വിവിധ മേഖലകളില്‍ ജോലിചെയ്യുമ്പോള്‍ നമുക്ക് പല രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളുടെ കൂടെ ഇടപഴകാനുള്ള അവസരം ലഭിക്കാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ അറിഞ്ഞിരിക്കേണ്ട ഒന്ന്, അവര്‍ക്കു കൂടി സ്വീകാര്യമായ പാശ്ചാത്യരീതിയില്‍, ഫോര്‍ക്കും കത്തിയും ഉപയോഗിച്ച് എങ്ങനെ കഴിക്കാം എന്നതാണ്. 

കോളേജ് പഠനം കഴിഞ്ഞ് ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെ പാശ്ചാത്യ രീതിയില്‍ കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാം എന്നു പഠിപ്പിക്കാന്‍ ഇന്ന് ഇന്ത്യയിലെ വലിയ കമ്പനികളില്‍ വരെ വേണ്ട ക്ലാസുകള്‍ നടത്താറുണ്ട്. ഇതിനെ കള്‍ച്ചറല്‍ സെന്‍സിറ്റിവിറ്റി ട്രെയ്നിങ് അല്ലെങ്കില്‍ എറ്റിക്വറ്റ് ട്രെയ്നിങ് എന്നാണ് വിളിക്കാറുള്ളത്.

പാശ്ചാത്യരീതിയില്‍ ഭക്ഷണശൈലി വിവരണം
കേള്‍ക്കുമ്പോള്‍ അല്‍പം ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും ഒന്നുരണ്ട് പ്രാവശ്യം പരിശ്രമിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും ഇത് പഠിക്കാവുന്നതാണ്. കുറച്ചുകൂടി എളുപ്പത്തില്‍ മനസ്സിലാക്കാനായി, ഈ ശൈലികള്‍ തമ്മിലുള്ള വ്യത്യാസം എടുത്തു പറയുകയും വിശദമായി വിശകലനം ചെയ്യുകയുമാണ് കുറിപ്പില്‍. 

പാശ്ചാത്യരീതിയില്‍ ഭക്ഷണം കഴിക്കുന്നതിനെ രണ്ടായി തരംതിരിക്കാം: കോണ്ടിനെന്റല്‍/ യൂറോപ്യന്‍ രീതി എന്നതാണ് ഒന്ന്. മറ്റൊന്ന്, അമേരിക്കന്‍ രീതി. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നത് ഫോര്‍ക്കും കത്തിയുമാണ്. 

Spoon and Fork
Image Courtesy: Sindhu Rajan

ഫോര്‍ക്കും/ കത്തിയും എങ്ങനെ ഉപയോഗിക്കണം
അമേരിക്കന്‍ സ്‌റ്റൈല്‍: അമേരിക്കന്‍ ശൈലിയിലെ (zigzag / switchback method എന്നും വിളിക്കാറുണ്ട്) ഒരു പ്രത്യേകത ഫോര്‍ക്കും കത്തിയും രണ്ടു കൈകളിലും മാറിക്കൊണ്ടിരിക്കും. വലതു കൈകൊണ്ട് ആദ്യം കത്തി ഉപയോഗിച്ച് ഭക്ഷണം മുറിക്കണം. 

അതിനു ശേഷം ഫോര്‍ക്ക് വലതു കൈയില്‍ കൊണ്ടു വരികയും മുറിച്ചു വച്ച ഭക്ഷണം കഴിക്കുകയും ചെയ്യും. അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ സില്‍വെര്‍ വെയര്‍ മാറ്റുന്നതിനാലാണ് ഈ ശൈലിയെ 'സിഗ്-സാഗ് മെത്തേഡ്' എന്നു വിളിക്കുന്നത്. 

കോണ്ടിനെന്റല്‍ സ്‌റ്റൈല്‍:  ഈ ശൈലിയില്‍, ഫോര്‍ക്ക് എല്ലായ്‌പോഴും ഇടതുകൈയിലാണ് ഉണ്ടാകുക (മുന പ്ലേറ്റിലോട്ടു വരുന്ന വിധത്തില്‍). ഇങ്ങനെ പിടിക്കുമ്പോള്‍ നിങ്ങളുടെ ഇടതു കൈയിലെ ചൂണ്ടുവിരല്‍ ഫോര്‍ക്കിന്റെ പിറകില്‍ വയ്ക്കുകയും വേണം. 

കത്തി വലതുകൈയിലാണ് പിടിക്കേണ്ടത് (മൂര്‍ച്ചയുള്ള വശം മുറിക്കാനുള്ള ഭക്ഷണത്തിന്റെ മുകളില്‍ വരത്തക്ക വിധത്തില്‍). ഭക്ഷണം മുറിച്ചതിനുശേഷം ഫോര്‍ക്കുകൊണ്ട് കുത്തിയെടുത്ത് വലതു കൈ ഫോര്‍ക്കോടു കൂടി വായുടെ അടുത്തേക്ക് കൊണ്ടുവരിക. 

American Style Spoon and Fork
Image Courtesy: Sindhu Rajan

ഇനി കത്തിയും ഫോര്‍ക്കും ഉപയോഗിക്കേണ്ടതിന് ചില്ലറ നിര്‍ദേശങ്ങള്‍ 
കൈകളുടെ സ്ഥാനം
അമേരിക്കന്‍ സ്‌റ്റൈല്‍: ഈ ശൈലിയില്‍ കൈകള്‍ തീന്‍മേശയില്‍ തൊടാതെ സില്‍വര്‍വെയര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കൈകള്‍ ഉപയോഗിക്കാത്തപ്പോള്‍, മടിയില്‍ വയ്ക്കുകയാണ് വേണ്ടത്.
കോണ്ടിനെന്റല്‍ സ്‌റ്റൈല്‍: ഈ ശൈലിയില്‍ കണങ്കൈ എല്ലായ്‌പോഴും തീന്‍മേശയുടെ വക്കിനു മുകളിലായോ മേശയിലോ ആണ് വയ്‌ക്കേണ്ടത്.

ഫോര്‍ക്കിന്റെയും കത്തിയുടെയും സ്ഥാനം
ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുറച്ചു സമയം ഇടവേള എടുക്കുകയാണെങ്കില്‍ അതിനെ 'റെസ്റ്റിങ്'എന്നാണ് പറയുന്നത്. കഴിച്ചു കഴിഞ്ഞെങ്കില്‍ 'ഫിനിഷ്ഡ്' എന്നും പറയും. ഈ അവസരങ്ങളില്‍ സില്‍വര്‍വെയര്‍ വയ്ക്കുന്നതിന് അതിന്റേതായ ഒരു ചിട്ടയുണ്ട്. 

ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണം ഫോര്‍ക്ക് മാത്രം ഉപയോഗിച്ചാണ് കഴിക്കുക (നൂഡില്‍സ് പോലുള്ള വിഭവങ്ങള്‍). ഈ അവസരത്തില്‍ റെസ്റ്റിങ് ആന്‍ഡ് ഫിനിഷ്ഡ് സൂചിപ്പിക്കുന്നതിനായിട്ട് ഫോര്‍ക്ക് മാത്രം ഉപയോഗിക്കും. 

പക്ഷേ, ചിട്ട ഒന്നു തന്നെ. ഇങ്ങനെ കൃത്യമായി സില്‍വര്‍ വെയര്‍ വയ്ക്കുകയാണെങ്കില്‍ സത്കാരങ്ങള്‍ നടത്തുന്ന ഭക്ഷണശാലയിലെ സ്റ്റാഫുകള്‍ക്ക് പ്ലേറ്റ് നീക്കം ചെയ്യണോ വേണ്ടയോ എന്നതിന്റെ സൂചന ലഭിക്കും. 

Continental Style Spoon and Fork
Image Courtesy: Sindhu Rajan

അമേരിക്കന്‍ സ്‌റ്റൈല്‍
റെസ്റ്റിങ്: നിങ്ങളുടെ പ്ലേറ്റിന്റെ മുകളിലേക്ക് വലതുഭാഗത്ത് (കോണോടു കോണ്‍) നിങ്ങളുടെ കത്തി വയ്ക്കുക. ഫോര്‍ക്ക് പ്ലേറ്റിന്റെ നടുവില്‍ (കോണോടു കോണ്‍) വയ്ക്കുക.

ഫിനിഷ്ഡ്:

 • കത്തിയും ഫോര്‍ക്കും പ്ലേറ്റിന്റെ വലതുഭാഗത്ത് (പ്ലേറ്റിനുള്ളില്‍ കൈപ്പിടിഭാഗവും മുനഭാഗവും ഒതുങ്ങുന്ന വിധത്തില്‍) വയ്ക്കുക.
 • കത്തിയുടെയും ഫോര്‍ക്കിന്റെയും മുനഭാഗം ക്ലോക്കിലെ 12 മണിക്ക് സമാന്തരമായി വയ്ക്കണം.
 • കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗം പ്ലേറ്റിന്റെ അകത്തേക്ക് വരത്തക്ക വിധത്തില്‍ വയ്ക്കുക.
 • ഫോര്‍ക്കിന്റെ മുനഭാഗം മുകളിലേക്ക് വരുന്ന വിധത്തില്‍ വയ്ക്കുന്നതായിരിക്കും ഉത്തമം. 

കോണ്ടിനെന്റല്‍ സ്‌റ്റൈല്‍​
ഭക്ഷണത്തിനിടയില്‍ ഒരിടവേള എടുക്കുമ്പോള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന തരത്തില്‍ റെസ്റ്റിങ് പാറ്റേണിലും കഴിച്ചു കഴിയുമ്പോള്‍ ഫിനിഷ്ഡ് പാറ്റേണിലും നിങ്ങളുടെ ഫോര്‍ക്കും സ്പൂണും വയ്ക്കുക.

റെസ്റ്റിങ്: വിപരീതമായ വി (ചെറുതായി കോണില്‍) - പരസ്പരം അഭിമുഖീകരിക്കുന്ന വിധത്തില്‍ ഫോര്‍ക്കും കത്തിയും പ്ലേറ്റിന്റെ നടുവില്‍ വയ്ക്കുക. 

ഫിനിഷ്ഡ്:

 • കത്തിയും ഫോര്‍ക്കും ഒരു ക്ലോക്കിലെ നാലു മണിക്ക് സമാന്തരമായി പ്ലേറ്റിന്റെ വലതുഭാഗത്തു കൈപ്പിടിഭാഗം വരുന്ന വിധത്തില്‍ വയ്ക്കുക.
 • കത്തിയുടെയും ഫോര്‍ക്കിന്റെയും മുനഭാഗം ക്ലോക്കിലെ 10 മണിക്ക് സമാന്തരമായി പ്ലേറ്റിന്റെ ഇടതുഭാഗത്തായിരിക്കണം.
 • കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗം പ്ലേറ്റിന്റെ അകത്തേക്കുള്ള വിധത്തില്‍ വയ്ക്കുക.
 • ഫോര്‍ക്കിന്റെ മുനഭാഗം മുകളിലേക്കു വരുന്ന വിധത്തില്‍ വയ്ക്കുന്നതായിരിക്കും ഉത്തമം. 

ഇങ്ങനെ ചിട്ടയോടെ വയ്ക്കുന്നതിലൂടെ വിളമ്പുന്ന വ്യക്തിക്ക് ഭക്ഷണം കഴിഞ്ഞു എന്ന സൂചന നല്‍കാം. അവര്‍ പാത്രങ്ങള്‍ എടുത്തു മാറ്റുമ്പോള്‍ ഇവ തറയില്‍ വീഴാനുള്ള സാധ്യതയും കുറയ്ക്കുന്നു.

സമാനതകള്‍:
ഉപയോഗിക്കുന്ന വിധം കൊണ്ട് ഈ ശൈലി വ്യത്യസ്തമാണെങ്കിലും ഇവയിലെ മര്യാദകള്‍ സമാനമാണ്. 

 • രണ്ടു ശൈലിയിലും ഒരു സമയത്ത് ഒരു കടിക്കുള്ള ഭക്ഷണമാണ് മുറിക്കേണ്ടത്.
 • ഫോര്‍ക്കിന്റെ വശംകൊണ്ട് ഒന്നും മുറിക്കരുത്.
 • കത്തി ഉപയോഗിച്ച് ഭക്ഷണം ഫോര്‍ക്കിന്റെ അടുത്ത് കൊണ്ടുവരിക. കൈകള്‍ അതിനായി ഉപയോഗിക്കരുത്.
 • കൈമുട്ടുകള്‍ മേശയില്‍ വയ്ക്കാതെ, നടുവ് നിവര്‍ന്നിരിക്കുക. 

ഫുഡ് ആര്‍ട്ട്
നവരാത്രി പ്രമാണിച്ച് ഉണ്ടാക്കിയ ഒരു ഫുഡ് ആര്‍ട്ട് ആണ് ഇത്തവണത്തെ സ്‌പെഷ്യല്‍. ഇതിനായി ഉപയോഗിച്ചിരിക്കുന്നത്: പച്ച കാപ്‌സിക്കം, ചുവന്ന കാപ്‌സിക്കം, സ്‌ട്രോബെറി, ഗ്രീന്‍പീസ്, ആപ്പിള്‍, ഡ്രൈഡ് ഗ്രേപ്‌സ്, ബ്ലൂബെറി, ചീസ്, കാരറ്റ്. 

Food Art
Image Courtesy: Sindhu Rajan

ലേഖിക: അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. ഫുഡ് ആര്‍ട്ട് രംഗത്ത് വിദഗ്ദ്ധ.