ര്‍ഷാവസാന പരീക്ഷകള്‍ തീരുന്നു... വേനലവധി ആരംഭിക്കുന്നു. അപ്പോഴാണ് കേരളത്തില്‍ പല പ്രദേശങ്ങളിലും സൂര്യതാപവും സൂര്യാഘാതവും മൂലം ആളുകള്‍ക്ക് പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നതായും മറ്റുമുള്ള വാര്‍ത്തകള്‍ കാണുന്നത്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൂര്യാഘാത-സൂര്യതാപ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്നനിലയില്‍ തുടരാനാണ് സാധ്യത. ഈ അവധിക്കാലത്ത് സൂര്യാഘാതത്തെ നേരിടാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ എന്ന് നോക്കാം.

* എന്താണ് സൂര്യാഘാതം (ഹീറ്റ് സ്‌ട്രോക്)

ശരീരത്തിന്റെ താപനില ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് സൂര്യാഘാതം. ചുറ്റുപാടുള്ള താപനില കുത്തനെ ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുകയും അതുവഴി ശരീരത്തില്‍ നിന്ന് താപം പുറത്തേക്കു കളയേണ്ട പ്രക്രിയയില്‍ തടസ്സം സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം.

ഉടന്‍ ചികിത്സിച്ചില്ലെങ്കില്‍, ഹീറ്റ് സ്‌ട്രോക് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കും പ്രത്യേകിച്ച് താഴെ കൊടുത്തിരിക്കുന്നവയുടെ:

മസ്തിഷ്‌കവും നാഡീവ്യൂഹവും

രക്തചംക്രമണവ്യൂഹം

ശ്വാസകോശം

കരള്‍

വൃക്ക

ദഹനവ്യവസ്ഥ

പേശികള്‍

ശരീരത്തിലെ താപനില, വിശപ്പ്, ദാഹം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹൈപ്പോത്തലാമസ്. താപംകൊണ്ട് ശരീരശോഷണം (ഹീറ്റ് എക്‌സ്‌ഹോഷന്‍) അനുഭവപ്പെടുമ്പോള്‍, ശരീരം പുറത്തുവിടാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ താപം ഉത്പാദിപ്പിക്കുന്നു, പ്രത്യേകിച്ചും നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ടെങ്കില്‍. അത് നിങ്ങളുടെ ശരീരം പ്രധാനമായും വിയര്‍പ്പുവഴി നിങ്ങളുടെ ശരീരതാപം കുറയ്ക്കുന്നതാണ് കാരണം. എന്നാല്‍, ഇങ്ങനെ വിയര്‍ക്കുമ്പോള്‍ ശരീരത്തിലെ ലവണങ്ങളും ജലവും നഷ്ടപ്പെടുന്നു.

* സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

അത്യധികം ക്ഷീണം, വിളറിയ ചര്‍മം, തളര്‍ച്ച, വിയര്‍ക്കല്‍, തലകറക്കവും ഓക്കാനവും

പേശികളുടെ കോച്ചിപ്പിടിത്തം (ഹീറ്റ് ക്രാംപ്‌സ് ),

ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്,

ശക്തികുറഞ്ഞ എന്നാല്‍, വേഗംകൂടിയ ശ്വാസമെടുപ്പ്

ഇങ്ങനെയുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ തോന്നിയാല്‍, ഉടനെ ശരീരം തണുപ്പിക്കുന്നതിനായി തണലുള്ള സ്ഥലം, എ.സി.യുള്ള മുറികള്‍ എന്നിവിടങ്ങളില്‍പ്പോയി ഒ.ആര്‍.എസ്. അല്ലെങ്കില്‍ ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലെങ്കില്‍ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയും ഡോക്ടറെ കാണിക്കുകയും വേണം.

സാധാരണ ശരീരം ഊഷ്മാവ് കുറയ്ക്കുന്നതിനായി വിയര്‍പ്പിലൂടെ 70 ശതമാനം മുതല്‍ 80 ശതമാനം വരെ താപവിമുക്തി കൈവരിക്കാറുണ്ട്. അങ്ങനെ ശരീരം തണുക്കുകയും ചെയ്യുന്നു. എന്നാല്‍, നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) സംഭവിച്ചിട്ടുണ്ടെങ്കില്‍ വിയര്‍ക്കുന്നതിന്റെ അളവ് കുറയുകയും ശരീരം താപനിലയുടെ കെണിയില്‍ പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ താപനില ക്രമാതീതമായി കൂടുകയും എന്നാല്‍, ശരീരത്തിന് അത് പുറന്തള്ളാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നതും താഴെ പറഞ്ഞിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും ഈ അവസ്ഥയില്‍ ജലാംശം നിലനിര്‍ത്താനും ശരീരം തണുപ്പിക്കാനും സഹായിക്കുന്നു.

വെള്ളരിക്ക: ഇതില്‍ 95 ശതമാനം ജലം ഉള്‍ക്കൊള്ളുന്നു. ഒരു കപ്പ് കുക്കുമ്പര്‍ കഷണങ്ങളില്‍ 16 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍, ഇവയില്‍ അടങ്ങിയിട്ടുള്ള നാരുകളും ജലവും ഈ അവസരത്തില്‍ ദഹനവ്യവസ്ഥയ്ക്ക് പറ്റിയ ഒന്നാണ്. വെള്ളരിക്കയുടെ തൊലിയില്‍ വിറ്റാമിന്‍ സി (ആന്റി ഓക്‌സിഡന്റ് ) അടങ്ങിയിരിക്കുന്നു. ഇവ യു.വി.എ. / യു.വി.ബി. എന്ന രശ്മികള്‍ വഴി ഉണ്ടാക്കുന്ന ചര്‍മത്തിലെ കാന്‍സര്‍ തടയുന്നതിന് സഹായിക്കുന്നു.

തണ്ണിമത്തന്‍: തണ്ണിമത്തന്‍ അധിക വിയര്‍പ്പിന്റെ വിടുതലിനെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല, തണ്ണിമത്തന്‍ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്.

മധുരക്കിഴങ്ങ്: ഇവ പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. മാത്രമല്ല ഇവയില്‍ ഒരു പ്രത്യേക ഇനം വിറ്റാമിന്‍ എ ആയ ബീറ്റ കരോട്ടിന്‍ കാണപ്പെടുന്നു.

മാതളനാരങ്ങ - മാതളനാരങ്ങയുടെ ചെറിയ അല്ലികളില്‍ ജലാംശം ഉണ്ട് എന്നത് മാത്രമല്ല, ഇവയില്‍ പെന്‍ലിയാഗിന്‍സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ആന്റി ഓക്‌സിഡന്റുകളുമുണ്ട്. ഈ വിഭാഗത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ വളരെ ശക്തമാണ്.

ശ്രദ്ധയില്‍ വയ്‌ക്കേണ്ട മറ്റു ചില നിര്‍ദേശങ്ങള്‍:

11 മണിക്കും മൂന്നു മണിക്കും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കില്‍പ്പോലും ഇടയ്ക്കിടക്ക് വെള്ളം കുടിച്ചു കൊണ്ടിരിക്കുക. നാം കുടിക്കുമ്പോഴൊക്കെ കുട്ടികള്‍ക്കും വെള്ളം കൊടുക്കാവുന്നതാണ്.

വെയിലത്ത് ഇറങ്ങേണ്ടിവന്നാല്‍ കുട ചൂടുക. അയഞ്ഞ വസ്ത്രം ധരിക്കുക. ലൈറ്റ് നിറങ്ങള്‍ ഉപയോഗിക്കണം.

ദിവസത്തില്‍ കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം ശുദ്ധജലം കുടിക്കുക, ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുക, ദാഹിക്കുന്നതുതന്നെയാണ് നിര്‍ജലീകരണം നടക്കുന്നു എന്നതിന്റെ ആദ്യത്തെ സൂചന.

അധികമായി വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുന്നത് ശരീരത്തിലെ ലവണനില നിലനിര്‍ത്താന്‍ സഹായിക്കും.

Content Highlights: heat stroke and its precautions