'കണ്ണെന്നാല്‍ ആത്മാവിന്റെ ജാലകങ്ങള്‍' എന്നാണ് പറയപ്പെടുന്നത്. നൂറു ശതമാനം ശരിയായ ഒരു വസ്തുതയാണത്. നമ്മുടെ സൗഖ്യത്തിന് അത്യന്തം ആവശ്യമായ ഒന്നാണ് ആരോഗ്യകരമായ കണ്ണുകള്‍.

അമേരിക്കന്‍ അക്കാദമി ഓഫ് ഓഫ്താല്‍മോളജി പറയുന്നത് ശരിയായ രീതിയിലുള്ള സമീകൃതാഹാരം കഴിക്കുന്നത് ഹൃദയത്തിനും കണ്ണുകള്‍ക്കും വളരെ നല്ലതാണ് എന്നാണ്. 

കൊഴുപ്പു കുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിനു മാത്രമല്ല കണ്ണുകള്‍ക്കും പ്രയോജനം ചെയ്യും. ഹൃദയവും കണ്ണുകളും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് നോക്കാം: 

ഹൃദയം വലിയ ധമനികളെ ആശ്രയിക്കുന്നതുപോലെ കണ്ണുകള്‍ ഓക്‌സിജനും മറ്റു  പോഷകങ്ങള്‍ക്കും വേണ്ടി ചെറിയ ധമനികളെ ആശ്രയിക്കുന്നു. ആ ധമനികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത് കണ്ണുകള്‍ക്ക് സഹായകമാകും. 

'ആന്റി ഓക്‌സിഡന്റുകള്‍' എന്നറിയപ്പെടുന്ന വിറ്റാമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണുകളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാവുന്നതാണ്. 

ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന കണ്ണുകളെ ബാധിക്കുന്ന ചില അസുഖങ്ങളാണ് തിമിരം, ഗ്ലോക്കോമ, കണ്ണുകളുടെ വരള്‍ച്ച തുടങ്ങിയവ. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പല തരത്തിലുള്ള ആന്റി ഓക്‌സിഡന്റുകളുമുണ്ട്. 

Eye
Image Courtesy: pixabay

ഇതില്‍ പ്രധാനപ്പെട്ടവയാണ്  

  • ലുറ്റെയ്ന്‍ (lutein)
  • സിയസേന്തിന്‍ (zeaxanthin)
  • ഒമേഗ-3 ഫാറ്റി ആസിഡുകള്‍
  • വിറ്റാമിനുകള്‍ എ, സി, ഇ
  • സിങ്ക്
  • ബീറ്റ കരോട്ടിന്‍ 

ചില ആഹാരങ്ങള്‍ കണ്ണുകളുടെ ആരോഗ്യത്തിന് പ്രത്യേകമായി സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനു വേണ്ടി ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ട ചില ഭക്ഷണപദാര്‍ഥങ്ങളെ കുറിച്ചാണ് താഴെ പറഞ്ഞിരിക്കുന്നത് 

മീന്‍
അയല, സാല്‍മണ്‍, ട്യൂണ എന്നീ മത്സ്യങ്ങള്‍ ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്പന്നമാണ്. ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ നമ്മുടെ കണ്ണുകളുടെ വരള്‍ച്ച, മാകുലാര്‍ ഡിജിനീയേഷന്‍ എന്നീ അവസ്ഥകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്നു. 

മീന്‍ കഴിക്കാത്തവര്‍ കറുത്ത ഉണക്കമുന്തിരി എണ്ണ അല്ലെങ്കില്‍ ഫ്‌ലേക്‌സീഡ് എണ്ണ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ ഒമേഗ ഫാറ്റി ആസിഡുകള്‍ ലഭിക്കും. വാല്‍നട്ട് കഴിക്കുന്നതാണ് ഒമേഗ ഫാറ്റി ആസിഡുകള്‍ കിട്ടാനുള്ള മറ്റൊരു മാര്‍ഗം.

ഇലക്കറികള്‍
പച്ച നിറത്തിലുള്ള ഇലക്കറികളില്‍ ലുറ്റെയ്ന്‍, സിയസേന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തിമിരം വരുന്നതു തടയാന്‍ നല്ലതാണ്. ബ്രോക്കോളി, അവകാഡോ, ഗ്രീന്‍ പീസ് എന്നിവയും മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളാല്‍ സമ്പന്നമാണ്.

മുട്ട
മുട്ടയില്‍ അടങ്ങിയിട്ടുള്ള ലൂറ്റിനും മറ്റു ജീവപോഷക പദാര്‍ഥങ്ങളും കണ്ണുകളുടെ ആരോഗ്യത്തിന് വളരെ സഹായിക്കും. മുട്ടയുടെ മഞ്ഞ കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ എ, ല്യൂറ്റെയ്ന്‍, സിയസേന്തിന്‍, സിങ്ക് എന്നിവയാല്‍ സമൃദ്ധമാണ്. 

വിറ്റാമിന്‍- എ കോര്‍ണിയയെ സംരക്ഷിക്കുന്നു. റെറ്റിനയുടെ ആരോഗ്യത്തിന് സിങ്ക് സഹായിക്കുന്നു. കണ്ണിന്റെ പിന്‍ഭാഗമാണ് റെറ്റിന. സിങ്ക് രാത്രിയില്‍ കണ്ണു കാണുന്നതിന് സഹായിക്കും.

നാരകവര്‍ഗ ഫലങ്ങള്‍, ബെറികള്‍
നാരകവര്‍ഗച്ചെടികളുടെ ഫലങ്ങള്‍ (നാരങ്ങ, ഓറഞ്ച്, ഗ്രേപ്‌സ്), സ്റ്റൗബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവയും വിറ്റാമിന്‍- സിയുടെ കലവറയാണ്. കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു ആന്റി ഓക്‌സിഡന്റാണ് വിറ്റാമിന്‍- സി, ഇത് തിമിരം തടയാനുള്ള മറ്റൊരു സഹായി ആണ്.

Carrots
Image Courtesy: pixabay

കാരറ്റ്
കണ്ണിന് നല്ല ആരോഗ്യം ലഭിക്കാന്‍ കാരറ്റ് പോലെയുള്ള കടുംനിറത്തിലുള്ള പച്ചക്കറികളും വളരെ നല്ലതാണ്. മുട്ടയുടെ മഞ്ഞ പോലെ, കാരറ്റില്‍  വിറ്റാമിന്‍- എയും ബീറ്റ കരോട്ടിനുമുണ്ട്. വിറ്റാമിന്‍- എയും ബീറ്റാ കരോട്ടിനും കണ്ണിന്റെ ഉപരിതലത്തെ സഹായിക്കും കണ്ണിലെ അണുബാധയും മറ്റു ഗുരുതരമായ അസുഖങ്ങളും തടയാനും സഹായികമാകും.

ക്ഷീര ഉത്പന്നങ്ങള്‍
പാല്‍, തൈര് തുടങ്ങിയ ക്ഷീര ഉത്പന്നങ്ങള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍- എ, മിനറല്‍ സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍- എ കോര്‍ണിയയെ സംരക്ഷിക്കുന്നു. സിങ്ക് കരളില്‍ നിന്ന് കണ്ണിലേക്ക് പോഷകങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്നു. ഈ പ്രധാന ധാതുക്കള്‍ രാത്രിയില്‍ കണ്ണുകളുടെ കാഴ്ച നന്നാക്കുന്നതിനും തിമിരം തടയാനും സഹായിക്കുന്നു.

കണ്ണുകളിലൂടെ രോഗലക്ഷണങ്ങള്‍ മനസ്സിലാക്കാം
കണ്ണെന്നാല്‍ മനസ്സിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും കണ്ണാടി തന്നെയാണ്. നമ്മുടെ ശരീരത്തിലെ പല അസുഖങ്ങളുടെയും സൂചന കണ്ണുകളിലൂടെ നമുക്ക് ലഭിക്കുന്നു.

കണ്ണുകളില്‍ വീക്കം (ഉണ്ടക്കണ്ണ്)
സാധാരണയില്‍ അധികം കണ്ണുകള്‍ പുറത്തേക്ക് തള്ളിയിരിക്കുന്നതും കണ്ണുകളുടെ ചുറ്റുമുള്ള വീക്കവും തൈറോയ്ഡിന്റെ ലക്ഷണങ്ങളാണ്. കണ്ണിനു ചുറ്റുമുള്ള കോശജാലം വീര്‍ക്കുന്നതു കാരണമാണ് കണ്ണുകള്‍ തള്ളിയിരിക്കുന്നതായി തോന്നുന്നത്. ഇങ്ങനെ തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുകയും തൈറോയ്ഡ് അളവ് പരിശോധിക്കുകയും വേണം.

ഒരു വസ്തു തന്നെ രണ്ടായി കാണുക
തൈറോയ്ഡിന്റെ വ്യതിയാനം കാരണം ചിലപ്പോള്‍ നമുക്ക് ഒരു വസ്തുവിനെ രണ്ടായി കാണുന്നതായി തോന്നിക്കാറുണ്ട്. ചിലപ്പോള്‍ സ്‌ട്രോക് അല്ലെങ്കില്‍ തലച്ചോറ്് സംബന്ധമായ അസുഖം കാരണവും ഇത് സംഭവിക്കാം. കംപ്യൂട്ടറില്‍ അധികസമയം നോക്കിയിരിക്കുമ്പോള്‍ താത്കാലികമായും ഇങ്ങനെ തോന്നാറുണ്ട്. ഇതിനും വിദഗ്ധാഭിപ്രായം തേടേണ്ടതാണ്.

കണ്ണുകളില്‍ മഞ്ഞനിറം
കണ്ണുകളിലെ മഞ്ഞനിറം കുടുതലും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. ചിലപ്പോള്‍ ഇത് കരള്‍ സംബന്ധമായ മറ്റ് അസുഖങ്ങളുടെ സൂചനയും ആകാം. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഡോക്ടറെ കാണുകയാണ് വേണ്ടത്. 

Cucumber slices
Image Courtesy: pixabay

സുന്ദരമായ കണ്ണുകള്‍ക്ക് 
കണ്ണുകളുടെ താഴെ കാണുന്ന കറുത്ത പാട് നീക്കം ചെയ്യാന്‍ വെള്ളരിക്ക ഉത്തമമാണ്. വെള്ളരിക്ക പതിനഞ്ചു മിനുട്ട് സമയം കണ്‍തടങ്ങളില്‍ വയ്ക്കുകയാണെങ്കില്‍ കണ്ണുകള്‍ക്ക് കുളിര്‍മ ലഭിക്കും. ഇങ്ങനെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ സാധിക്കും. 

ദിവസവും കിടക്കും മുമ്പ് കണ്‍പീലികളില്‍ ആവണക്കെണ്ണ പുരട്ടുന്നത് കറുത്ത ഇടതൂര്‍ന്ന പീലികള്‍ വളരാന്‍ സഹായിക്കും. കണ്‍പീലികളില്‍ ഒലിവെണ്ണ തേച്ചുപിടിപ്പിക്കുന്നതും മൃദുവായി മസ്സാജ് ചെയ്യുന്നതും കണ്‍പീലികള്‍ക്ക് കരുത്തു നല്‍കാന്‍ സഹായിക്കും. 

കണ്ണുകളുടെ വശങ്ങളില്‍ കാണുന്ന ചര്‍മത്തിന്റെ ചുളിവുകള്‍ കുറയ്ക്കുന്നതിനും കണ്ണിന്റെ ചുറ്റുമുള്ള ചര്‍മത്തിന്റെ ഇലാസ്തികത വീണ്ടെടുക്കുന്നതിനും മുട്ടയുടെ വെള്ള തേച്ചുപിടിപ്പിച്ചതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതി. 

നീണ്ട കണ്‍പീലികള്‍ ഉണ്ടാകുന്നതിനായി 'ഗ്രീന്‍ ടീ'യുടെ ബാഗ് വെള്ളത്തില്‍ മുക്കി തുടയ്ക്കുന്നത് നല്ലതാണ്. ഇവയില്‍ കാണുന്ന ഫ്‌ലെവനോയിഡ് കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. കണ്ണുകള്‍ക്ക് വേണ്ടവിധത്തില്‍ പരിചരണം നല്‍കിയാല്‍ മിക്ക നേത്രരോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ കഴിയും. 

കണ്ണ് എന്നത് വളരെ സൂക്ഷ്മമായ ഒരവയവമാണ്. പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരം കഴിക്കുന്നത് കണ്ണുകള്‍ ആരോഗ്യകരമാക്കി നിലനിര്‍ത്തുന്നതിന് സഹായിക്കും. എന്നാല്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക. സ്വയം ചികിത്സ ചെയ്യുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. 

ഇന്നത്തെ ഫുഡ് ആര്‍ട്ട് കേരളപ്പിറവി ദിനത്തില്‍ ചപ്പാത്തി കൊണ്ടുണ്ടാക്കിയ ഒരു കൊച്ചു കേരളം... 

Artistic Plates
Image Courtesy: Sindhu Rajan

ലേഖിക... അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. ഫുഡ് ആര്‍ട്ട് രംഗത്ത് വിദഗ്ധ. 

Content Highlights: eyes, eyes food, eyes healthy, food for healthy eyes, safety of eyes, food, diet, eye care, tasty, Artistic Plates