പണ്ട് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി വീട്ടുവളപ്പില്‍ കൃഷിചെയ്തുണ്ടാക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാല്‍, ഇന്ന് അടുക്കളത്തോട്ടം കാണുന്നതുതന്നെ ഒരു അദ്ഭുതം തന്നെയാണ്. ഈ മാറ്റത്തിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. പണ്ട് കൂട്ടുകുടുംബങ്ങളും വിശാലമായ പറമ്പും വെള്ളവും ചാണകവും ജൈവവളങ്ങളുടെ ലഭ്യതയും എല്ലാം 'അടുക്കളത്തോട്ടം' എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ഇതിനായി സമയം കണ്ടെത്തുക എളുപ്പമല്ല. മാത്രമല്ല, വിശാലമായ തൊടിയും മറ്റും അപ്രത്യക്ഷമാവുകയും ചെറുകുടുംബങ്ങള്‍ ഫ്‌ളാറ്റുകളിലേക്കും അപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഒതുങ്ങുകയും ചെയ്തപ്പോള്‍ അടുക്കളത്തോട്ടം എന്ന സങ്കല്പംതന്നെ അപ്രത്യക്ഷമായി.

ഇന്ന് നമുക്ക് വിപണിയില്‍ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായത്തോടെ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഇവയുടെ വിപണനസാധ്യത വര്‍ധിപ്പിക്കാനായി പുറംതോടില്‍ നിറം ഉണ്ടാക്കാനും വേഗം പഴുത്തുപോകാതിരിക്കാനും മറ്റും പലതരം രാസപദാര്‍ഥങ്ങള്‍ കുത്തിവയ്ക്കുന്നു.

നമുക്ക് വേണ്ടുന്ന പച്ചക്കറികളും ഇലക്കറികളും വീടുകളിലോ ഫ്‌ലാറ്റുകളിലോ കുറഞ്ഞത് ഏഴുമണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന ഒരിടം കണ്ടുപിടിക്കുകയാണെങ്കില്‍ സ്വയം ഉത്പാദിപ്പിക്കാവുന്നതാണ്.

നിങ്ങളുടെ ഫ്‌ലാറ്റില്‍ അസോസിയേഷനോ താത്പര്യമുള്ള കുറച്ചാളുകളോ ഉണ്ടെങ്കില്‍ ഫ്‌ലാറ്റിന്റെ ടെറസ് അടുക്കളത്തോട്ടം ആയി മാറ്റാം. ഇതിന് വലിയ മുടക്കുമുതലിന്റെ ആവശ്യമില്ല. തുടക്കത്തില്‍ പഴയ സിമന്റുചാക്കുകളിലോ ഒഴിഞ്ഞ വലിയ കുപ്പികളിലോ പഴയ ബക്കറ്റുകളിലോ ഒക്കെ തുടക്കംകുറിച്ച് നമുക്കും പയറ്റിനോക്കാവുന്ന ഒരു അങ്കംതന്നെയാണ് ഒരു അടുക്കളത്തോട്ടം ഒരുക്കുക എന്നത്.

സ്വന്തമായി അടുക്കളത്തോട്ടം ഉണ്ടാക്കുന്നതുകൊണ്ട് ഗുണങ്ങള്‍ പലതാണ്:

-വിഷാംശം ഇല്ലാത്ത പച്ചക്കറികള്‍ ഉത്പാദിപ്പിക്കാം.

-പച്ചക്കറികള്‍ വാങ്ങുന്നതിനായുള്ള ബജറ്റ് ചെലവ് കുറയ്ക്കാം.

-പുതിയൊരു ഹോബി വികസിപ്പിച്ചെടുക്കാം.

-കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് വിത്തുകള്‍ എങ്ങനെ ഭക്ഷണമായി മാറുന്നു എന്നതിന്റെ പ്രാക്ടിക്കല്‍ ക്ലാസ് കൊടുക്കാം.

-സീരിയലുകള്‍ കണ്ടും ഇന്റര്‍നെറ്റിലും സമയം കളയുന്നത് ഒഴിവാക്കാം.

-ചെറിയ ഒരു വ്യായാമത്തിനുള്ള അവസരം.

വീടിനോട് ചേര്‍ന്നോ, പുറത്തോ, ടെറസിലോ ഏകദേശം ഏഴുമണിക്കൂര്‍ സൂര്യപ്രകാശമുള്ള സ്ഥലമാണ് നമുക്ക് തോട്ടം ഉണ്ടാക്കാന്‍ നല്ലത്. വീടുകളിലെയോ ഫ്‌ളാറ്റുകളിലെയോ ബാല്‍ക്കണികള്‍, ചട്ടികള്‍ വയ്ക്കാന്‍ സൗകര്യമുള്ള ജനാലകള്‍, വീട്ടുപടിക്കല്‍... അങ്ങനെ എവിടെയും നമുക്ക് കൃഷിചെയ്യാവുന്നതാണ്.

ടെറസിന് മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ, ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷിചെയ്യുന്ന രീതിയാണ് 'മട്ടുപ്പാവുകൃഷി' അഥവാ 'ടെറസ് കൃഷി' എന്നറിയപ്പെടുന്നത്. കുറഞ്ഞചെലവില്‍ ഗ്രോബാഗ് തയ്യാറാക്കിയും ടെറസിലെ കൃഷി നന്നായി ചെയ്യാം. ഏതിലാണെങ്കിലും മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് നിറയ്ക്കണം. ചട്ടിയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരടി വലിപ്പമുള്ളവയെങ്കിലും എടുക്കണം. രണ്ട് ഇഷ്ടികകള്‍ വെച്ച് അതിനു മുകളില്‍ ചാക്കുകള്‍ വച്ചാല്‍ മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കുന്നതിനും ചെളി കെട്ടാതിരിക്കുന്നതിനും സഹായിക്കും. പ്ലാസ്റ്റിക് ചാക്കുകളാണെങ്കില്‍ മണ്ണ് നിറയ്ക്കുന്‌പോള്‍ അതിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവച്ചാല്‍ ചാക്ക് മറിഞ്ഞുവീഴാതിരിക്കാന്‍ നല്ലതാണ്.

ടെറസില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് മിതമായ നന മാത്രമേ പാടുള്ളു. അമിതമായി നനയ്ക്കുന്നത് വളം ഒലിച്ചുപോകുന്നതിനിടയാക്കും.

വീട്ടിലെ പറമ്പുകളില്‍ കൃഷിചെയ്യുമ്പോള്‍ നടാന്‍ ഉദ്ദേശിക്കുന്ന ചെടികളുടെ ആയുസ്സനുസരിച്ച് ഹ്രസ്വകാല സസ്യവര്‍ഗങ്ങള്‍ക്കും ദീര്‍ഘകാല സസ്യവര്‍ഗങ്ങള്‍ക്കും പ്രത്യേക സ്ഥാനങ്ങളില്‍ വിത്തുതടങ്ങള്‍ സജ്ജമാക്കണം. നടപ്പാത, ജലസേചനത്തിനുള്ള ചാലുകള്‍ എന്നിവയും ഉണ്ടാക്കണം.

അതുപോലെതന്നെ, വിത്തുകള്‍ നടുന്നതിനു മുന്‍പ് അവയെക്കുറിച്ച് അറിഞ്ഞിരിക്കുക. ചില പച്ചക്കറികള്‍ക്ക് സൂര്യപ്രകാശവും വെള്ളവും വളരെയധികം വേണ്ടുന്ന ഒന്നാണ്. ഉദാഹരണത്തിന് തക്കാളി, മുളക്, പപ്പായ, മുരിങ്ങ തുടങ്ങിയവ. ചില പച്ചക്കറികള്‍ തണല്‍ വേണ്ടുന്നവയാണ്. അതുപോലെതന്നെ ഉയര്‍ന്നുനില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്റെ ഏറ്റവും പിന്‍ഭാഗത്ത് നടണം, ഇല്ലെങ്കില്‍ അവ മറ്റു വിളകള്‍ക്ക് സൂര്യപ്രകാശം കിട്ടാതിരിക്കാന്‍ കാരണമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല.

പച്ചക്കറിവിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം. ഉദാ: ചീര, മുളക്, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തി മുളപ്പിച്ചശേഷം മണ്ണില്‍ നടാം. ഉദാ: വെണ്ടയ്ക്ക, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, പാവല്‍, പടവലം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റി മീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി 'സ്പ്രേ ചെയ്ത്' നനയ്ക്കണം. ദിവസേന രാവിലെയും വൈകീട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളയ്ക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം എന്നത് എക്കാലത്തെയും എന്റെ ഒരു സ്വപ്നമായിരുന്നു. എന്നാല്‍, ഇവിടെ മഞ്ഞുകാലം ഉള്ളതിനാല്‍ കൃഷി ചെയ്യാന്‍ കഴിയുന്നത് വെറും രണ്ടുമൂന്നു മാസം മാത്രമാണ്. അങ്ങനെ ചെറിയൊരു കാലയളവിനു വേണ്ടി എന്തിനാണ് ഇത്ര പരിശ്രമം എന്നുവിചാരിച്ച് വളരെയധികം വര്‍ഷങ്ങള്‍ ഞാനത് മാറ്റിവച്ചു. കുറച്ചു വര്‍ഷം ചെയ്തുകഴിഞ്ഞപ്പോള്‍ പിന്നെയും അടുക്കളത്തോട്ടം എന്ന സ്വപ്നം വീണ്ടും പൊങ്ങിവന്നു.

മകള്‍ കുറച്ചുകൂടി വലുതായപ്പോള്‍ അതില്‍ സഹായിക്കാന്‍ ആളുമായി. അങ്ങനെ കഴിഞ്ഞ വര്‍ഷം ഞാനും എന്റെ സിയാറ്റലിലെ വീട്ടില്‍ ഒരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കി. വിളവെടുക്കുമ്പോഴും അത് ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഒരിക്കലും ചന്തയിലെ കടകളില്‍പ്പോയി പച്ചക്കറികള്‍ വാങ്ങുമ്പോള്‍ കിട്ടില്ല. നമ്മുടെ അധ്വാനം ഫലമായി മാറുമ്പോഴുള്ള ചാരിതാര്‍ഥ്യം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്.

Content Highlights: Kitchen garden, kitchen, cooking food, vegetable garden, food news, food updates, artistic plates

 

writer is...

അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്നു. ഫുഡ് ആർട്ട്  രംഗത്ത് വിദഗ്ദ്ധ.