ട്ടുമിക്ക അച്ഛനമ്മമാരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ അവരുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നുണ്ട്... എന്നിരുന്നാലും അവരുടെ വേവലാതി തങ്ങള്‍ ചെയ്യുന്നത് മാത്രം മതിയോ അതോ മറ്റെന്തെങ്കിലും പ്രത്യേകമായി ചെയ്യണോ എന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് പോഷകസമൃദ്ധമായ ഭക്ഷണമാണ് എന്നത് നമുക്കെല്ലാം അറിയുന്ന ഒന്നാണ്... അതുമാത്രം മതിയോ ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന്...?

നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ടണ്‍കണക്കിന് പണവും സമയവും ചെലവഴിക്കേണ്ടതില്ല. പകരം, കുട്ടിയുടെ രോഗപ്രതിരോധ പ്രവര്‍ത്തനം, വളര്‍ച്ച, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് ജീവിതശൈലിയില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. സ്വാഭാവികമായ ഈ ആശയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിനായുള്ള എളുപ്പവും ഫലപ്രദവുമായതും എന്നാല്‍ പേഴ്‌സ് കാലിയാകാതെ എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്നതുമാണ്.

ഭക്ഷണം തിരഞ്ഞെടുക്കുന്നത്

ഇലവര്‍ഗങ്ങളുടെ പോഷക മികവിനെക്കുറിച്ച് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്. ഇരുമ്പ്, കാത്സ്യം, ഫൈബര്‍, വിറ്റാമിന്‍ സി, ഒമേഗ 3, ഫാറ്റി ആസിഡുകള്‍, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ്. കുട്ടികള്‍ ആരോഗ്യത്തോടെ വളരണമെങ്കില്‍ പച്ചക്കറികളും ഇലവര്‍ഗങ്ങളും കഴിക്കണം. അവര്‍ അത് കുട്ടിക്കാലം മുതല്‍ കണ്ടുതന്നെ വളരണം.

'കുട്ടികള്‍ ബ്ലോട്ടിങ് പേപ്പര്‍ പോലെയാണ്' എന്നു പറയുന്നത് വാസ്തവമാണ്. നമ്മള്‍ ചിപ്‌സിന്റെ പായ്ക്കറ്റ് കൈയില്‍വച്ച് അതില്‍നിന്ന് കൊറിച്ചുകൊണ്ട് കുട്ടികളോട് പച്ചക്കറി കഴിക്കാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. അതുപോലെതന്നെ, വെള്ളം, പാല്‍ എന്നിവ ജ്യൂസ്, സോഡാ എന്നിവയ്ക്ക് പകരം കുടിക്കുന്നതും കുട്ടികള്‍ കാണട്ടെ, കണ്ടുവളരട്ടെ.

ഓര്‍മിക്കുക, നമ്മുടെ വീടുകളില്‍ എത്തുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് മുതിര്‍ന്നവര്‍ തന്നെയാണ്. അപ്പോള്‍ ആ ചുമതല ഉത്തരവാദിത്വത്തോടുകൂടി നിര്‍വഹിക്കേണ്ടത് നമ്മള്‍ തന്നെയാണ്. 'ജങ്ക് ഫുഡ്' അല്ലെങ്കില്‍ 'ഫാസ്റ്റ് ഫുഡ്' വീട്ടില്‍ എത്തിക്കുന്നതിന് പകരം, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. അതുവഴി കുട്ടികള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതരാകും.

ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്

കുട്ടികള്‍ എപ്പോഴും മാതൃകയാക്കുക ആരെയാണ്...? അമ്മയും അച്ഛനും ആണ് കുട്ടികളുടെ ആദ്യ ഗുരുക്കന്മാര്‍. കുട്ടികള്‍ എല്ലായ്പ്പോഴും അച്ഛനമ്മമാരെ കണ്ണുമടച്ചു അനുകരിക്കുകയാണ് പതിവ്. അനുയോജ്യമായ തീന്‍മേശ മര്യാദകള്‍, ഭക്ഷണരീതി, സാമൂഹിക കഴിവുകള്‍ എന്നിവ പകര്‍ന്നുനല്‍കാനുള്ള മികച്ച അവസരമാണ് ഒത്തൊരുമിച്ചുള്ള ഭക്ഷണസമയം. ഇവിടെ ഓര്‍മിക്കേണ്ട ഒരു ചെറിയ നിയമം -വിമര്‍ശിക്കരുത്, കുറ്റപ്പെടുത്തരുത്, പകരം ഉദാഹരണത്തിലൂടെ അവരെ നയിക്കുക.

കുട്ടികള്‍ക്ക് വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതിനായുള്ള കവാടം തുറന്നുകൊടുക്കാനും അവരുടെ അഭിരുചികളെ വിപുലമാക്കാനും ഒരുമിച്ചുള്ള ഭക്ഷണം സഹായിക്കും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒമ്പത് മുതല്‍ 14 വയസ്സു വരെ പ്രായമുള്ളവര്‍ കുടുംബങ്ങളുമായി ഭക്ഷണം കഴിക്കുന്നതുമൂലം ഒരുപാട് പ്രയോജനങ്ങളുണ്ട്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താനാകും. (കാത്സ്യം, ഇരുമ്പ്, നാരുകള്‍ തുടങ്ങിയ ധാരാളം പോഷകഘടകങ്ങള്‍ ഇങ്ങനെ അവര്‍ക്കു ലഭിക്കുന്നു). സോഡ, വറുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ കുറയ്ക്കാനുമാകും.

ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും കഴിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ തീന്‍മേശയിലെ കൂട്ടായ്മയ്ക്ക് കഴിയും. കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് ഒരുമിച്ച് സമയം ചെലവഴിക്കുന്നത്. കുട്ടികളുടെ ശാരീരികാരോഗ്യം മാത്രമല്ല ഇങ്ങനെ ഒരുമിച്ച് തീന്‍മേശയില്‍ കുടുംബമായി ഒത്തുകൂടുമ്പോള്‍ വര്‍ധിക്കുന്നത്, ചെറിയ കുഞ്ഞുങ്ങളുള്ള കുടുംബത്തില്‍ ഇങ്ങനെ ഒരുമിച്ചുള്ള ദിനചര്യ അവര്‍ക്ക് സുരക്ഷിതത്വവുമേകും. കുടുംബത്തില്‍ താന്‍ ഒരു അത്യന്താപേക്ഷിത ഘടകം ആണെന്നുള്ള ഒരറിവും അവര്‍ക്കുണ്ടാകും.

വ്യായാമം അത്യാവശ്യം

വ്യായാമം എന്നാല്‍ ഇന്നത്തെക്കാലത്ത് ജിമ്മില്‍ പോകുന്നതാണ്. അതുമാത്രമല്ല വ്യായാമം എന്നത് കുട്ടികളെ പഠിപ്പിക്കേണ്ടതും നമ്മള്‍തന്നെ. കുട്ടികള്‍ ശരീരം അനങ്ങാതെ ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്നത് തടയുക. വിവിധയിനം കായികവിനോദങ്ങള്‍ക്കുള്ള അവസരം ഉണ്ടാക്കുക.

നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, നടത്തം, ഓട്ടം എല്ലാം നല്ല വ്യായാമങ്ങള്‍ തന്നെ. വിശപ്പില്ലായ്മ ഉണ്ടാകുമ്പോള്‍ ശരീരം അനങ്ങിയുള്ള കളികള്‍ വര്‍ധിപ്പിക്കുക. സ്വാഭാവികമായി അത് കൂടുതല്‍ കലോറി കത്തിക്കുകയും അതുവഴി കൂടുതല്‍ വിശപ്പുണ്ടാക്കുകയും ചെയ്യുന്നു.

നേരത്തെ പറഞ്ഞതുപോലെ, കുട്ടികളുടെ കൂടെ നിങ്ങളും കൂടുകയാണെങ്കില്‍ അത് അവര്‍ക്കും സന്തോഷം നല്‍കും. ടെന്നീസ് അല്ലെങ്കില്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് നല്ലൊരു വ്യായാമമാണ്.

ഒരുമിച്ച് രാവിലെയോ, വൈകുന്നേരമോ നടക്കാന്‍ പോകുന്നതും നല്ലൊരു വ്യായാമമാണ്. കുട്ടികളോടൊത്ത് കിട്ടുന്ന ഗുണമേന്മയുള്ള സമയവുമാണ്. പഠനങ്ങളനുസരിച്ച് കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ വിഷാദരോഗം, ആത്മഹത്യാപ്രവണത എന്നിവയില്‍ നിന്ന് ഒരു പരിധിവരെ മാറിനില്‍ക്കും.

മക്കള്‍ എന്തെങ്കിലും കാരണവശാല്‍ മാനസികമായി തകര്‍ന്നിരിക്കുന്നു എങ്കില്‍ അത് രക്ഷിതാക്കള്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ അവരുമായി പങ്കുവയ്ക്കുന്ന ഈ സമയം സഹായിക്കും.

കൈകള്‍ കഴുകുന്നത് ശീലമാക്കുക

കുട്ടികള്‍ കാണുന്നതില്‍ നിന്ന് പഠിക്കുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിനു മുമ്പും കൈകള്‍ നന്നായി കഴുകുക. രോഗം തടയാനുള്ള എളുപ്പവഴികളില്‍ ഒന്നാണിത്. കുളിമുറിയില്‍ പോയതിനുശേഷം, ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, മൃഗങ്ങളെ സ്പര്‍ശിച്ചതിന് ശേഷം, പുറത്ത് കളിച്ചതിന് ശേഷം എല്ലാം കൈകഴുകാന്‍ കുട്ടികളെ പഠിപ്പിക്കുക.

കുട്ടികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് ഒരു നല്ല റോള്‍ മോഡലാകുകയും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ സ്വയം ചെയ്യുക എന്നതുമാണ്.

മാതാപിതാക്കള്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, കുട്ടികള്‍ പിന്തുടരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, പുകവലിക്കാതിരിക്കല്‍, സജീവമായ ജീവിതശൈലി എന്നിവ അവയില്‍ ചിലതു മാത്രം.

Content Highlights: Healthy food for kids