സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഒന്നാണ് 'ഗ്രാമ്പൂ'... എന്നാല്‍, കറികള്‍ക്ക് സ്വാദും മണവും വര്‍ധിപ്പിക്കുക മാത്രമല്ല, ഓരോ സുഗന്ധവ്യഞ്ജനത്തിനും അതിന്റേതായ ഔഷധമേന്മ ഉണ്ട് എന്നത് നമ്മള്‍ ചിലപ്പോള്‍ വിസ്മരിക്കുന്നു. ഗ്രാമ്പൂ ഇംഗ്‌ളീഷില്‍ 'ക്ലോവ്' എന്നാണ് അറിയപ്പെടുന്നത്. 'ആണി' എന്നര്‍ത്ഥം വരുന്ന 'ക്ലൗ' എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ക്ലോവ് എന്ന ആംഗലേയനാമം ഇതിന് ലഭിച്ചത്.
ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്‍ഡൊനീഷ്യയാണ്. ഇന്ത്യയില്‍ കേരളത്തിലും ചെന്നൈയിലും മാത്രമാണ് ഗ്രാമ്പൂ കൃഷിയുള്ളത്. ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, മഡഗാസ്‌കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.
'ഗ്രാമ്പൂ' അഥവാ 'കരയാമ്പൂ' എന്നത് ഒരു ചെടിയുടെ പൂക്കള്‍ ഉണക്കിയതാണ് എന്നത് ഏറെപ്പേര്‍ക്കും അറിയാത്ത ഒന്നാണ്. ഏതോ ചെടിയുടെ കായ ആയിരിക്കും എന്നാണ് മിക്കവരും ചിന്തിക്കുക.
നിത്യഹരിത ഗണത്തില്‍പ്പെട്ട ഗ്രാമ്പൂച്ചെടി 8 മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള വലിയ ഇലകളും കടുംനിറത്തിലെ പൂക്കളും ഇവയില്‍ കാണുന്നു. പുഷ്പ മുകുളങ്ങള്‍ക്ക് തുടക്കത്തില്‍ ഇളംനിറമാണ് കാണാറുള്ളത്, ക്രമേണ പച്ചയായി മാറുന്നു, തുടര്‍ന്ന് വിളവെടുപ്പിന് തയ്യാറാകുമ്പോള്‍ കടുംചുവപ്പിലേക്ക് മാറുന്നു. നീളമുള്ള ഒരു ബാഹ്യദളവും പടരുന്ന നാല് മുദ്രകളുമുണ്ട്. തുറക്കാത്ത നാല് ദളങ്ങള്‍ നടുക്ക് ഒരു ചെറിയ പന്തിന്റെ രൂപംകൊള്ളുന്നു... ഇതാണ് ഉണക്കിയതിന് ശേഷം സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്.
ഗ്രാമ്പൂവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ഗ്രാമ്പൂവിന്റെ ഉണങ്ങിയ മൊട്ടില്‍നിന്ന് എടുക്കുന്ന 'ഗ്രാമ്പൂത്തൈലം' വളരെ ഔഷധപ്രദമായതാണ്.
ഗ്രാമ്പൂവിന്റെ ഔഷധഗുണങ്ങള്‍
ഒരു ടീസ്പൂണ്‍ ഗ്രാമ്പൂവില്‍ വേണ്ടത്ര മാംഗനീസ്, ഫൈബര്‍, വിറ്റാമിന്‍-സി,-കെ എന്നിവ അടങ്ങിയിട്ടുണ്ട്. മാംഗനീസ് തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും എല്ലുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുകയും ചെയ്യുമ്പോള്‍, വിറ്റാമിന്‍ -സി, -കെ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ -കെ പ്രധാനമാണ്.
1. പല്ലുവേദന കുറയ്ക്കാന്‍
ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന 'യുജെനോള്‍' പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആയി പ്രവര്‍ത്തിക്കുകയും പല്ലുവേദന ശമിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പല്ലുമായി ബന്ധപ്പെട്ടുള്ള വേദന, മോണവീക്കം, അണുബാധ എന്നിവയ്ക്ക് ശാന്തിയേകാന്‍ ഗ്രാമ്പൂ നന്നായി പ്രവര്‍ത്തിക്കും.
'ഗ്രാമ്പൂത്തൈലം' പഞ്ഞിയില്‍ മുക്കി വേദനയുള്ള പല്ലിന്റെ ഭാഗത്ത്, മോണയില്‍ തട്ടാതെ വയ്ക്കുകയോ, ഗ്രാമ്പൂ കടിച്ചുപിടിക്കുകയോ ചെയ്യുന്നതുവഴി വേദനസംഹാരിയുടെ ഫലം കിട്ടും.
2. വായ്നാറ്റം അകറ്റാന്‍
ഗ്രാമ്പൂ വളരെ നല്ലൊരു പ്രകൃതിദത്തമായ മൗത്ത്ഫ്രഷ്നര്‍ കൂടിയാണ്. ഇത് വായിലിട്ട് ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.
രാസരഹിത മൗത്ത്വാഷിന്റെ പണി ചെയ്യുന്നതുകൊണ്ടാണ് ധാരാളം ജനപ്രിയ 'ടൂത്ത്പേസ്റ്റു'കള്‍ ഉണ്ടാക്കുന്നതിനായി ഗ്രാമ്പൂ എണ്ണയും ഗ്രാമ്പൂവും ഉപയോഗിക്കുന്നത്. കുറച്ച് വെള്ളത്തില്‍ അല്പം ഗ്രാമ്പൂവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്നുനേരമെങ്കിലും വായ് കഴുകുക. വായ്നാറ്റം അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഇത്.
3. സന്ധിവേദന കുറയ്ക്കാന്‍
ഗ്രാമ്പൂ സന്ധിവേദനയ്ക്ക് പറ്റിയ നല്ലൊരു മരുന്നുകൂടിയാണ്. ഇത് കഴിക്കുകയോ അരച്ചിടുകയോ ചെയ്താല്‍ സന്ധിവേദന കുറയും.
4. വിശപ്പിന്റെ അളവ് ക്രമീകരിക്കാന്‍
പോഷകാഹാര വിദഗ്ദ്ധരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വിശപ്പിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പോഷകമാണ് എന്നാണ്. ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ മാത്രം ഒരുഗ്രാം നാരുകള്‍ നല്‍കുന്നു.
5. കാന്‍സര്‍ തടയാന്‍സഹായിക്കുന്നു
ആന്റി ഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് ഗ്രാമ്പൂ. വാസ്തവത്തില്‍, അര ടീസ്പൂണ്‍ ഗ്രാമ്പൂ എടുക്കുകയാണെങ്കില്‍, അതില്‍ അരക്കപ്പ് ബ്ലൂബെറിയേക്കാള്‍ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ വീക്കത്തിനെതിരേ പോരാടുകയും കാന്‍സറില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
'പോളിഫെനോളു'കളുടെയും 'ആന്റി ഓക്‌സിഡന്റു'കളുടെയും ഏറ്റവും മികച്ച 100 സ്രോതസ്സുകളുടെ റാങ്കിങ്ങില്‍, ഏറ്റവും കൂടുതല്‍ ഇനങ്ങള്‍ ലിസ്റ്റുചെയ്തിട്ടുള്ള ഭക്ഷണഗ്രൂപ്പാണ് മസാലകള്‍. അവയില്‍ ഒന്നാംസ്ഥാനത്തുള്ള ഗ്രാമ്പൂ, ആന്റി ഓക്‌സിഡന്റ് സാന്ദ്രതയില്‍ 30 ഇരട്ടിയിലധികം ബ്ലൂബെറിയെ മറികടക്കുന്നു.
ഗ്രാമ്പൂവിനെകുറിച്ചുള്ള കൗതുകം
ആധുനിക കാലംവരെ ഗ്രാമ്പൂ വളര്‍ന്നിരുന്നത് മൊളൂക്കാസിലെ ഏതാനും ദ്വീപുകളില്‍ മാത്രമായിരുന്നു. ചരിത്രപരമായി 'സ്‌പൈസ് ദ്വീപുകള്‍' എന്ന് ഈ ദ്വീപുകള്‍ അറിയപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗ്രാമ്പൂച്ചെടി എന്നറിയപ്പെടുന്ന 'അഫോ ടെര്‍നേട്' ഈ ദ്വീപിലാണ് കാണപ്പെടുന്നത്. ഈ വൃക്ഷത്തിന് 350-നും 400-നും ഇടയില്‍ പഴക്കമുണ്ട്.
ഇത് സന്ദര്‍ശിക്കാന്‍ വരുന്ന വിനോദസഞ്ചാരികളോട് പറയുന്ന ഒരു കൗതുകകരമായ കഥയനുസരിച്ച് ഈ മരത്തില്‍ നിന്നുള്ള തൈകള്‍ 1770-ല്‍ 'പിയറി പൊയിവ്രെ' എന്ന ഫ്രഞ്ചുകാരന്‍ മോഷ്ടിച്ചതായും പിന്നീട് അത് ഐല്‍ ഡി ഫ്രാന്‍സിലേക്കും (മൗറീഷ്യസ്), സാന്‍സിബാറിലേക്കും മാറ്റിയതായും ആണ്.
ഇന്നത്തെ ഫുഡ് ആര്‍ട്ട്
ഓണം കഴിഞ്ഞെങ്കിലും പൂക്കളം ഇഷ്ടമുള്ള കുഞ്ഞൂട്ടിക്കുള്ള ഡിന്നര്‍ ഭക്ഷണക്കളം.
ഉപയോഗിച്ചിരിക്കുന്നത്: ചോറ്, പരിപ്പുകറി, ഗ്രീന്‍ പീസ്, കോണ്‍, കാരറ്റ്, ബ്രോക്കോളി, പപ്പടം, നെത്തോലി മീന്‍ വറുത്തത്.
Content Highlights: Uses Of clove