ചൈനീസ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ ചെല്ലുമ്പോള്‍, ചിലപ്പോള്‍ നമ്മുടെ പ്ലേറ്റില്‍ ഒരേ നീളത്തിലുള്ള രണ്ട് നേര്‍ത്ത ചെറിയ കമ്പുകള്‍/ചെറിയ ചൂരലുകള്‍ കൊണ്ടുവയ്ക്കാറുണ്ട്. ഇവയെയാണ് 'ചോപ്സ്റ്റിക്‌സ്' (Chopsticks) എന്ന് വിളിക്കുന്നത്.

റെസ്റ്റോറന്റുകളില്‍ ഇവ കിട്ടുമ്പോള്‍, ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട് എല്ലായ്പ്പോഴും ഞാന്‍ 'ഫോര്‍ക്' ചോദിക്കുമായിരുന്നു. ഒരുദിവസം ഓഫീസിലുള്ള സഹപ്രവര്‍ത്തകരുടെ കൂടെ ഒരു ചൈനീസ് റെസ്റ്റാറ്റന്റില്‍ പോയപ്പോള്‍ എല്ലാവരും ചോപ്സ്റ്റിക് ഉപയോഗിക്കാന്‍ തുടങ്ങി. തിരക്കുള്ള സമയമായതിനാല്‍ ഞാന്‍ ഫോര്‍ക് ചോദിച്ചത് വെയ്റ്റര്‍ വിട്ടുപോകുകയും ചെയ്തു. അപ്പോഴാണ്, എന്റെ സഹപ്രവര്‍ത്തകന്‍ 'ഇതുതന്നെയാണ് ചോപ്സ്റ്റിക് ഉപയോഗിക്കാനുള്ള ശുഭ മുഹൂര്‍ത്തം' എന്നുപറഞ്ഞ് എന്നെ ചോപ്സ്റ്റിക് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിച്ചത്. സഹപ്രവര്‍ത്തകന്റെ അകമഴിഞ്ഞ സഹായംകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഒന്നുംകൂടാതെ ഞാന്‍ എങ്ങനെയൊെക്കയോ കഴിച്ചെന്നുവരുത്തി.

അന്ന് വൈകീട്ട് വീട്ടിലേക്ക് പോകുന്നവഴി കടയില്‍ നിന്ന് ഒരു ചോപ്സ്റ്റിക് സെറ്റ് വാങ്ങുകയും നമ്മുടെ ചോറും കറിയും അതുപയോഗിച്ച് കഴിക്കാന്‍ നോക്കുകയും ചെയ്തു. പിന്നീട് ഒരാഴ്ച കഠിനപ്രയത്‌നത്തിലൂടെയാണെങ്കിലും (എങ്ങനെയാണ് ചോപ്സ്റ്റിക് പിടിക്കേണ്ടതെന്നതിന്റെ ഗുട്ടന്‍സ് എനിക്ക് മനസ്സിലായി) ഞാന്‍ അത് ശീലിച്ചു. ചോപ്സ്റ്റിക് ഉപയോഗിക്കാനുള്ള ശ്രമത്തിന്റെ ഫലമായി അതിനെക്കുറിച്ച് രസകരവും കൗതുകകരവുമായ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. അതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്:

ലോകമെമ്പാടുമുള്ളവര്‍ വിരലുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, അല്ലെങ്കില്‍ ചോപ്സ്റ്റിക്കുകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നു. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് സംസ്‌കാരങ്ങളും ഭക്ഷണ രീതികളും രൂപപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്, മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ഭക്ഷണം എടുക്കാന്‍ വിരലുകളോ അല്ലെങ്കില്‍, വിരലുകള്‍ക്കിടയില്‍ ഒരു റൊട്ടിക്കഷണമോ ഉപയോഗിക്കുന്നത് സാധാരണമാണ്. സാംസ്‌കാരികമായി, ഈ പ്രദേശങ്ങളിലെ പലരും ഒരേ പാത്രത്തില്‍ നിന്നോ ഭക്ഷണപ്പാത്രങ്ങളില്‍ നിന്നോ കഴിക്കുന്നു. ഉദാഹരണത്തിന് എത്യോപ്യന്‍, അല്ലെങ്കില്‍ മൊറോക്കോയിലെ ഭക്ഷണരീതി.

ചൈന, വിയറ്റ്‌നാം, കൊറിയ എന്നിവിടങ്ങളില്‍ പ്രധാന പാത്രങ്ങളില്‍നിന്ന് ഭക്ഷണം എടുക്കുന്നതിനും സ്വന്തം പാത്രത്തിലേക്ക് കൊണ്ടുവരുന്നതിനും ചോപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നു. ഇന്ന്, ഒരു ബില്യണിലധികം ആളുകള്‍ ഭക്ഷണം കഴിക്കുന്നതിനും പാചകംചെയ്യുന്നതിനും ചോപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നു.

ആദ്യം ചൈനയില്‍ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്ത ചോപ്സ്റ്റിക്കുകള്‍, പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയില്‍, വിയറ്റ്‌നാമിലുള്ളവരും ചൈനീസ് വംശജരും മാത്രമാണ് ചോപ്സ്റ്റിക്കുകള്‍ ഉപയോഗിച്ച് എല്ലാ ഭക്ഷണവും കഴിക്കുന്നത്.

കംബോഡിയ, ലാവോസ്, മ്യാന്‍മാര്‍, സിങ്കപ്പൂര്‍, മലേഷ്യ, നേപ്പാള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സാധാരണയായി നൂഡില്‍സ് കഴിക്കാന്‍ മാത്രമാണ് ചോപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത്. സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന അതേ പാടവത്തോടുകൂടിത്തന്നെ പലരും ചോപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നു.

ചോപ്സ്റ്റിക്കുകള്‍ ഉണ്ടാക്കുന്നത് എന്തുപയോഗിച്ചാണ്...?

മുള, മരം അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവകൊണ്ടാണ് ചോപ്സ്റ്റിക്കുകള്‍ സാധാരണയായി നിര്‍മിക്കാറുള്ളത്. അതുപോലെ തന്നെ പ്ലാസ്റ്റിക്, പോര്‍സലൈന്‍, മൃഗങ്ങളുടെ അസ്ഥി, ആനക്കൊമ്പ്, ലോഹം, പവിഴം, അഗേറ്റ്, ജേഡ് എന്നിവയും ഇവയുടെ നിര്‍മാണത്തിനായി ഉപയോഗിക്കാറുണ്ട്.

ചോപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് എങ്ങനെ...?

ചോപ്സ്റ്റിക് പിടിച്ചുകൊണ്ട് ഭക്ഷണം കഴിക്കുക പ്രയാസമുള്ളതായി തോന്നുമെങ്കിലും പിടിക്കേണ്ട രീതി മനസ്സിലാക്കുകയാണെങ്കില്‍ സൂപ്പ്, അല്ലെങ്കില്‍ ദ്രാവകരൂപത്തിലുള്ള ഭക്ഷണം ഒഴിച്ച് ഏതുതരം ഭക്ഷണവും അതുപയോഗിച്ച് കഴിക്കാം.

സ്റ്റെപ്പ് 1: ആരുടെയെങ്കിലും കൈപിടിച്ച് ഷേക്ഹാന്‍ഡ് കൊടുക്കാന്‍ പോകുന്നതുപോലെ നിങ്ങളുടെ കൈവിരല്‍ മുകളിലേക്ക് അഭിമുഖമായി ഉയര്‍ത്തിപ്പിടിക്കുക. തള്ളവിരലിനും കൈയുടെ ബാക്കിഭാഗത്തിനുമിടയിലുള്ള സ്ഥലത്ത് ചോപ്സ്റ്റിക്കുകളിലൊന്ന് (താഴത്തെ ചോപ്സ്റ്റിക്) തിരുകുക, ചോപ്സ്റ്റിക്കിന്റെ നേരിയ പ്രതലം മുന്നോട്ട് അഭിമുഖീകരിച്ച നിലയിലായിരിക്കണം.

സ്റ്റെപ്പ് 2: മോതിരവിരലും ചെറുവിരലും താഴേക്ക് വളച്ച് താഴത്തെ ചോപ്സ്റ്റിക്കിന്റെ അടിയില്‍ മോതിരവിരല്‍ ബന്ധിക്കുക. ചോപ്സ്റ്റിക് തള്ളവിരലും മോതിരവിരലും ഉപയോഗിച്ച് മുറുകെ പിടിക്കണം.

സ്റ്റെപ്പ് 3: അടുത്ത സ്റ്റെപ്പ് എളുപ്പത്തില്‍ പഠിക്കാന്‍ പെന്‍സില്‍ സാധാരണ എങ്ങനെ പിടിക്കുമോ അങ്ങനെ അടുത്ത ചോപ്സ്റ്റിക് പിടിക്കാന്‍ ശ്രമിക്കുക. അതായത്, തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും നുറുങ്ങുകള്‍ക്കിടയില്‍ മറ്റ് ചോപ്സ്റ്റിക് (മുകളിലെ ചോപ്സ്റ്റിക്) പിടിക്കുക. നടുവിരല്‍ ചോപ്സ്റ്റിക്കിന്റെ അടിയില്‍ കൊണ്ടുവരിക. തള്ളവിരല്‍, കൈവിരല്‍, നടുവിരല്‍ എന്നിവയ്ക്കിടയില്‍ ചോപ്സ്റ്റിക് ഉറപ്പിക്കുക.

സ്റ്റെപ്പ് 4: ഇനി ഭക്ഷണവസ്തു എടുക്കുന്നതിനായി മുകളിലെ ചോപ്സ്റ്റിക് മുകളിലേക്കും താഴേക്കും നീക്കുക. താഴത്തെ ചോപ്സ്റ്റിക് അനക്കാതെ വയ്ക്കുക. എന്നിട്ട് ആഹാരം ചോപ്സ്റ്റിക്കിന്റെ ഇടയില്‍ ആക്കിയതിനു ശേഷം പതിയെ, ആഹാരവസ്തു ടൈറ്റ് ആയി പിടിച്ച് വായില്‍ എത്തിക്കുക.

ചോപ്സ്റ്റിക് ഉപയോഗിച്ച് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

എന്റെ ഈ ചോദ്യത്തിന് ചൈനീസ് കൂട്ടുകാരി പറഞ്ഞ മറുപടി ശരിക്കും ചിന്തിപ്പിച്ചു. ഭാരം കൂടാനുള്ള പ്രധാന കാരണം അമിതമായി ആഹാരം കഴിക്കുന്നതാണ്. 'ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക' എന്ന സിഗ്‌നല്‍ മസ്തിഷ്‌കം പുറത്തുവിടുന്നതിനുമുമ്പ് വയര്‍ നിറയുന്നു എന്നതാണ് ഇവിടെ പ്രശ്‌നം. അതിനാല്‍, ഭൂരിപക്ഷം ആളുകളും ഒരു പരിധിവരെ അമിതമായി ഭക്ഷണം കഴിക്കുന്നു. ഇത് ഒഴിവാക്കാന്‍ ചോപ്സ്റ്റിക് സഹായിക്കും. സാവധാനം ഭക്ഷണം കഴിക്കുകയും ചെറിയ അളവില്‍ ഭക്ഷണം എത്തുകയും ചെയ്യുമ്പോള്‍, വയര്‍ നിറയുന്നത് കൃത്യമായി 'മനസ്സിലാക്കാനുള്ള' സമയം മസ്തിഷ്‌കത്തിന് ലഭിക്കും.

ചോപ്സ്റ്റിക് ഉപയോഗിച്ച് കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ 'ഗ്ലൈസെമിക് സൂചിക' കുറയുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. (ഭക്ഷണം രക്തത്തിലെ 'ഗ്ലൂക്കോസി'ന്റെ അളവ് എത്രവേഗത്തില്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് ഗ്ലൈസെമിക് സൂചിക കാണിക്കുന്നു).

food art


ഇന്നത്തെ ഫുഡ് ആര്‍ട്ട്

തീന്‍മേശയിലെ കുടുംബാംഗങ്ങള്‍. ഉപയോഗിച്ചിരിക്കുന്നത്: ചോറ്, ചപ്പാത്തി, ചെമ്മീന്‍ വറുത്തത്, ഉണക്കമുന്തിരി, ബ്ലൂബെറി, സ്‌ട്രോബെറി, ബീന്‍സ്, കാരറ്റ്.

 

 

 

 

Content Highlights: How To Use Chopsticks , chopsticks uses, chopstick tutorial