സൂപ്പ് എന്നത് ദ്രാവകഭക്ഷണമാണ്... സാധാരണയായി ചൂടോടെ വിളമ്പുന്ന ഒന്ന് (തണുത്ത സൂപ്പ് വിഭവങ്ങളും ഉണ്ട്). ഇറച്ചി അല്ലെങ്കില്‍ പച്ചക്കറികളുടെ ചേരുവകള്‍ (സ്റ്റോക്ക്) വെള്ളവുമായി സംയോജിപ്പിച്ചാണ് സൂപ്പ് ഉണ്ടാക്കുന്നത്.
ചൂടുള്ള ഇറച്ചിസൂപ്പിന്റെ മറ്റൊരു സവിശേഷത അവയുടെ മാംസരസം ആണ്. സുഗന്ധങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതുവരെ ഒരു പാത്രത്തില്‍ ദ്രാവകങ്ങളില്‍ ഖരഘടകങ്ങള്‍ (ഇറച്ചിയും എല്ലും) തിളപ്പിച്ച് എടുക്കുകയാണ് ചെയ്യുക.
പച്ചക്കറി സൂപ്പുകളില്‍ പച്ചക്കറികള്‍ എല്ലാം അരിഞ്ഞുചേര്‍ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച്, പച്ചക്കറിയുടെ രസച്ചാറ് വെള്ളവുമായി ചേര്‍ത്ത് രുചികരമായ സൂപ്പ് ഉണ്ടാക്കുന്നു.
പരമ്പരാഗത ഫ്രഞ്ച് ഭക്ഷണവിഭവങ്ങളില്‍ സൂപ്പുകളെ രണ്ട് പ്രധാന താരങ്ങളായി തിരിച്ചിരിക്കുന്നു: തെളിഞ്ഞ സൂപ്പുകളും (ക്ലിയര്‍ സൂപ്പ്), കട്ടിയുള്ള സൂപ്പുകളും (തിക്ക് സൂപ്പ്).
സൂപ്പുകളുടെ ചരിത്രം
സൂപ്പ് ഉണ്ടെന്നതിന്റെ തെളിവുകള്‍ക്ക് ബി.സി. 20,000-ത്തോളം പഴക്കമുണ്ട്. വാട്ടര്‍പ്രൂഫ് പാത്രങ്ങള്‍ കണ്ടുപിടിക്കുന്നതുവരെ തിളപ്പിക്കല്‍ സാധാരണ പാചകപ്രക്രിയ ആയിരുന്നില്ല (അത് കളിമണ്‍ പാത്രങ്ങളുടെ രൂപത്തില്‍ വന്നതാകാം). ആ കാലഘട്ടങ്ങളില്‍ മൃഗങ്ങളുടെ തൊലി ഇതിന് ഉപയോഗിച്ചിരുന്നിരിക്കണം. ഇതൊക്കെ കാരണമാകാം. ഭക്ഷണചരിത്രകാരന്മാര്‍ പറയുന്നത് സൂപ്പിന്റെ ചരിത്രം പാചകത്തിന്റെ ചരിത്രംപോലെതന്നെ പഴക്കമുള്ളതാണെന്നാണ്.
ഒരു വലിയ കലത്തില്‍ വിവിധ ചേരുവകള്‍ സംയോജിപ്പിച്ച്, പോഷകഗുണമുള്ള, എളുപ്പത്തില്‍ വയര്‍നിറയ്ക്കുന്ന, എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം ഉണ്ടാക്കാന്‍/വിളമ്പാന്‍ എളുപ്പമാണ്. ഈ ഒരു സവിശേഷത കാരണം സൂപ്പിന് വിവിധ സംസ്‌കാരങ്ങളിലും സമ്പന്നരിലും ദരിദ്രരുടെ ഇടയിലും ഒരുപോലെ സ്ഥാനമുണ്ടായി.
പ്രാദേശിക ചേരുവകളും അഭിരുചികളും അനുസരിച്ച് സൂപ്പിന്റെ പാചകരീതിയും വികസിച്ചു. ആധുനിക റെസ്റ്റോറന്റ് വ്യവസായം സൂപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. 'റെസ്റ്റോറന്റ്' എന്ന വാക്ക് (എന്തെങ്കിലും പുനഃസ്ഥാപിക്കാന്‍ എന്നര്‍ത്ഥം) ആദ്യമായി ഉപയോഗിച്ചത് ഫ്രാന്‍സില്‍ 16-ാം നൂറ്റാണ്ടിലാണ്. തെരുവുകച്ചവടക്കാര്‍ വില്‍ക്കുന്ന, ഉയര്‍ന്ന സാന്ദ്രതയും കുറഞ്ഞ വിലയില്‍ ലഭ്യമായതുമായ 'സൂപ്പ്' എന്നതിനെ സൂചിപ്പിക്കാനായിരുന്നു ഇത്. ശാരീരിക ക്ഷീണത്തിനുള്ള മറുമരുന്നായി അത് പരസ്യം ചെയ്യപ്പെട്ടു.
1765-ല്‍ ഒരു പാരീസുകാരന്‍ സംരംഭകന്‍ അത്തരം സൂപ്പുകള്‍ക്ക് പ്രത്യേകമായി ഒരു കട തുറന്നു... ഇത് ഭക്ഷണശാലകള്‍ക്ക് ആധുനിക പദമായ 'റെസ്റ്റോറന്റ്' എന്ന് പേരുവരാന്‍ കാരണമായി. ക്ലാസിക് ഫ്രഞ്ച് പാചകരീതിയാണ് ഇന്ന് നമുക്ക് അറിയാവുന്ന പല സൂപ്പുകളും സൃഷ്ടിച്ചത്.
സൂപ്പിന്റെ ആരോഗ്യഗുണങ്ങള്‍
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് മാത്രമേ കഴിക്കുകയുള്ളൂ എന്ന് വാശിപിടിക്കുന്ന കുട്ടികള്‍ക്ക്, വേണ്ടുന്ന പോഷകങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ പറ്റിയതാണ് സൂപ്പ്. പച്ചക്കറി ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള എളുപ്പമാര്‍ഗവുമാണത്. ആരോഗ്യമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഏഴ് ആഴ്ച കാലയളവില്‍, ആഴ്ചയില്‍ രണ്ടുതവണ ചീര അടങ്ങിയ പച്ചക്കറി സൂപ്പ് നല്‍കുമ്പോള്‍, സൂപ്പ് എക്‌സ്‌പോഷറിന് വിധേയരാകാത്തവരേക്കാള്‍ സ്വീകാര്യതയില്‍ പ്രകടമായ വ്യത്യാസമുണ്ടെന്ന് അടുത്തിടെ നടന്ന ഡച്ച് പഠനം തെളിയിച്ചു.
ഭക്ഷണം ചൂടാകുമ്പോള്‍ അസംസ്‌കൃതമായി കഴിക്കുന്നതിനേക്കാള്‍ നന്നായി ചില പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടും. വേവിച്ച കാരറ്റ്, അസംസ്‌കൃതമായി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഗിരണം ചെയ്യാവുന്ന ബീറ്റാ കരോട്ടിന്‍ -ഓറഞ്ച് പിഗ്മെന്റ്, അല്ലെങ്കില്‍ 'കരോട്ടിനോയ്ഡ്' നല്‍കുന്നു. തക്കാളിയുടെ നിറത്തിന് കാരണമായ ചുവന്ന പിഗ്മെന്റായ 'ലൈക്കോപീനി'ന്റെ കാര്യവും ഇതുതന്നെ.
ഇതുകൂടാതെ, പച്ചക്കറികള്‍ പാചകം ചെയ്യുകയും പാചകവെള്ളം കഴിക്കുകയും ചെയ്യുമ്പോള്‍, വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളെ പുറന്തള്ളുന്നില്ല. തത്ഫലമായി, ചീര അല്ലെങ്കില്‍ 'സ്വിസ് ചാര്‍ഡ്' വെള്ളത്തില്‍ ആവിയിലാക്കുന്നതിനേക്കാള്‍ സൂപ്പില്‍ പാചകം ചെയ്യുമ്പോള്‍ 'ബി വിറ്റാമിന്‍' ഫോളേറ്റിന്റെ അളവ് വര്‍ധിപ്പിക്കുന്നു.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ അനുസരിച്ച് മുതിര്‍ന്നവര്‍ ദിവസവും എട്ടോ അതിലധികമോ സെര്‍വിങ് പഴങ്ങളും പച്ചക്കറികളും കഴിക്കണം. അതായത്, ഏകദേശം നാലര കപ്പ്. ഇത്രയും അളവില്‍ പച്ചക്കറികള്‍ ശരീരത്തില്‍ എത്തിക്കാന്‍ എളുപ്പവിദ്യ സൂപ്പ് തന്നെയാണ്. സമയം ലാഭം, പോഷകം ധാരാളം, രുചി അധികം എന്നതാണ് ഇതിലെ ഗുണം.
ബീന്‍സ്, മത്സ്യം പോലുള്ളവ കൊണ്ടുള്ള സൂപ്പുകള്‍ പ്രോട്ടീന്‍ നല്‍കുന്നു. കൂടാതെ, ബീന്‍സ് നാരുകളും നല്‍കുന്നു. പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പറയുന്നതനുസരിച്ച് ലൈക്കോപീന്‍ എന്ന ആന്റി ഓക്‌സിഡന്റിന്റെ സ്രോതസ്സാണ് തക്കാളി. തക്കാളി, സൂപ്പില്‍ ഉള്‍പ്പെടുത്തുന്നതുവഴി, കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുന്നു. സൂപ്പിലെ പച്ചക്കറികളില്‍ 'എ', 'സി' പോലുള്ള ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ക്രീം സൂപ്പുകള്‍ കാത്സ്യം, വിറ്റാമിന്‍-ഡി എന്നിവ വിതരണം ചെയ്യുന്നു.
ഇന്നത്തെ ഫുഡ് ആര്‍ട്ട്
മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍.
ഉപയോഗിച്ചിരിക്കുന്നത്: ബ്രഡ്, ജാം, ഓംലെറ്റ്, ബ്ലൂബെറി, സ്‌ട്രോബെറി, ടൊമാറ്റോ കെച്ചപ്പ്.
Content Highlights: Soup and its history