നാളെ എന്ത് ലഞ്ച്‌ബോക്‌സില്‍ കൊടുത്തുവിടണം എന്നത് ഏതൊരമ്മയെയും കുഴപ്പിക്കുന്ന വിഷയമാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടല്ല, എന്ത് കൊടുത്തുവിട്ടാല്‍ കുട്ടിപ്പട്ടാളം മുഴുവന്‍ കഴിക്കും എന്നതാണ് അമ്മമാരുടെ ഈ ആലോചനയുടെ പിറകിലെ യഥാര്‍ഥ വേവലാതി. പരസ്യങ്ങളുടെ അതിപ്രസരവും ഫാസ്റ്റ് ഫുഡിന്റെ ലഭ്യതയും പണ്ടത്തെപ്പോലെ, ചോറും കറിയും അച്ചാറും കൂട്ടിയുള്ള ലളിതമായ ഭക്ഷണരീതി തന്നെ മാറ്റിയിരിക്കുന്നു. മിക്ക കുടുംബങ്ങളിലും ഭാര്യയും ഭര്‍ത്താവും ജോലിക്കുപോകുകയും സഹായിക്കാന്‍ മറ്റാരും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

വളരെ ബുദ്ധിമുട്ടിയാണെങ്കില്‍ക്കൂടി നല്ല പോഷകസമൃദ്ധമായ ഭക്ഷണം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി നമ്മള്‍ ചോറ്റുപാത്രത്തിലാക്കി കൊടുത്തു വിടുന്നു. എന്നാല്‍ കുട്ടികള്‍ അതു കഴിക്കാതെ തിരികെ കൊണ്ടുവരുന്നു. ഇത് ഒട്ടുമിക്ക വീടുകളിലും കാണുന്ന സ്ഥിരം കാഴ്ചയാണ്. 

ആരോഗ്യകരമായതും അതേസമയം കുട്ടികളെ ആകര്‍ഷിക്കുന്നതുമായ മധ്യാഹ്നഭക്ഷണം ഒരുക്കുക എന്നത് ദൈനംദിന വെല്ലുവിളി തന്നെയാണ്. രുചിയും ഗുണവും എല്ലാം ഒത്തുചേര്‍ന്ന് കുട്ടികള്‍ക്കിഷ്ടപ്പെടുന്ന വിധത്തിലെങ്ങനെയാണ് എളുപ്പത്തില്‍ ലഞ്ച്ബോക്‌സ് ഒരുക്കുന്നത്? എന്തെല്ലാമാണ് ലഞ്ച്‌ബോക്‌സില്‍ ഉള്‍പ്പെടുത്തേണ്ടവ? എങ്ങനെയാണ് കുട്ടികളെ നിത്യവും ലഞ്ച് ടൈം എന്നത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നായി മാറ്റാവുന്നത്? 

ആശയവിനിമയം

കുട്ടികളോടും സ്‌കൂളിലെ അധ്യാപകരോടും (പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ കാര്യത്തില്‍) സംസാരിക്കുകയും താഴെ പറയുന്ന കാര്യങ്ങളെ ക്കുറിച്ച് മനസ്സിലാക്കുകയും വേണം. 
-ഉച്ചഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് എത്ര സമയം കിട്ടുന്നു? -ഉച്ചഭക്ഷണം അല്ലാതെ സ്‌കൂളുകളില്‍ സ്‌നാക്സ് കൊടുക്കാറുണ്ടോ?

-കൊണ്ടുപോകുന്ന ഭക്ഷണം കഴിക്കാവുന്നതിലധികം ആണോ? -കൊണ്ടുപോകുന്ന ഭക്ഷണം കുറവാകാറുണ്ടോ? -കൊണ്ടുപോകുന്ന ഭക്ഷണത്തില്‍ എന്താണ് കൂടുതല്‍ ഇഷ്ടമുള്ളത്? -കൊണ്ടുപോകുന്ന ഭക്ഷണത്തില്‍ എന്താണ് തീരെ ഇഷ്ടമില്ലാത്തത്, എന്തുകൊണ്ടാണ് ഇഷ്ടമില്ലാത്തത്? ഇങ്ങനെ ആശയവിനിമയം നടത്തുന്നതുവഴി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനാകും. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് അവര്‍ക്ക് എത്രത്തോളം കഴിക്കാന്‍ പറ്റുമെന്നും മനസ്സിലാക്കുകയും ചെയ്യാം.

പുതുമ നിലനിര്‍ത്തുക

എന്നും ഒരേ ഭക്ഷണം കൊടുത്തുവിടുകയാണെങ്കില്‍ എളുപ്പത്തില്‍ കുട്ടികള്‍ക്ക് അത് മടുക്കും. ഓരോ ദിവസവും ആരോഗ്യകരവും എന്നാല്‍ വ്യത്യസ്തവുമായ, കുട്ടികളുടെ ഇഷ്ടംകൂടി കണക്കിലെടുത്തുകൊണ്ടുള്ള ഭക്ഷണം നല്‍കുകയാണെങ്കില്‍ അവര്‍ അത് കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ലളിതവും കഴിക്കാന്‍ എളുപ്പമുള്ളതുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കുട്ടികള്‍ കഴിക്കാനുള്ള സാധ്യത കൂട്ടുന്നു. 

ലഞ്ച്‌ബോക്‌സില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍, അളവുകള്‍ 

കുട്ടികളുടെ ഭക്ഷണത്തില്‍ എന്താണ് ഉള്‍പ്പെടുത്തേണ്ടതെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം അനുസരിച്ചാണ്. സാധാരണഗതിയില്‍ ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത് ചുവടെ കൊടുത്തിട്ടുള്ളവ ഉള്‍പ്പെടുത്താനാണ്:

-അന്നജം -ചോറ്, ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവ.
-പ്രോട്ടീന്‍ -മീന്‍, മുട്ട, ഇറച്ചി, ബീന്‍സ് വര്‍ഗങ്ങള്‍ എന്നിവ.
-പച്ചക്കറികള്‍, ഇലക്കറികള്‍.
-പഴങ്ങള്‍.
-പാല്‍, ചീസ്, യോഗര്‍ട്ട് എന്നിവ കുട്ടികളുടെ പ്രായം അനുസരിച്ച്.

കുട്ടികള്‍ക്ക് ഒരുനേരം ലഭിക്കേണ്ട കലോറിയെ കുറിച്ചുള്ള അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നിര്‍ദേശം.

  1. പ്രായം 2-3: 350 കലോറി
  2. പ്രായം 4-8: 400-450 കലോറി
  3. പ്രായം 9-13: 550-600 കലോറി
  4. പ്രായം 14-18: 600-750 കലോറി

നിങ്ങളുടെ കുട്ടി സാമാന്യം വലിയ ബ്രേക്ക്ഫാസ്റ്റ്, അല്ലെങ്കില്‍ ഇടയ്ക്ക് ഭക്ഷണം കഴിക്കാറുണ്ടെങ്കില്‍ അതനുസരിച്ച് ഉച്ചഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം. പോഷകഗുണമുള്ളതും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീന്‍ സമ്പന്നവുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കാം. കുട്ടികള്‍ സ്ഥിരമായി ഭക്ഷണം പകുതി കഴിച്ചുകൊണ്ട് വരികയാണെങ്കില്‍ കൊടുത്തുവിടുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുക.

ഭക്ഷണം എങ്ങനെ പാക്ക് ചെയ്യണം? 

സ്റ്റീല്‍ ചോറ്റുപാത്രങ്ങള്‍ ചൂടുഭക്ഷണം കൊടുത്തു വിടാന്‍ നല്ലതാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പാത്രങ്ങളില്‍ ഭക്ഷണം കൊടുത്തയയ്ക്കുക. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകൊണ്ട് നിര്‍മിച്ച പാത്രം ഉപയോഗിക്കാമെന്നു പറയുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം വിളമ്പിവയ്ക്കരുത്. എന്നാല്‍, തീരെ ചെറിയ കുട്ടികള്‍ക്ക് സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് തുറക്കാന്‍ പ്രയാസമായിരിക്കും. അവര്‍ക്കു തുറക്കാന്‍ എളുപ്പമുള്ള പാത്രത്തില്‍ കൊടുത്തു വിടുക (എന്നാല്‍ അത് പ്ലാസ്റ്റിക് ആണെങ്കില്‍ ചൂടോടുകൂടി ഒരിക്കലും വിളമ്പാതിരിക്കുക). ബെന്റോ ബോക്‌സ് (പല വലിപ്പത്തിലുള്ള അറകളുള്ള പാത്രം) പോലെയുള്ളത് ചെറിയ കുട്ടികള്‍ക്ക് കഴിക്കാന്‍ എളുപ്പമായിരിക്കും.  

ലഞ്ച്‌ബോക്‌സ് ഒരുക്കാനുള്ള ചില നുറുങ്ങുകള്‍
 

ചോറുതന്നെ വിവിധ കുപ്പായം അണിയിച്ച് കൊടുത്തു വിടാവുന്നതാണ്. വിവിധതരം ചോറ് വിഭവങ്ങള്‍:

-ടൊമാറ്റോ റൈസ് (തക്കാളിയും ഉപ്പും ചോറും ചേര്‍ത്തുണ്ടാക്കുന്നത്).
-കാരറ്റ് റൈസ് (കാരറ്റ് വേവിച്ചതിനു ശേഷം മിക്‌സിയില്‍ അടിച്ച്, ഉപ്പുചേര്‍ത്ത് ചോറിനോടൊപ്പം ചേര്‍ക്കുക).
-ബീറ്റ്‌റൂട്ട് റൈസ് (ബീറ്റ്‌റൂട്ട് വേവിച്ചതിനു ശേഷം മിക്‌സിയില്‍ അടിച്ച്, ഉപ്പുചേര്‍ത്ത് ചോറിനോടൊപ്പം ചേര്‍ക്കുക).
-പാലക് റൈസ് (പാലക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയോടൊപ്പം വേവിച്ചതിനു ശേഷം, ഉപ്പു ചേര്‍ത്ത് ചോറിനോടൊപ്പം ചേര്‍ക്കുക).
-ദാല്‍ റൈസ് (തുവരപ്പരിപ്പ് നന്നായി വേവിച്ചതിനു ശേഷം, തരിയില്ലാതെ കുഴച്ച് ഉപ്പുംകൂട്ടി ചോറിനോടൊപ്പം ചേര്‍ക്കുക).
-മിക്‌സഡ് വെജ്. ഫ്രൈഡ്‌റൈസ് (ചോറ്്, ബീന്‍സ്, കാരറ്റ്, കോണ്‍ എന്നിവ ചേര്‍ത്ത്, നെയ്യില്‍ വാട്ടിയെടുക്കുക).
-ചിക്കന്‍ ആന്‍ഡ് വെജ്. ഫ്രൈഡ് റൈസ് (ചോറ്, ബീന്‍സ്, കാരറ്റ്, കോണ്‍, ചിക്കന്‍ എന്നിവ ചേര്‍ത്ത്, നെയ്യില്‍ വാട്ടിയെടുക്കുക).
-എഗ്ഗ് ഫ്രൈഡ് റൈസ് (ചോറ്, മുട്ട എന്നിവ ചേര്‍ത്ത്, നെയ്യില്‍ വാട്ടിയെടുക്കുക).
-കര്‍ഡ് റൈസ് (ചോറും തൈരും ചേര്‍ത്തുണ്ടാക്കുന്നത്).
-ലെമണ്‍ റൈസ് (നാരങ്ങാ നീരും മഞ്ഞള്‍പ്പൊടിയും ഉപ്പും ചോറില്‍ ചേര്‍ത്ത് ഉണ്ടാക്കുന്നത്).
അപ്പം, ദോശ, ഇഡ്ഡലി, പുട്ട് എന്നിവ ഉണ്ടാക്കുമ്പോള്‍ കാരറ്റ് വേവിച്ച് മിക്‌സിയിലടിച്ച മിശ്രിതമോ, ബീറ്റ്‌റൂട്ട് വേവിച്ച് മിക്‌സിയില്‍ അടിച്ച മിശ്രിതമോ, പാലക് വേവിച്ച് മിക്‌സിയില്‍ അടിച്ച മിശ്രിതമോ ചേര്‍ക്കുക - നൈസര്‍ഗിക നിറവുമായി, വൈവിധ്യവുമായി. 

ചപ്പാത്തിയുടെ ഉള്ളില്‍ ഓംലെറ്റ് വച്ചതിനുശേഷം, നേരിയ അളവില്‍ ടൊമാറ്റോ സോസ് ചേര്‍ത്ത് അതിനെ ചുരുട്ടുക. എന്നിട്ടത് ചെറിയ കഷണങ്ങളായി മുറിക്കുക. കഴിക്കാനും ഉണ്ടാക്കാനും എളുപ്പമാണ്. ചോറോ, പുട്ടോ ആകട്ടെ ആകര്‍ഷകമായ ആകൃതിയില്‍ ഒരുക്കുകയാണെങ്കില്‍, തീര്‍ച്ചയായും ചെറിയകുട്ടികള്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. 

നട്‌സ് അലര്‍ജി അല്ലെങ്കില്‍ തീര്‍ച്ചയായും ലഞ്ച് ബോക്‌സില്‍ നട്‌സ് (അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ, പിസ്ത, ബദാം) ഉള്‍പ്പെടുത്തുക.
ഏതെങ്കിലും ഒരു പഴം (സീസണ്‍ അനുസരിച്ച് ലഭിക്കുന്നത്) കൂടെ ഉള്‍പ്പെടുത്തുക.

ലഞ്ച്‌ബോക്‌സ് ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് 

nazബ്രഡ്, ഓംലെറ്റ്, ഗ്രില്‍ഡ് ചിക്കന്‍, ബ്രോക്കോളി, ആപ്പിള്‍, സ്‌ട്രോബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി, സ്വീറ്റ് പൊട്ടറ്റോ, കാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ്, ഗ്രീന്‍ ബീന്‍സ്, പയര്‍, പുട്ട്, പഴം, പൂരി, ഓറഞ്ച്, കിഡ്‌നി ബീന്‍സ്, ഗ്രേപ്‌സ്, പൊറാട്ട, ചപ്പാത്തി  എന്നിവയാണ്

 writer is...അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്നു. ഫുഡ് ആർട്ട് രംഗത്ത്  വിദഗ്ദ്ധ 

  Content Highlight: lunch box tips for parents