പ്പുതൊട്ട്‌ കർപ്പൂരം വരെ ഇന്ന് മായം ചേർത്താണ് വിപണിയിൽ എത്തുന്നത്. ലാഭം ഉണ്ടാക്കുക എന്നതു മാത്രമാണ് ഇങ്ങനെയുള്ള വസ്തുക്കൾ വ്യാപാരത്തിനായി എത്തിക്കുന്നവരുടെ കാഴ്ചപ്പാട്.

ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ വകുപ്പായ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) യുടെ നേതൃത്വത്തിൽ ഉപഭോക്താക്കളിൽ നിന്ന് അവരുടെ പരാതികൾ സ്വീകരിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷ്യ ഉത്‌പന്നത്തെക്കുറിച്ച് ഉപഭോക്താവിന്‌ പരാതിയുണ്ടെങ്കിൽ അവ തെളിയിക്കാനായി എഫ്.എസ്.എസ്.എ.ഐ.യുടെ അംഗീകാരമുള്ള ലബോറട്ടറികളിൽ പരിശോധന നടത്താവുന്നതാണ്.

മായം ചേർക്കുന്നത് വിവിധതരത്തിലുണ്ട്... ചിലപ്പോൾ രാസവസ്തുക്കൾ, മറ്റു ചിലപ്പോൾ ഹാനികരമായ മറ്റു ചേരുവകൾ, നിറം ലഭിക്കാനായി കലർത്തുന്നവ എന്നിങ്ങനെ. ഈ പദാർത്ഥങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു, ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായ രീതിയിൽ മാറ്റാനും കാരണമാകുന്നു.

ഭക്ഷ്യവസ്തുക്കളിലെ മായം എങ്ങനെ കണ്ടുപിടിക്കാം?

പാൽ: ഏറ്റവും കൂടുതൽ മായം ചേർത്ത് കാണപ്പെടുന്ന ഒരു ഉത്‌പന്നമാണ് പാൽ. വെള്ളം, ചോക്ക് , കഞ്ഞിവെള്ളം, ഹൈഡ്രജൻ പെറോക്സൈഡ്, യൂറിയ എന്നിങ്ങനെ ഒരുപാട് വസ്തുക്കൾ പാലിൽ ചേർക്കാറുണ്ട്. പാൽ ശുദ്ധമാണോ എന്ന് നോക്കുന്നതിനായി ഒരുതുള്ളി പാൽ ചെരിവുള്ള ഒരു ഉപരിതലത്തിൽ ഒഴിക്കുക. ഒഴുക്കുന്ന വഴിയിൽ പാടുകൾ ഒന്നും അവശേഷിക്കുന്നില്ലെങ്കിൽ തീർച്ചയായും അതിൽ മായം കലർത്തിയിട്ടുണ്ട്.

അരി: നമ്മുടെ നാട്ടിൽ അരിയിൽ പ്ലാസ്റ്റിക് ചേർത്ത് വിൽക്കുന്നത് കണ്ടെത്തിയത് ഈയടുത്തു തന്നെയാണ്. അരിയിൽ പ്ലാസ്റ്റിക് ചേർത്തിട്ടുണ്ടോ എന്നറിയാൻ ഒരു ഗ്ലാസ് വെള്ളം എടുത്തതിനു ശേഷം അതിലേക്ക്‌ കുറച്ച്‌ അരിമണികൾ ഇട്ട്‌ ഇളക്കുക. പ്ലാസ്റ്റിക് അരിമണികൾ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുകയും മറ്റുള്ളവ താഴെ അവശേഷിക്കുകയും ചെയ്യും.

അരിക്ക് നിറം ലഭിക്കുന്നതിനായി വിവിധ രാസപദാർത്ഥങ്ങൾ അവയിൽ കലർത്താറുണ്ട്. മട്ട അരിക്ക്‌ റെഡ് ഓക്സൈഡും വെള്ള അരിയ്ക്ക്‌ കാത്സ്യം കാര്‍ബണേറ്റും ആണ് സാധാരണയായി ചേർക്കുക. ഇവയുടെ സാന്നിധ്യം അറിയുന്നത് അരി കഴുകുമ്പോഴാണ്. നന്നായി കുലുക്കിക്കഴിയുമ്പോൾ നിറം ഇളകിപ്പോകുന്നത് കാണാം.

പഞ്ചസാര: പഞ്ചസാരയിൽ സാധാരണ ചേർക്കുന്ന മായം, ചോക്കുപൊടിയാണ്. ശുദ്ധമായ പഞ്ചസാര ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുകയാണെങ്കിൽ അവ നേരേ അടിത്തട്ടിലേക്ക് മുങ്ങിപ്പോകും. എന്നാൽ, മായംചേർത്തിട്ടുണ്ടെങ്കിൽ ഇവ വെള്ളത്തിനു മുകളിൽ പൊങ്ങിനിൽക്കും.

ഉപ്പ്: ഉപ്പിൽ ചേർത്തു കാണപ്പെടുന്ന ഒരു വസ്തുവാണ് കാത്സ്യം കാര്‍ബണേറ്റ്. ഉപ്പിൽ ഇവ ഉണ്ടോ എന്ന് പരിശോധിക്കാനായി ഒരു സ്പൂൺ ഉപ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കുക. കലങ്ങിക്കഴിയുമ്പോൾ, വെള്ളത്തിന് വെളുത്ത നിറം വരികയാണെങ്കിൽ ഇവയിൽ മായം കലർന്നിട്ടുണ്ട്. കലക്കിയ വെള്ളം സാധാരണ വെള്ളത്തിന്റെ നിറത്തിലാണെങ്കിൽ ആ ഉപ്പ് ശുദ്ധമാണ്. ചോക്ക് ചേർത്തിട്ടുണ്ടെങ്കിൽ വെള്ളത്തിന്റെ നിറം വെള്ളയാകുകയും ഖരപദാർത്ഥങ്ങൾ അടിത്തട്ടിൽ കിടക്കുകയും ചെയ്യും.

വെളിച്ചെണ്ണ: വെളിച്ചെണ്ണ ഒരു ചില്ലുഗ്ലാസിൽ എടുക്കുക. അത് അരമണിക്കൂർ ഫ്രിഡ്‌ജിൽ വയ്ക്കുക. വെളിച്ചെണ്ണയിൽ മായം ചേർത്തിട്ടുണ്ടെങ്കിൽ ഇവ വേറൊരു പടലമായി (പാളിയായി) കാണപ്പെടും.

മുളകുപൊടി: മുളകുപൊടിയിൽ സാധാരണ ചേർക്കുന്ന വസ്തുക്കളാണ് അറക്കപ്പൊടിയും ഇഷ്ടികപ്പൊടിയും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മുളകുപൊടി ചേർക്കുക. നിറമുള്ള ജല രൂപം കണ്ടെത്തുകയാണെങ്കിൽ ഇത്‌ മായം ചേർത്തതാണ്.

കാപ്പിപ്പൊടി: കാപ്പിപ്പൊടിയിൽ ചേർക്കാറുള്ളത് ചിക്കറിയും പുളിങ്കുരുവുമാണ്. ഒരു ഗ്ലാസിൽ വെള്ളം എടുത്തതിനു ശേഷം, കുറച്ച്‌ കാപ്പിപ്പൊടി ഉപരിതലത്തിൽ വിതറുക. കാപ്പിപ്പൊടി ഉപരിതലത്തിൽത്തന്നെ തങ്ങിനിൽക്കും എന്നാൽ, ചിക്കറി താഴെ അടിയുകയും പോയ പാതയിൽ പാടുണ്ടാക്കുകയും ചെയ്യും.

ചായപ്പൊടി: നനഞ്ഞ ഒരു ബ്ലോട്ടിങ് പേപ്പറിലേക്ക്‌ കുറച്ച്‌ ചായപ്പൊടി വിതറുക. കൃത്രിമമായ നിറം ചേർത്തിട്ടുണ്ടെങ്കിൽ ബ്ലോട്ടിങ് പേപ്പറിന്റെ നിറം മഞ്ഞയോ ചുവപ്പോ അല്ലെങ്കിൽ ഓറഞ്ചോ ആയി മാറും.

മീൻ: മീൻ ഐസും മറ്റും വച്ച് കൂടുതൽ ദിവസം കച്ചവടം നടത്തുന്ന ഒരു പ്രവണത ഇന്ന് കാണപ്പെടുന്നുണ്ട്. മീനിന്റെ ചെകിളപ്പൂക്കളും കണ്ണും പരിശോധിക്കുകയാണെങ്കിൽ ഒരു പരിധിവരെ അവയുടെ പഴക്കം മനസ്സിലാക്കാവുന്നതാണ്. മീനിന്റെ ചെകിളപ്പൂക്കൾ കടുത്ത ചുവപ്പു നിറത്തിലാണെങ്കിലോ കണ്ണുകൾ കുഴിഞ്ഞിരിക്കുകയാണെങ്കിലോ മീൻ ചീഞ്ഞതാണ്.

കുരുമുളക്: കുരുമുളകിന്റെ ഭാരം കൂട്ടാനായി, കൂടെ പപ്പായയുടെ കുരു ചേർക്കുന്നതായി കാണാറുണ്ട്. ഇത് കണ്ടെത്തുന്നതിനായി കുറച്ച്‌ കുരുമുളക് മദ്യത്തിൽ ഇടുക. കുരുമുളക് മുകളിൽ പൊങ്ങിക്കിടക്കുകയും പപ്പായ കുരുക്കൾ മുങ്ങിപ്പോകുകയും ചെയ്യും.

പഴം: പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തിലാണ് കാണപ്പെടുന്നതെങ്കിൽ, ഇത്‌ പഴുപ്പിക്കുന്നതിനായി രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാകും.

നെയ്യ്: നെയ്യെടുത്ത്‌ ഫ്രിഡ്ജിൽ വച്ച് കട്ടയാക്കുക. വിവിധ പാളികൾ കാണുന്നുണ്ടെങ്കിൽ അത് ശുദ്ധമായ നെയ്യല്ല.

തേൻ: തേനിന്റെ അളവ് കൂട്ടുന്നതിനായി വ്യാപകമായി പഞ്ചസാരലായനി ചേർക്കുന്നതായി കാണാറുണ്ട്. ഇത് പരീക്ഷിക്കുന്നതിനായി കുറച്ചു തേൻ ഒരു ഗ്ലാസിൽ എടുക്കുക. അതിലേക്ക്‌ കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കുക. വെള്ളം തേനിൽ ചേരാതെ അവശേഷിക്കുകയാണെങ്കിൽ അത് ശുദ്ധമായ തേനാണ്.

ആപ്പിൾ: ആപ്പിൾ തിളങ്ങുന്നതിനായി അവയുടെ പുറത്ത്‌ വാക്സ് പുരട്ടുന്നത് കാണപ്പെടാറുണ്ട്. ഇത് പരിശോധിക്കുന്നതിനായി ഒരു കത്തി എടുത്ത്‌ മെല്ലെ ചിരണ്ടുക. മെഴുക്‌ ചേർത്തിട്ടുണ്ടെങ്കിൽ അങ്ങനെ ചിരണ്ടുമ്പോൾ ഇളകിവരും.food art

ഇന്നത്തെ ഫുഡ് ആര്‍ട്ട്: അമ്മയും സ്‌ട്രോളേറില്‍ ഇരിക്കുന്ന കുഞ്ഞും. ഉപയോഗിച്ചിരിക്കുന്നത്: ബ്ലാക്‌ബെറി, ബണ്‍, ഗ്രീന്‍പീസ്. ആപ്പിള്‍, കാരറ്റ്, കോണ്‍

 

 

 

 

Content Highlight: how to detect simulation in food