെറുതീയില്‍ പാകം ചെയ്യുക.
അല്പം വെള്ളം തളിച്ചുകൊടുക്കുകയും ചെയ്യാം.
വെള്ളം വറ്റി പാവയ്ക്ക വെന്തു വന്ന് പുളിഞ്ചിക്കയ്‌ക്കൊപ്പം പാകത്തിന് ഒത്തു വരുമ്പോ വാങ്ങി വെയ്ക്കാം.
ശ്രദ്ധിക്കുക
പച്ചമാങ്ങയാണ് ചേര്‍ക്കുന്നതെങ്കില്‍ പുളിക്കനുസരിച്ചു ഒന്നോ രണ്ടോ ചെറുമാങ്ങകള്‍ വരെ ആവാം.
Content Highlights: bitterguard talasani, Konkani , food, Recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..