'ഫൈന്‍ ഡൈനിങ്' എന്നത് ആഡംബര റെസ്റ്റോറന്റുകളില്‍ കാണുന്ന ഭക്ഷണ രീതിയെയാണ് സൂചിപ്പിക്കുന്നത്. ഫൈന്‍ ഡൈനിങ് റെസ്റ്റോറന്റുകള്‍, വെളുത്ത ടേബിള്‍ ക്ലോത് റെസ്റ്റോറന്റുകളെന്നും പരാമര്‍ശിക്കപ്പെടുന്നു, സാധാരണഗതിയില്‍ ഇങ്ങനെയുള്ള ഫാന്‍സി റെസ്റ്റോറന്റുകളില്‍ വിളമ്പുന്ന ഭക്ഷണം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. 

അത് പോലെ തന്നെ സാധാരണ റെസ്റ്റോറന്റുകളെ അപേക്ഷിച്ചു വിലയും വളരെയധികമാണ്. ചില സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള ഭക്ഷണശാലയില്‍ പ്രവേശിക്കണമെങ്കില്‍ പ്രേത്യേക വസ്ത്രധാരണ രീതിയും ഉണ്ടാകാറുണ്ട്. 

ഒരു മുഴുവന്‍ കോഴ്‌സ് (meal course) ആഹാരം എന്നത് മൂന്നു മുതല്‍ ഇരുപത് വരെ വിവിധ ഭക്ഷണങ്ങളാകാം. സാധാരണ താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ് ഭക്ഷണം ആഡംബര ഭക്ഷണശാലകളില്‍ വിളമ്പുന്നത്.

മൂന്നു കോഴ്‌സ് ഭക്ഷണം -ആപ്പറ്റൈസര്‍ (Appetizer), പ്രധാന ഭക്ഷണം -ഓണ്‍ട്രയ് (Entre), മധുരം - ഡിസേര്‍ട്ട് (Dessert).
നാലു കോഴ്‌സ് ആഹാരം -സൂപ്പ് (Soup), ആപറ്റൈസര്‍ (Appetizer), പ്രധാന ഭക്ഷണം - ഓണ്‍ട്രയ് (Entre), മധുരം -ഡിസേര്‍ട്ട് (Dessert).
അഞ്ച് കോഴ്‌സ് ഭക്ഷണം -സൂപ്പ് (Soup), സാലഡ് (Salad), ആപ്പറ്റൈസര്‍ (Appetizer), പ്രധാന ഭക്ഷണം - ഓണ്‍ട്രയ് (Entre), മധുരം -ഡിസേര്‍ട്ട് (Dessert).

ആപ്പറ്റൈസര്‍ (Appetizer) -വറുത്തതും പൊരിച്ചതും ആയ ചെറിയ ഒരു ആരംഭ ഭക്ഷണത്തെയാണ് ആപ്പറ്റൈസര്‍ എന്ന് വിളിക്കുന്നത്.
(ഉദാ: ചിക്കന്‍ 65 , സമോസ, പക്കോഡ, തന്തൂരി ചിക്കന്‍ എന്നിവയാണ്). 

ഓണ്‍ട്രയ് (Entre) -വായിക്കുന്നത്  'ON-tray') 

വിവിധ രാജ്യങ്ങളില്‍ വിവിധതരത്തിലാണ് ഓണ്‍ട്രയ് (Entre) എന്ന വാക്ക് വിരുന്നു സത്ക്കാരത്തില്‍ ഉപയോഗിക്കുന്നത്. അമേരിക്കയില്‍ പ്രധാന ഭക്ഷണത്തെ സൂചിപ്പിക്കാനാണ് ഇതുപയോഗിക്കുന്നതെങ്കില്‍ ഫ്രാന്‍സ്, ബ്രിട്ടണ്‍ മുതലായ സ്ഥലങ്ങളില്‍ പ്രധാന ഭക്ഷണത്തിനു മുന്നോടിയായി നല്‍കുന്ന ലഘുഭക്ഷണത്തെ (Appetizer) സൂചിപ്പിക്കുന്നു. 

ഡിസേര്‍ട്ട് (Dessert) സാധാരണയായി പല രാജ്യങ്ങളിലെ സംസ്‌കാരത്തില്‍ ഒരു ഭക്ഷണവിരുന്നിന്റെ അവസാനം വിളമ്പുന്നത് മധുരമാണ്. ഇതിനെയാണ് ഡിസേര്‍ട്ട് എന്ന് പറയുന്നത്.   (ഉദാ: കേക്ക്, ഐസ്‌ക്രീം, പായസം, ഗുലാബ് ജാമുന്‍ എന്നിവയാണ്)

റെസ്റ്റോറന്റ് സാങ്കേതിക പദപരിചയം

ഡണ്‍നെസ് (Doneness )

dasen

മാംസം എത്രമാത്രം പാകം ചെയ്തതാകണം എന്നത് അളക്കുന്നതിനുള്ള അളവുകോലിനെയാണ് ഡണ്‍നെസ് (Doneness) കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് മട്ടണ്‍, ലാംബ്, പോര്‍ക്ക്, ബീഫ്, മത്സ്യം (മാംസം അധികമുള്ള) എന്നിവയെ പാചകം ചെയ്യുമ്പോഴാണ് കൂടുതല്‍ കേള്‍ക്കാന്‍ കഴിയുക. 

ബീഫ്, മട്ടണ്‍ മുതലായ ഇറച്ചികള്‍ പാകം ചെയ്യുമ്പോള്‍ കുറഞ്ഞപക്ഷം 145 F (63 C)  ആന്തരിക താപനില നിലനിര്‍ത്തണമെന്നാണ്  അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ശുപാര്‍ശ ചെയ്യുന്നത്. പാചകം ചെയ്യുന്നതിന്റെ സമയ പരിധി അനുസരിച്ച് അവയെ റെയര്‍ (rare), മീഡിയം (medium), വെല്‍ ഡണ്‍ (Well done) എന്നിങ്ങനെ വിളിക്കുന്നു. റെസ്റ്റോറന്റുകളില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കുമ്പോള്‍ ഇറച്ചി ഉണ്ടെങ്കില്‍ വെയ്റ്റര്‍ നിങ്ങളോടു ഇങ്ങനെയുള്ള രീതിയില്‍ ഇറച്ചി വേണം എന്ന് ചോദിക്കുമ്പോള്‍ മുകളില്‍ പറഞ്ഞതില്‍ നിന്ന് തിരഞ്ഞെടുക്കാം. 

food

അല കാര്‍ട്ട് (ala carte)

ചില ഭക്ഷണശാലകളില്‍, ഒരു പ്രത്യേക വിലയ്ക്ക് രണ്ടു മൂന്ന് വിഭവങ്ങള്‍ (Combo) ലഭിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാം വേണം എന്ന് ഉണ്ടാവില്ല. അതിനാല്‍, റെസ്റ്റോറന്റ് മെനുവില്‍ കാണിച്ചിരിക്കുന്ന വ്യക്തിഗതമായ ഐറ്റംസ് ഒരു നിശ്ചിത ലിസ്റ്റില്‍ നിന്ന്, നിശ്ചിത വിലയ്ക്ക് തിരഞ്ഞെടുക്കുന്നത് അനുവദിക്കും. ഇതിനെയാണ് അല കാര്‍ട്ട് (ala carte) എന്നു വിളിക്കുന്നത്. 

ടു ഗോ (To Go)

നമ്മുടെ നാട്ടില്‍ ഭക്ഷണം പായ്ക്ക് ചെയ്ത് കൊണ്ടുപോകുന്നതിനെ 'പാര്‍സല്‍' എന്ന് വിളിക്കുന്നതു പോലെ, വിദേശരാജ്യങ്ങളില്‍ പാര്‍സല്‍ കൊണ്ട് പോകുന്നതിനെ 'ടു ഗോ' അല്ലെങ്കില്‍ 'ടേക് എവേ' (Take Away) എന്നു പറയുന്നു.

'സണ്ണി സൈഡ് അപ്പ്' (Sunny side up) നമ്മുടെ പാവം 'ബുള്‍സ്-ഐ' പല രാജ്യങ്ങളിലും അറിയപ്പെടുന്നതിങ്ങനെയാണ്.

എഗ്പ്ലാന്റ് (Eggplant )

നമ്മുടെ നാട്ടിലെ വഴുതനങ്ങയെ വിദേശരാജ്യങ്ങളില്‍ വിളിക്കുന്നത് 'എഗ്പ്ലാന്റ്' (Eggplant) എന്നാണ്. മുട്ടയുടെ ആകൃതിയോട് സാമ്യമുള്ളതു കൊണ്ടാകാം ഇങ്ങനെ വിളിക്കുന്നത്.

ഒക്ര (Okra)

നമ്മുടെ പ്രിയപ്പെട്ട വെണ്ടയ്ക്കയെ (ലേഡിസ് ഫിംഗര്‍) മറുനാടുകളില്‍ വിളിക്കുന്നത് 'ഒക്ര' (Okra) എന്നാണ്. 
'സിലാന്‍ട്രോ' (cilantro) അമേരിക്കയില്‍ 'മല്ലിയില'യെ വിളിക്കുന്ന പേരാണ് സിലാന്‍ട്രോ എന്നത്. മല്ലിയുടെ വിത്തിനെ കോറിയാന്‍ഡര്‍ (Coriander) എന്ന് വിളിക്കുന്നു, 

കുക്കി (Cookie) 

നമ്മള്‍ നാട്ടില്‍ 'ബിസ്‌കറ്റ്' എന്നു പറയുന്നത് ചില രാജ്യങ്ങളില്‍ 'കുക്കി' എന്നാണ് അറിയപ്പെടുന്നത്. 

ചെക്ക്

ഭക്ഷണം കഴിച്ചതിനു ശേഷം നാട്ടില്‍ ബില്ല് ചോദിക്കുകയാണ് പതിവ്. പുറം രാജ്യങ്ങളില്‍ ബില്ലിനെ 'ചെക്ക്' എന്നാണ് പറയുന്നത്.
ഇന്നത്തെ ഫുഡ് ആര്‍ട്ട് : artistic plates

ഉപയോഗിച്ചിരിക്കുന്നത് - ബ്രഡ്, മുട്ട, സ്‌ട്രോബെറി

Content Highlight: Meaning of Dining table words