• കാരറ്റ്, കുക്കുമ്പർ, ഇലക്കറികൾ നാരുള്ള ഭക്ഷണം...  പല്ലുകൾക്ക് വളരെ നല്ലത്.
  • ചീസ്, ചിക്കൻ, നട്‌സ്, പാല്, തൈര്, മുട്ട, ബ്രോക്കോളി, കടൽവിഭവങ്ങൾ (ഞണ്ട്, കക്കയിറച്ചി, ചെമ്മീൻ)... പല്ലിന്റെ ഇനാമലിന് വളരെ ഗുണം ചെയ്യുന്ന കാത്സ്യം, ഫോസ്‌ഫറസ് എന്നിവ പ്രദാനം ചെയ്യുന്നു. കാത്സ്യം പല്ലുകൾക്ക് വളരെ അത്യാവശ്യമാണ്.
  • ആപ്പിൾ, പയർ, പച്ചക്കറികൾ, തണ്ണിമത്തൻ... ഇവയിൽ വെള്ളത്തിന്റെ അംശം കൂടുതലുണ്ട്. അത് അവയിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ വീര്യം കുറയ്ക്കുകയും കൂടുതൽ ഉമിനീര് ഉത്പാദിപ്പിക്കുകയും ചെയ്യും.
  • വെള്ളം, പാല്... ഇവയാണ് ഏറ്റവും നല്ല പാനീയങ്ങൾ. പല്ലുകളുടെ ജീർണത തടയാൻ വെള്ളത്തിന്റെ പങ്ക് വളരെ വലുതാണ്.

എന്തു ഭംഗിയാ കുഞ്ഞുങ്ങളുടെ പല്ലില്ലാത്ത മോണ കാണിച്ചുള്ള ചിരി കാണുന്നത്...! പല്ലില്ലാ മോണയിൽ നിന്ന് പല്ലുകൾ വരുമ്പോൾ എങ്ങനെയാണ്‌ അതു സംരക്ഷിക്കേണ്ടത്, എപ്പോഴാണ് കുഞ്ഞുങ്ങളെ ദന്ത ഡോക്ടറെ കാണിക്കേണ്ടത് എന്നതെല്ലാം നമ്മളെ കുഴക്കുന്ന ചോദ്യങ്ങളാണ്. ചെറുപ്പത്തിൽ ഞാൻ ദന്ത ഡോക്ടറെ കണ്ടിട്ടുള്ളത് പല്ലിന്‌ എന്തെങ്കിലും കേടു വരികയോ, പല്ലുവേദന വരികയോ ചെയ്യുമ്പോഴാണ്. കുഞ്ഞുണ്ടായതിനു ശേഷം പീഡിയാട്രീഷ്യൻ നൽകിയ ബോധവത്കരണമാണ് കുഞ്ഞിനെ ചെറുപ്പത്തിൽത്തന്നെ കൃത്യമായി ദന്തവിദഗ്ദ്ധരെ കാണിക്കണം എന്നത് എനിക്കു മനസ്സിലാക്കിത്തന്നത്.

ദന്ത പരിശോധന എപ്പോൾ?

കുഞ്ഞിന്റെ ആദ്യ പിറന്നാളിന് മുമ്പ്, അല്ലെങ്കിൽ ആദ്യത്തെ പല്ലു മുളച്ചതിനു ശേഷം ദന്ത പരിശോധനയ്ക്ക്‌ കൊണ്ടുപോകേണ്ടതാണ് എന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് ഡെന്റിസ്ട്രി (എ.എ.പി.ഡി.) നിർദേശിക്കുന്നത്. അവിടെ ആദ്യപരിശോധനാ സമയത്ത്‌ അച്ഛനമ്മമാർക്ക്‌ കുഞ്ഞുങ്ങളുടെ ദന്തപരിചരണത്തിന്‌ ആവശ്യമായ നിർദേശങ്ങളും അതിനാവശ്യമായ വസ്തുക്കളെ കുറിച്ചും വിശദമായി പറഞ്ഞുതരും. എല്ലാ ആറുമാസം കൂടുമ്പോഴുമാണ് സാധാരണ ദന്തപരിശോധന നടത്താൻ നിർദേശിക്കുക. എന്നാൽ, നിങ്ങളുടെ ദന്ത ഡോക്ടർ (ഫാമിലി ഡെന്റിസ്റ്റ്‌ ഓർ പീഡിയാട്രിക് ഡെന്റിസ്റ്റ്‌) പറയുന്നതനുസരിച്ചു ചെയ്യേണ്ടതാണ്.

കുഞ്ഞരിപ്പല്ലുകൾ എങ്ങനെ സംരക്ഷിക്കും?

പല്ലുകൾ വരുന്നതിനു മുമ്പുതന്നെ കുഞ്ഞിന്റെ മോണ, വളരെ മൃദുവായ ഒരു തുണി നനച്ച ശേഷം തുടയ്ക്കുക. ഇത് മോണകളിലുള്ള പാലിന്റെ അംശം നീക്കം ചെയ്യുന്നതിന് സഹായിക്കും. വായിലുള്ള ബാക്ടീരിയ സാധാരണ പല്ലുകളെയാണ് ആക്രമിക്കുന്നത്, പക്ഷേ, പാൽപ്പല്ലുകൾ എപ്പോഴാണ് പുറത്തേക്കു വരുന്നതെന്ന് പറയാൻ സാധിക്കാത്തതു കൊണ്ട്, കുഞ്ഞിലേ മോണ വൃത്തിയാക്കുന്നത് ഒരു ശീലമാക്കുക. മാത്രമല്ല, അത് കുഞ്ഞിന് പിന്നീട് ബ്രഷ് ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കുന്നതിന് ഒരു പരിശീലനവുമാകും.

കുഞ്ഞിന് ആറുമാസം ആകുമ്പോഴാണ് സാധാരണ പല്ലുകൾ വരാൻ തുടങ്ങുന്നത്. (വിഷമിക്കണ്ട, ചില കുഞ്ഞുങ്ങൾക്ക് 15 - 18 മാസം ആകുമ്പോഴാണ് ആദ്യത്തെ പല്ലുകൾ വരുന്നത്). രാവിലെയും രാത്രിയും പല്ലു തേയ്ക്കുക എന്നത് കുഞ്ഞിന്റെ പതിവുകളിൽ ഉൾപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്. പല്ലുകളുടെ അകത്തെ വശവും പുറത്തെ വശവും കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക.

കുഞ്ഞിന്റെ വായിൽ രണ്ടു പല്ലുകൾ അടുത്ത് വന്നു കഴിയുമ്പോൾ (പല്ലുകൾ പരസ്പരം മുട്ടിനിൽക്കാൻ തുടങ്ങിയതിനു ശേഷം) ഫ്ലോസിങ് (Flossing) തുടങ്ങേണ്ടതാണ്. പല്ലിന്റെ ഘടന അനുസരിച്ച്‌ ചിലപ്പോൾ ബ്രഷിന്‌ കടന്നുചെല്ലാൻ പ്രയാസമുള്ള, പല്ലുകളുടെ ഇടയിലെ ആഹാരാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഫ്ലോസിങ് വളരെ സഹായിക്കും. നിങ്ങളുടെ ഡെന്റിസ്റ്റിനോട് ഇതിനെ കുറിച്ചുള്ള നിർദേശങ്ങൾ ചോദിക്കുക. ശരിയായ രീതിയിൽ ഫ്ളോസ് ചെയ്യുകയാണെങ്കിൽ പല്ലുകളുടെ ഇടയിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ, ബാക്ടീരിയൽ പ്ലാക്‌ (Plaque - പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പടലമാണ് പ്ലാക്ക്‌. ഇതിൽ വളരുന്ന ബാക്ടീരിയകൾ ദന്തക്ഷയത്തിനും വീർത്ത മോണകൾക്കും കാരണമാകും.) എന്നിവ നീക്കം ചെയ്യാൻ സാധിക്കും. കുഞ്ഞുങ്ങൾക്ക്‌ കുപ്ലിക്കാനും തുപ്പാനും പറ്റുമെങ്കിൽ പേസ്റ്റ് ഉപയോഗിക്കാൻ തുടങ്ങാവുന്നതാണ്. ‘ഫ്ലൂറൈഡ്’ (Flouride) ചേർന്ന പേസ്റ്റ് തിരഞ്ഞെടുക്കാനാണ് ദന്തവിദഗ്ദ്ധർ നിർദേശിക്കുന്നത്. ഫ്ലൂറൈഡ് എന്നതിനെ പ്രകൃതിയുടെ ‘Cavity Fighter’ എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പല ഭക്ഷണപദാർഥങ്ങളിലും വിവിധ തോതിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ, കുടിക്കുന്ന ജലത്തിലും അടങ്ങിയിട്ടുള്ളതാണ് അത്‌. കുടിക്കുന്ന വെള്ളത്തിൽ ഫ്ലൂറൈഡ് ഉണ്ടെങ്കിൽ ഡോക്ടർ പറയുന്നതനുസരിച്ചു മാത്രം ടൂത്ത്‌പേസ്റ്റ് ഫ്ലൂറൈഡ് ഉള്ളത് തിരഞ്ഞെടുക്കുക. ടൂത്ത്പേസ്റ്റിലെ ഫ്ലൂറൈഡ് നമ്മുടെ പല്ലുകളിലെ ഇനാമൽ സംരക്ഷിക്കുകയും അതിലൂടെ ദന്തക്ഷയം തടയുകയും ചെയ്യും.

മൂന്നു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു അരിമണി (rice  grain) വലിപ്പത്തിലും, മൂന്നു മുതൽ ആറു വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഒരു പയർമണി (pea size) വലിപ്പത്തിലും ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാനാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ നിർദേശിക്കുന്നത്.

കുഞ്ഞുങ്ങളെ ദന്തസംരക്ഷണത്തെ കുറിച്ച്‌ എങ്ങനെ ബോധവത്കരിക്കും?

കിടക്കുന്നതിന് മുമ്പുള്ള പല്ലുതേയ്ക്കൽഗുസ്തി ഒഴിവാക്കാനായി കുഞ്ഞുങ്ങൾക്ക് ആകർഷകമായി തോന്നുന്ന എന്തു ചെപ്പടിവിദ്യ ചെയ്യാനും അച്ഛനമ്മമാർ തയ്യാറാകും. ഞാൻ പ്രയോഗിക്കുകയും എന്റെ മൂന്നര വയസ്സുകാരിയിൽ ഫലവത്താവുകയും ചെയ്ത ചില ഗുട്ടൻസുകൾ ഇവിടെ പറയാം: -നമ്മളെന്തു കാണിക്കുമോ അത് കുഞ്ഞുങ്ങളും പിന്തുടരും. അപ്പോൾ സംശയിേക്കണ്ട രണ്ടുനേരം ബ്രഷ് ചെയ്യുന്നതും ഫ്ളോസ് ചെയ്യുന്നതും എല്ലാം തകൃതിയായി നമുക്കും ചെയ്യാം.

-ഒരു പതിവ് വളർത്തിയെടുക്കാൻ ശ്രമിക്കുക. ഇവിടെ രാത്രിയിലെ പതിവിന് ഞാനും എന്റെ മകളും പറയുന്നത് ബി-ബി-ബി എന്നാണ് (Brush- Book-Bedtime). ബ്രഷ് ചെയ്യുക, ബുക്ക് വായിക്കുക, പിന്നീട് ഉറങ്ങുക... ഇങ്ങനെ ഒരു പതിവുള്ളതു കൊണ്ട്, കുഞ്ഞിന് സമയത്തെക്കുറിച്ച് വലിയ ബോധമില്ലെങ്കിലും അടുത്ത ചടങ്ങ്‌ എന്താണെന്ന്‌ പെട്ടെന്ന് മനസ്സിലാകും.

-ദന്തസംരക്ഷണത്തെ പറ്റിയുള്ള കുട്ടികളുടെ പുസ്തകങ്ങൾ വായിച്ചുകൊടുക്കുക. ഉദാഹരണത്തിന്, Dr Seuss ന്റെ ‘Tooth book’ വളരെ നല്ല ഒരു പുസ്തകമാണ്.

-പ്രോത്സാഹനം... അത് വളരെ ഉപയോഗപ്രദമാണ്. ഒന്നു നന്നായി കുപ്ലിക്കുമ്പോൾ ‘ഗുഡ് ജോബ്’ എന്നു പറയാം. അല്ലെങ്കിൽ, നല്ലൊരു പല്ലുതേയ്ക്കൽ കഴിയുമ്പോൾ ഒരു സ്റ്റിക്കർ കൊടുക്കാം. അല്ലെങ്കിൽ, പതിവായി ഒരു ബുക്ക് വായിക്കുന്നിടത്ത്, ഭംഗിയായി പല്ലു തേച്ചാൽ രണ്ടു ബുക്ക് വായിക്കാം. ഇത്തരം മറ്റു പ്രോത്സാഹന മാർഗങ്ങളും ഉപയോഗിക്കാം.

-ചില ഡെന്റൽ ക്ലിനിക്കുകൾ (പീഡിയാട്രിക് ഡെന്റിസ്റ്ററി) കുഞ്ഞുങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ (മിക്കി മൗസ് ബ്രഷ്, ഏരിയൽ ഫ്ളോസ്സർ, സ്മാൾ ഫാസെമസ്ക്, ടൂത്ത്പേസ്റ്റ്) നൽകുകയും അതുവഴി കുഞ്ഞുങ്ങൾക്ക് പല്ലുതേയ്ക്കലും ഡെന്റിസ്റ്റ് സന്ദർശനവും വേറിട്ട അനുഭവമാക്കി മാറ്റുകയും ചെയ്യും. (പണ്ട് എന്റെ അച്ഛൻ എന്നെ ഡെന്റിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകുമ്പോൾ, ആകെ ഒരു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, പല്ലു പറിക്കുകയാണെങ്കിൽ ഒരു ഐസ്‌ക്രീം ഉറപ്പാണ്. ഇപ്പോൾ എന്റെ കുഞ്ഞ്, ഡോക്ടറുടെ അടുത്തു നിന്ന് വരുന്നത് സ്വന്തം ക്ലിനിക് നടത്താനുള്ള സാധന സാമഗ്രികളുമായാണ്!!)

ഏതു ഭക്ഷണമാണ് കുഞ്ഞിപ്പല്ലുകൾക്ക്  ഹാനികരം, ഏതാണ് നല്ലത്?

ദന്ത രോഗങ്ങൾക്ക് ഒരു പ്രധാന കാരണം പഞ്ചസാരയാണ്. (ചോക്ലേറ്റുകൾ, കാൻഡീസ്, ജൂസ്‌, കാർബൊണേറ്റഡ് ഡ്രിങ്ക്സ് (സോഡ), പൊട്ടറ്റോ ചിപ്സ്... എല്ലാം വില്ലന്മാർ തന്നെ). മധുരം ചെറിയ അളവിൽ കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്. ഇനി ഒഴിവാക്കാൻ പറ്റാത്ത സന്ദർഭങ്ങളിൽ മധുരം കഴിച്ചതിതിനു ശേഷം ബ്രഷ് ചെയ്യാൻ പറയണം. അതിനു കഴിഞ്ഞില്ലെങ്കിൽ വെള്ളം കുടിക്കുകയാണെങ്കിൽ അതും സഹായിക്കും. മധുരം കഴിവതും പ്രധാന ഭക്ഷണങ്ങളുടെ കൂടെ ഉൾപ്പെടുത്തുന്നതാണ് സ്നാക്സുകളായി കഴിക്കുന്നതിലും നല്ലത്. പ്രധാന ഭക്ഷണം കഴിക്കുമ്പോൾ വളരെ അധികം ഉമിനീര് ഉണ്ടാകുകയും അതുവഴി പല്ലിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന ഭക്ഷണപദാർഥങ്ങൾ  സ്വാഭാവികമായി നീക്കം ചെയ്യുകയും ചെയ്യും.

ഒരു പ്രാവശ്യം കഴിച്ച പ്ലേറ്റ് വീണ്ടും കഴിക്കുന്നതിനു മുമ്പ്‌ നമ്മൾ വൃത്തിയാക്കിയിട്ടല്ലേ കഴിക്കുകയുള്ളൂ. അതു പോലെ തന്നെ ഇതും. (ഈ ലോജിക് ചെറുപ്പത്തിൽ അമ്മ പറഞ്ഞുതന്നപ്പോൾ എനിക്കും പുല്ലു വിലയായിരുന്നു. പിന്നീട് പല്ലുവേദന വന്നപ്പോൾ പഠിച്ചു!).  

അറിവെല്ലാം കിട്ടി..... ഇനി കുട്ടിപ്പട്ടാളത്തെ പച്ചക്കറികളും ഇലക്കറികളും പഴങ്ങളും എങ്ങനെ കഴിപ്പിക്കും??? അതിനാണ് നമ്മൾ ‘ഫുഡ് ആർട്ട്’ എന്ന ജാലവിദ്യ ഉപയോഗിക്കുന്നത്. സ്നാക്സ്‌ ആയി ബിസ്കറ്റ് അല്ലെങ്കിൽ, കോൺഫ്ലേക്സ് വേണമെന്ന് വാശി പിടിക്കുന്ന കുഞ്ഞിന് നമുക്ക് ഒരു കുട്ടി ഇഡ്ഡലി കൊണ്ടൊരു പൂച്ചയെ ഉണ്ടാക്കി കൊടുത്താലോ... കൂടെ പേരിന്‌ കുട്ടിക്ക് വേണ്ട കുറച്ച്‌ അലങ്കാരങ്ങളും...? (കുട്ടി ഹാപ്പി... അമ്മ ഹാപ്പി...)!


Idlyഇഡ്ഡലി പൂച്ചയുടെ സ്വപ്നം

പൂച്ചയുടെ ശരീരം -ഇഡലി
ശരീരത്തിന്റെ നടുക്ക് -സ്ട്രോബെറി
പൂച്ചയുടെ മുഖം -ചെറിയ ഇഡലി
കണ്ണുകൾ -ബ്ലാക്ബെറി
മൂക്ക് -ബ്ലാക്ബെറി
വായ -സ്ട്രോബെറി
മീശ -സ്ട്രോബെറി
വാല് -ഇഡലി
കാലുകൾ - ഗ്രേപ്സ് + സ്ട്രോബെറി
മണ്ണ് -തേങ്ങാ ചമ്മന്തി
മീനിന്റെ ബൗൾ -ചീസ്
ഗ്രൈൻസ് -കോൺഫ്ലേക്സ്
മീൻ -ബേക്ഡ് ഗോൾഡ്ഫിഷ് ബിസ്കറ്റുകൾ
എയർ ബബ്‌ൾസ് -ചുവന്ന തേങ്ങാ ചമ്മന്തി
ഫ്രൂട്ട് ആർട്ട് -ഉപയോഗിച്ചിരിക്കുന്നത്: ആപ്പിൾ, കിവി പഴം, ഗ്രേപ്സ്, ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച്


writer is...

അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്നു. ഐടി മേഖലയിൽ  ജോലി ചെയ്യുന്നു. ഫുഡ് ആർട്ട് രംഗത്ത് വിദഗ്ദ്ധ.