ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഭീതി കുറഞ്ഞുതുടങ്ങിയിരിക്കുന്നു. വീടുകളില്‍നിന്ന് വെള്ളം ഇറങ്ങാന്‍ തുടങ്ങി എന്ന് കേള്‍ക്കുമ്പോള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അഭയംപ്രാപിച്ചിരുന്ന ജനങ്ങള്‍ തങ്ങളുടെ വീടുകളിലേക്ക് തിരികെ പോകാന്‍ തയ്യാറെടുക്കുകയാണ്.
പ്രളയ ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകളും കുടിവെള്ള സ്രോതസ്സുകളും ശുചീകരിച്ച് ഗൃഹങ്ങള്‍ വാസയോഗ്യമാക്കുന്നത് തീവ്രയജ്ഞം തന്നെയാണ്. എന്നാല്‍, പ്രളയം കൊണ്ടുവരുന്ന ഭീകരമായ ഒരു ഭീഷണി പകര്‍ച്ചവ്യാധികളുടെ ആരംഭമാണ്.
പ്രളയത്തിന് ശേഷം ഇനിപ്പറയുന്ന സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്:
മലിനമായ വെള്ളം കുടിക്കുന്നതിലൂടെ പടരുന്ന ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, കോളറ, ലെപ്‌റ്റോസ്പിറോസിസ്, ഹെപ്പറ്റൈറ്റിസ്-എ എന്നിവ.
കൊതുകുകള്‍, ഈച്ചകള്‍ എന്നിവയാല്‍ പകരുന്ന വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളായ മലേറിയ, ഡെങ്കി, മഞ്ഞപ്പനി എന്നിവ.
കുടിവെള്ളം അണുവിമുക്തമായതു മാത്രം ഉപയോഗിക്കുക.
വെള്ളപ്പൊക്കം കൊണ്ടുവന്ന മാലിന്യങ്ങള്‍ മൂലം കുടിവെള്ള സ്രോതസ്സുകള്‍ മലിനമായിട്ടുണ്ടാകും. വെള്ളപ്പൊക്കത്തിലൂടെ വിസര്‍ജ്യവസ്തുക്കള്‍ മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെ കുടിവെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ട്.
എലിപ്പനി, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, അതിസാരം എന്നിവ വെള്ളത്തിലൂടെയാണ് പകരുന്നത്. അതിനാല്‍ കുടിവെള്ളം അണുവിമുക്തമാണെന്നും കുടിക്കാന്‍ യോഗ്യമാണെന്നും ഉറപ്പുവരുത്തുക.
പാക്ക് ചെയ്ത കുപ്പിവെള്ളം ലഭ്യമാണെങ്കില്‍ അത് ഉപയോഗിക്കുക.
ഇങ്ങനെയുള്ള വെള്ളം ഇല്ലെങ്കില്‍ വെള്ളം നന്നായി തിളപ്പിക്കുക. രോഗകാരികളായ ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ എന്നിവയെ നശിപ്പിക്കാന്‍ വെള്ളം തിളപ്പിക്കുന്നതു വഴി കഴിയും.
വെള്ളം തെളിഞ്ഞതല്ലെങ്കില്‍ തെളിയുന്നതുവരെ കാത്തിരുന്നതിനുശേഷം, അത് ശുദ്ധിയുള്ള ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കുക.
അണുവിമുക്തമാക്കാനായി മറ്റൊരു മാര്‍ഗം കുക്കറില്‍ വെള്ളം ആവശ്യത്തിന് എടുത്തതിനു ശേഷം, ഉയര്‍ന്ന ചൂടില്‍ 10 മുതല്‍ 15 വിസില്‍ വരെ (15 മിനിറ്റ്) ചൂടാക്കുക, അരിച്ചെടുക്കുക, ഉപയോഗിക്കുക.
ഇങ്ങനെ ചൂടാക്കി ശുചീകരിച്ച വെള്ളം തണുപ്പിച്ചതിനു ശേഷം ശുദ്ധിയുള്ള പാത്രങ്ങളില്‍ സൂക്ഷിക്കുക.
അടുക്കളയും പരിസരവും വൃത്തിയാക്കുന്നത്
വെള്ളപ്പൊക്കം അടുക്കളയെയും ഭക്ഷ്യസംഭരണ സ്ഥലങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കില്‍ അവ വൃത്തിയാക്കിയെടുക്കുക എന്നതൊരു വലിയ വെല്ലുവിളി തന്നെയാണ്.
ആദ്യംതന്നെ അടുക്കളയില്‍ നിന്ന് മലിനജല സമ്പര്‍ക്കത്തില്‍ വന്ന പാത്രങ്ങളും മറ്റു വസ്തുക്കളും നീക്കംചെയ്യുക.
അണുവിമുക്തമാക്കാനുള്ള ക്ലോറിന്‍ ലായനി ഉപയോഗിച്ച് അടുക്കളയും പരിസരവും നന്നായി കഴുകുക. തറയും പരിസരങ്ങളും വൃത്തിയാക്കിയതിന് ശേഷം അണുക്കള്‍ നശിക്കുന്നതിന് അരമണിക്കൂര്‍ കാത്തിരിക്കുക. ഈ സമയത്ത് വെള്ളം ഉപയോഗിച്ച് അതേ സ്ഥലങ്ങള്‍ കഴുകരുത്. അരമണിക്കൂറിനു ശേഷം ക്ലോറിന്റെ മണംപോകാന്‍ സുഗന്ധം കലര്‍ന്ന ലായനികള്‍ ഉപയോഗിച്ച് നന്നായി ഒന്നുകൂടി കഴുകുക.
ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കൗണ്ടര്‍ ടോപ്പുകള്‍ ചൂടുള്ള സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക. ഒരു ഗാലന്‍ കുടിവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ സുഗന്ധമില്ലാത്ത ലിക്വിഡ് ക്ലോറിന്‍ ബ്ലീച്ച് ഉപയോഗിച്ചോ ലഭ്യമായ ഏറ്റവും ശുദ്ധവും വ്യക്തവുമായ വെള്ളം ഉപയോഗിച്ചോ ലായനി ഉണ്ടാക്കുക.
എല്ലാ കൗണ്ടര്‍ടോപ്പുകളും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളും മേല്പറഞ്ഞ വെള്ളം ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക, കാറ്റുകൊണ്ട് ഉണങ്ങാന്‍ അനുവദിക്കുക.
ഇങ്ങനെ വൃത്തിയാക്കിയതിനു ശേഷം, അടുക്കളയില്‍ നിന്ന് നീക്കംചെയ്ത വസ്തുക്കള്‍ മേല്പറഞ്ഞ ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം അകത്തേക്കെത്തിക്കുക.
സെറാമിക്, ഗ്ലാസ്, മെറ്റല്‍ കലങ്ങള്‍, ചട്ടി, പാത്രങ്ങള്‍ എന്നിവ ചൂടുവെള്ളം ലഭ്യമാണെങ്കില്‍ ചൂടുള്ള സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക.
അതുകൂടാതെ കഴുകിക്കളയാനും ശുദ്ധീകരിക്കാനും ഒരു ടേബിള്‍ സ്പൂണ്‍ സുഗന്ധമില്ലാത്ത, ദ്രാവക ക്ലോറിന്‍ ബ്ലീച്ച് ഒരു ഗാലന്‍ കുടിവെള്ളത്തിലേക്കോ അല്ലെങ്കില്‍, ലഭ്യമായ ഏറ്റവും ശുദ്ധവും വ്യക്തവുമായ വെള്ളത്തിലേക്കോ ചേര്‍ക്കുക. ഈ വെള്ളത്തില്‍ സ്പൂണുകളും മറ്റു പാത്രങ്ങളും ഇട്ട് 15 മിനിറ്റ് തിളപ്പിക്കുക. 15 മിനിറ്റിനുശേഷം ഇവ കാറ്റുകൊണ്ട് ഉണങ്ങാന്‍ അനുവദിക്കുക.
വെള്ളപ്പൊക്കംവഴി മലിനമായതും കളയേണ്ടതുമായ ഭക്ഷണ/ഔഷധ വസ്തുക്കള്‍
ഇറച്ചി, മീന്‍, മുട്ട (ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നവ ആയാലും. വൈദ്യുതി നിലച്ചതുകൊണ്ട് ഇവ കേടാകാം).
തുറന്ന പാത്രങ്ങളില്‍ സൂക്ഷിച്ചിരുന്ന വിഭവങ്ങള്‍.
പ്രളയജലത്തില്‍ വീണുകിടന്ന എല്ലാ മരുന്നുകളും കോസ്മെറ്റിക്‌സുകളും.
ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന അരിയും മറ്റും.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള തിരക്കില്‍ ആരോഗ്യത്തിന് ഹാനികരമായതൊന്നുംതന്നെ ചെയ്യാതിരിക്കുക.
വൃത്തിയാക്കാനും മറ്റും ഗ്ലൗസ് ഉപയോഗിക്കുക. കാലുകളില്‍ ബൂട്‌സ് ഇടുന്നതും നല്ലതാണ്.
സംശയമുണ്ടെങ്കില്‍ ഏത് ഭക്ഷണസാധനമായാലും പുറന്തള്ളുക, രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കേണ്ടതില്ല.
അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. ഫുഡ് ആര്‍ട്ട് രംഗത്ത് വിദഗ്ദ്ധ.
Content Highlights: Things To remember after flood