വെളുത്തുള്ളി എന്നത് എനിക്ക് കുട്ടിക്കാലത്ത് ഇഷ്ടമുള്ള ഒന്നായിരുന്നില്ല... വീട്ടില്‍ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലിപൊളിച്ച്, അരിഞ്ഞുകൊടുക്കുക എന്നത്, കത്തി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള എന്റെ ജോലിയായിരുന്നു. ഇത്രയധികം വെളുത്തുള്ളി എന്നതിനാണെന്ന് ഒരു നൂറുവട്ടം അമ്മയോട് പരാതി പറഞ്ഞതിനുശേഷം മാത്രമേ ഞാന്‍ അത് ചെയ്തുകൊടുക്കാറുണ്ടായിരുന്നുള്ളു.
ഞായറാഴ്ചകളില്‍ അച്ഛന്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങിക്കൊണ്ടുവരുന്ന നാടന്‍കോഴി, കറി വയ്ക്കുന്നതിനുവേണ്ടിയാണ് ഈ ഒരുക്കങ്ങളെല്ലാം.
ഇങ്ങനെയൊക്കെയാണെങ്കിലും എണ്ണയില്‍ വഴറ്റുന്ന ഉള്ളിയുടെയും വെള്ളുത്തുള്ളിയുടെയും ഇഞ്ചിയുടെയും സുഗന്ധം ഒന്നു വേറെതന്നെയാണ്. അവയുടെ കൂടെ ചേര്‍ത്തുണ്ടാക്കുന്ന കോഴിക്കറിയുടെ രുചിയും പ്രത്യേകതയുള്ളതു തന്നെയാണ്. എത്ര ഇന്‍സ്റ്റന്റ് വെളുത്തുള്ളി-ഇഞ്ചി മിക്‌സ് കൊണ്ടും ആ ഒരു രുചി ഉണ്ടാക്കാന്‍ കഴിയുകയില്ല.
പിന്നീട് ഒരുപാട് നാളുകള്‍ക്കുശേഷം ഞാന്‍ ഹോസ്റ്റലില്‍ നില്‍ക്കുമ്പോഴാണ് വെളുത്തുള്ളിയുടെ ഗുണമേന്മകളെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ഹോസ്റ്റല്‍ജീവിതത്തിലെ ചെറിയ അസുഖങ്ങള്‍ക്കുള്ള ഒരു ഒറ്റമൂലി തന്നെയായിരുന്നു വെളുത്തുള്ളി!
പണ്ടുതൊട്ടേ വെളുത്തുള്ളി ഔഷധമായി ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീക്ക് വൈദ്യനും പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവുമായ 'ഹിപ്പോക്രാറ്റസ്' ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ക്ഷീണത്തിനും മറ്റും മരുന്നായി വെളുത്തുള്ളി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യ, കിഴക്കന്‍ ഏഷ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ചരിത്രത്തിലുടനീളം വെളുത്തുള്ളി ബ്രോങ്കൈറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം, ക്ഷയം, കരള്‍ തകരാറുകള്‍, ഛര്‍ദി, വായുവിന്റെ ബുദ്ധിമുട്ട്, കുടല്‍വിരകള്‍, വാതം, പ്രമേഹം, പനി എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു.
വെളുത്തുള്ളി എന്നത് പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറതന്നെയാണ്. ഒരൗണ്‍സ് (ഏകദേശം 28.35 ഗ്രാം) വെളുത്തുള്ളിയില്‍ ജീവകം -ബി 6 (17%), ജീവകം -സി (15%), ജീവകം -ബി, മാംഗനീസ് (23%), സെലെനിയം (6%), നാരുകള്‍ (18%) എന്നിവ കാണപ്പെടുന്നു. ഇവ കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവയും ഉണ്ട്.
വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുക എന്നത് എല്ലാവര്‍ക്കും അത്ര എളുപ്പമല്ല. പാചകം ചെയ്യാത്ത വെളുത്തുള്ളി വളരെ രൂക്ഷമായ ഗന്ധം ഉണ്ടാക്കാറുണ്ട്. വെളുത്തുള്ളിയിലെ ജൈവ സള്‍ഫര്‍ സംയുക്തമായ 'അല്ലിസിന്‍' ആണ് അതിന് ഈ ഗന്ധം നല്‍കുന്നത്.
വെളുത്തുള്ളിയുടെ ഗുണങ്ങള്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍
ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് വെളുത്തുള്ളി ധമനികളിലും രക്തസമ്മര്‍ദത്തിലും നല്ല സ്വാധീനം ചെലുത്തുമെന്നുതന്നെയാണ്. ചുവന്ന രക്താണുക്കള്‍, വെളുത്തുള്ളിയിലെ 'സള്‍ഫറി'നെ നമ്മുടെ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന 'ഹൈഡ്രജന്‍ സള്‍ഫൈഡ്' വാതകമാക്കി മാറ്റുകയും അതുവഴി രക്തസമ്മര്‍ദം നിയന്ത്രിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് സമാനമായ ജര്‍മന്‍ കമ്മിഷന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് പ്രതിദിനം 4 ഗ്രാം വെളുത്തുള്ളി (ഒരു വലിയ ഗ്രാമ്പുവിന്റെ വലിപ്പം) ശുപാര്‍ശ ചെയ്യുന്നു.
ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍
കഴിഞ്ഞ 7,000 വര്‍ഷമായി ബാക്ടീരിയ, ഫംഗസ്, പരാന്നഭോജികള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി വെളുത്തുള്ളി ഒരു ആന്റിബയോട്ടിക്കായി ഉപയോഗിക്കുന്നു. കുട്ടികളില്‍ കാണപ്പെടുന്ന വിര ശല്യത്തിന് നേര്‍പ്പിച്ച വെളുത്തുള്ളി സത്ത് സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല. ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും.
കാന്‍സര്‍ പ്രതിരോധം
ദിവസേന വെളുത്തുള്ളി കഴിക്കുന്നതിലൂടെ ശരീരം കാന്‍സര്‍ പ്രതിരോധശക്തി നേടും. 'അലൈല്‍ സള്‍ഫൈഡ്' ആണ് വെളുത്തുള്ളിയുടെ കാന്‍സര്‍ പ്രതിരോധശേഷിക്ക് കാരണം. ഒരുതരം 'ഹെട്രോസൈക്‌ളിക് അമീന്‍' ആയ 'പി.എച്ച്.ഐ.പി.'യാണ് സ്ത്രീകളുടെ മാറിടത്തില്‍ കാന്‍സര്‍ ഉണ്ടാകാന്‍ പ്രധാന കാരണം. വെളുത്തുള്ളിയിലെ അലൈല്‍ സള്‍ഫൈഡ് ഈ ഹെട്രോസൈക്‌ളിക് അമീനെ 'കാര്‍സിനോജന്‍' ആയി രൂപാന്തരം പ്രാപിക്കുന്നതില്‍ നിന്ന് തടയുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ചില പഠനങ്ങള്‍, വെളുത്തുള്ളിയുടെ ദൈനംദിന ഉപഭോഗം ആമാശയ-വന്‍കുടല്‍ കാന്‍സര്‍ എന്നിവ തടയുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നു. വെളുത്തുള്ളി കാന്‍സറിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്ന് പറയപ്പെടുന്നു.
മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന്
വെളുത്തുള്ളിയിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെ ചര്‍മത്തിലെ പാടുകള്‍ മായ്ക്കും. മുഖക്കുരുവിന് മുകളില്‍ അസംസ്‌കൃത വെളുത്തുള്ളി പുരട്ടുന്നത് അവയെ മായ്ച്ചുകളയുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നിരുന്നാലും ചിലര്‍ക്ക് ഇത് ചര്‍മത്തില്‍ പുരട്ടിയാല്‍ പൊള്ളുന്നപോലത്തെ തോന്നല്‍ ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും അറിഞ്ഞിരിക്കുക.
ജലദോഷത്തിനെതിരേ
കഠിനമായ ജലദോഷത്തില്‍നിന്ന് വെളുത്തുള്ളി ആശ്വാസം നല്‍കും. ഒരുദിവസം 2-3 ഗ്രാമ്പു, അസംസ്‌കൃത അല്ലെങ്കില്‍ വേവിച്ച വെളുത്തുള്ളി എന്നിവ ഉപയോഗിക്കുക. ജലദോഷം ഭേദമാക്കാന്‍ മാത്രമല്ല, നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണ് വെളുത്തുള്ളി. പനിയും ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാനും ഇവ മിടുക്കരാണ്.
Content Highlights: Health benefits of garlic