
അരി
ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറ് വേവിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാ നീര് അല്ലെങ്കില്‍ നെയ്യ് അല്ലെങ്കില്‍ ഒരു തുള്ളി പാചക എണ്ണ ചേര്‍ക്കുക. അരി അധികം വെന്തുപോയാല്‍ ചൂടു ചോറില്‍ കുറച്ച് നല്ല പച്ച വെള്ളമൊഴിച്ച് വാര്‍ക്കുക.
വെള്ളം വാര്‍ന്നുപോയ ശേഷം കുറച്ചു പരന്ന പാത്രത്തില്‍ നിരത്തിയിടുക. ആറി വരുമ്പോള്‍ ചോറ് കുഴഞ്ഞിരിക്കില്ല. അരി സൂക്ഷിച്ചു വയ്ക്കുന്ന പാത്രത്തില്‍ ആര്യവേപ്പിന്റെ 3 - 4 തണ്ട് ഇലയോടു കൂടി വയ്ക്കുകയാണെങ്കില്‍, അതില്‍ ചെറിയ കറുത്ത നിറത്തിലുള്ള കീടാണുക്കള്‍ വരുന്നത് തടയാനാകും.

ഉപ്പ്
കറിയില്‍ ഉപ്പു കൂടിയാല്‍ ഒരു കരിക്കട്ട കഴുകി വൃത്തിയാക്കി അതിലിടുക. ഇത് ഉപ്പു മുഴുവന്‍ വലിച്ചെടുക്കും.
കറിയിലെ ഉപ്പു കുറയ്ക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍: അതിലേക്ക് ഏതാനും ഉരുളക്കിഴങ്ങു കഷണങ്ങളോ ചോറ് കിഴികെട്ടിയതോ ചപ്പാത്തിക്ക് ഉപയോഗിക്കുന്ന ഗോതമ്പു മാവ് രണ്ടോ മൂന്നോ ചെറിയ ഉരുളകളാക്കിയതോ കറിയില്‍ ചേര്‍ത്തതിന് ശേഷം കറി തിളപ്പിക്കുക. വിളമ്പുന്നതിനു മുന്‍പ് ഈ കഷണങ്ങള്‍ മാറ്റുക.

മീന്‍
ഉണക്കമീന്‍ കഴുകുന്ന വെള്ളത്തില്‍ കുറച്ചു പേപ്പര്‍ ഇടുകയാണെങ്കില്‍ അധികം ഉള്ള ഉപ്പ് പേപ്പര്‍ വലിച്ചെടുക്കും. മസാല പുരട്ടിയ മീനിന്റെ മുകളില്‍ മുട്ട പതച്ചത് നേര്‍മ്മയായി പുരട്ടി വറുക്കുകയാണെങ്കില്‍ മീന്‍ പൊടിഞ്ഞു പോകുകയില്ല.
നാരങ്ങയുടെ തൊലികൊണ്ടു തുടച്ചാല്‍ മീന്‍ മുറിച്ച കത്തികളിലും വിരലുകളിലും നിന്ന് മീനിന്റെ മണം മാറിക്കിട്ടും. മീന്‍ മുറിച്ചതിനു ശേഷം കൈയിലെ ദുര്‍ഗന്ധം പോകാന്‍ മറ്റൊരു മാര്‍ഗം കൂടിയുണ്ട്, കുറച്ചു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകിയാല്‍ മതിയാകും.
മീന്‍ വറുക്കുമ്പോള്‍ എണ്ണ പതഞ്ഞു പൊങ്ങുകയാണെങ്കില്‍ ഒരു ചെറിയ കഷ്ണം പുളി എണ്ണയില്‍ ഇടുക.

ഇറച്ചി
ഇറച്ചി, മീന്‍ എന്നിവയില്‍ അല്‍പം നാരങ്ങാനീര് പുരട്ടി വെച്ചാല്‍ മസാല വേഗം പിടിച്ചു കിട്ടും. ഇറച്ചിക്കറി വെയ്ക്കുമ്പോള്‍ ചെറിയ കഷണം പപ്പായ തൊലി ചെത്തി കറിയില്‍ ചേര്‍ത്താല്‍ കഷണങ്ങള്‍ക്ക് നല്ല മൃദുത്വം കിട്ടും. ഏത് ഇറച്ചിയിലും പപ്പായ ചേര്‍ക്കാം.
ഇറച്ചി പാചകം ചെയ്യുമ്പോള്‍ പകുതി വേവായ ശേഷം ഉപ്പു ചേര്‍ക്കുക. ഇറച്ചി കൂടുതല്‍ മൃദുവാകും. ഇറച്ചി വറുക്കുമ്പോള്‍ കൊഴുപ്പ് പൊട്ടിത്തെറിക്കാതിരിക്കാന്‍ ചീനച്ചട്ടിയില്‍ അല്‍പ്പം ഉപ്പ് തളിച്ചതിനു ശേഷം മാത്രം ഇറച്ചി വറുത്തെടുക്കുക

മുട്ട
പുഴുങ്ങിയ മുട്ട മുറിക്കുന്നതിനു മുമ്പ് തിളച്ച വെള്ളത്തില്‍ കത്തി മുക്കിയിട്ട് മുറിച്ചാല്‍ മുട്ട പൊടിയുകയില്ല. മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ വെള്ളത്തില്‍ അല്‍പം ഉപ്പോ വിനാഗിരിയോ ചേര്‍ത്താല്‍ മതി.
ഉള്ളി സവാള
ഉള്ളിയോ സവാളയോ അരിയുമ്പോള്‍ കണ്ണുകളില്‍ നിന്ന് വെള്ളം വരാതിരിക്കാന്‍, തോല് പൊളിക്കുന്നതിനു മുന്‍പ് അഞ്ചു മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. അതിനു ശേഷം എടുത്തു തൊലി പൊളിച്ചതിനു ശേഷം സവാള രണ്ടായി മുറിച്ചിട്ട് തണുത്ത വെള്ളത്തില്‍ അല്ലെങ്കില്‍ ഐസ് വെള്ളത്തില്‍ മുക്കി വയ്ക്കുക.

ഇങ്ങനെ വച്ച സവാള അരിയുകയാണെങ്കില്‍ കണ്ണുകളില്‍ നിന്ന് വെള്ളം വരികയില്ല. മുകളില്‍ പറഞ്ഞത് പോലെ ചെയ്യാന്‍ സമയമില്ലെങ്കില്‍, നീന്തല്‍ സമയത്തു ഉപയോഗിക്കുന്ന കണ്ണട വച്ചതിനു ശേഷം സവാള അരിയുകയാണെങ്കില്‍ കണ്ണുകളില്‍ നിന്ന് വെള്ളം വരികയില്ല
പച്ചക്കറികള്‍
ചീര വേരോടു കൂടി സൂക്ഷിക്കേണ്ടി വരുമ്പോള്‍, വേര് വെള്ളത്തില്‍ താഴ്ത്തി വയ്ക്കുകയാണെങ്കില്‍ പെട്ടെന്ന് വാടില്ല. വെണ്ടയ്ക്ക വറുക്കുമ്പോള്‍ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാന്‍ വറുക്കുന്ന സമയത്ത് ഒരു ടേബിള്‍സ്പൂണ്‍ തൈരോ, മോരോ ചേര്‍ത്താല്‍ മതി.
പച്ചക്കറികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കീടനാശിനികള്‍ നീക്കം ചെയ്യാന്‍, ഉപയോഗിക്കുന്നതിനു മുന്‍പ് പച്ചക്കറികള്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കുറച്ചു നേരം ഇട്ടു വയ്ക്കുക. ക്യാരറ്റും, ബീറ്റ്റൂട്ടും വാടിപ്പോയെങ്കില്‍ അല്‍പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടുവച്ച ശേഷം എടുത്താല്‍ മതി.

കഴുകി വൃത്തിയാക്കിയ പച്ചമുളക്; വെള്ളം ഉണങ്ങിയതിനു ശേഷം, അതിന്റെ ഞെട്ടു കളഞ്ഞ് പോളിത്തീന്‍ കവറിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ 2 ആഴ്ചയോളം കേടാകാതെയിരിക്കും. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി.
ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയില്ല. കഴുകി വൃത്തിയാക്കിയ നാരങ്ങ, വെള്ളം തുടച്ചു മാറ്റിയതിനു ശേഷം ഒരു ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറില്‍ ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ രണ്ടാഴ്ചയോളം കേടാകാതെയിരിക്കും.

കുക്കര്‍
പയര്‍ വര്‍ഗങ്ങളോ, പരിപ്പോ വേവിക്കുമ്പോള്‍ ഒരു നുള്ള് എണ്ണ ഒഴിച്ചിട്ടു വേവിക്കുകയാണെങ്കില്‍ കുക്കറിന്റെ വിസില്‍ അടഞ്ഞു പോകില്ല. പ്രഷര്‍ കുക്കറിന്റെ ഉള്ളിലെ കറ കളയാന്‍ കുറച്ചു പുളി കലക്കിയ വെള്ളം ഒഴിച്ച് തിളപ്പിച്ചാല്‍ മതി.

ബ്രേക്ക്ഫാസ്റ്റ്
അപ്പത്തിന് മാര്‍ദ്ദവം കിട്ടുന്നതിനു വേണ്ടി അരി അരയ്ക്കുമ്പോള്‍ അല്‍പം പാല്‍ കൂടി ചേര്‍ക്കുക. നല്ല മൃദുവായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്നു പരിപ്പിനോടൊപ്പം അല്‍പം ഉലുവ കൂടി ചേര്‍ത്ത് അരയ്ക്കുക. ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല.

കിച്ചന്‍ സിങ്ക്
സ്റ്റീല്‍ കളറുള്ള കിച്ചന്‍ സിങ്ക് വൃത്തിയാക്കുന്നതിന് മുമ്പ് ഒരു വാളന്‍പുളി എടുത്തു തേച്ചു പിടിപ്പിക്കുക, 15 മിനിറ്റിനു ശേഷം വെള്ളം ഒഴിച്ച് കഴുകിയാല്‍ നന്നായി വെട്ടിത്തിളങ്ങും. നാരങ്ങയുടെ തോടില്‍ കുറച്ച് ഉപ്പു ചേര്‍ത്തതിന് ശേഷം, അതുപയോഗിച്ച് സിങ്കിന്റെ ഉള്‍ഭാഗം, പ്രത്യേകിച്ച് അഴുക്കു പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം തേയ്ക്കുക. അരമണിക്കൂറിനു ശേഷം നന്നായി തേച്ചു കഴുകിയാല്‍ എല്ലാ അഴുക്കും പോകും.

പ്രാണിശല്യം ഒഴിവാക്കാന്‍
മുട്ടയുടെ തോട് കഴുകി വൃത്തിയാക്കിയതിനു ശേഷം, പല്ലി ശല്യം ഉള്ള ഭാഗങ്ങളില്‍ വയ്ക്കുകയാണെങ്കില്‍, ശല്യം കുറയ്ക്കാന്‍ കഴിയും. 2- 3 കഷ്ണം ചുവന്നുള്ളി ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിക്കുക. ഈച്ചയുടെ ശല്യമുള്ള സ്ഥലങ്ങളില്‍ ഈ വെള്ളം തളിക്കുക.
ഉണ്ണുന്ന മേശപ്പുറത്തെ ഈച്ച ശല്യം ഒഴിവാക്കാനായി പൊതിയിനയിലയില ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മേശപ്പുറം തുടച്ചു വൃത്തിയാക്കുക. ഉറുമ്പുകളുടെ ശല്യം ഉണ്ടെങ്കില്‍ പുകയിലവെള്ളം തളിയ്ക്കുക.
ഫുഡ് ആര്‍ട്ട്
ദീപാവലി പ്രമാണിച്ച് കമ്പിത്തിരി കത്തിക്കുന്ന ദമ്പതിമാരാണ് ഇന്നത്തെ ഫുഡ് ആര്‍ട്ട്... ഇതിനായി ഉപയോഗിച്ചിരിക്കുന്നത് കാപ്സിക്കം (മഞ്ഞ, ചുവപ്പ്, പച്ച), സ്ട്രോബെറി, ചപ്പാത്തി, ഗ്രീന്‍ പീസ്, കോണ്‍, കശുവണ്ടി, സണ്‍ഫ്ലവര്‍ സീഡ്, ബ്ലുബെറി, ആപ്പിള്‍.

ലേഖിക: അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. ഫുഡ് ആര്‍ട്ട് രംഗത്ത് വിദഗ്ദ്ധ.