ഈയടുത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത വിശേഷം എന്റെ സുഹൃത്ത് പങ്കുവച്ചു. അവരുടെ കുഞ്ഞിന് കശുവണ്ടി കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ട്. അതിനാല്‍ ചടങ്ങില്‍ കൊടുക്കുന്ന ഭക്ഷണത്തില്‍ കശുവണ്ടി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ പ്രതികരണം 'ചെറുപ്പത്തിലേ എല്ലാം കൊടുത്തെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ ചോദിക്കേണ്ടിവരില്ലായിരുന്നു' എന്നായിരുന്നു. തികച്ചും 'കഥയറിയാതെ ആട്ടം കാണുന്ന' അവസ്ഥ. മിക്കവാറും ന്യായീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ഒരു വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ലായ്മ കൊണ്ടുമാണ്.

ഈ ലേഖനത്തിലൂടെ അലര്‍ജി എന്താണെന്നും എന്തുകൊണ്ടാണ് അലര്‍ജി ഉണ്ടാകുന്നെതെന്നും പരിശോധിക്കുന്നതിനൊപ്പം അറിഞ്ഞിരിക്കേണ്ട ചില പൊതുവായ അലര്‍ജികളെ പരിചയപ്പെടുത്തുകയുമാണ്.

അലര്‍ജി എന്നാല്‍ എന്താണ് ?

ചില വസ്തുക്കളോട് ശരീരത്തിനുള്ള അസാമാന്യ പ്രതികരണമാണ് അലര്‍ജി എന്ന പേരില്‍ അറിയപ്പെടുന്നത്. ശരീരത്തില്‍ അലര്‍ജി പ്രതികരണം പ്രതിരോധ സംവിധാനത്തില്‍ (Immune system) ആരംഭിക്കുന്നു. അലര്‍ജി വഴി രോഗപ്രതിരോധമാകാന്‍ സാധ്യതയുള്ള ജീവജാലങ്ങളില്‍നിന്ന് നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ നമ്മെ സംരക്ഷിക്കുന്നു എന്നതാണ് ഈ വ്യവസ്ഥയുടെ ഉത്തരവാദിത്വം. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ആപത്തുണ്ടാക്കാത്ത ചില വസ്തുക്കളോടും ശരീരം ഇങ്ങനെ പ്രതികരിക്കും. ചുരുക്കത്തില്‍ വികലമായ പ്രതിരോധ പ്രവര്‍ത്തനമാണ് അലര്‍ജി സാധാരണയായി ഉണ്ടാക്കാറുള്ളത്. നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടെങ്കില്‍, പ്രതിരോധ സംവിധാനം ദോഷരഹിതമായ വസ്തുക്കളെ ആക്രമണകാരിയായി ചിത്രീകരിക്കുന്നു. ഇവയെ അലെര്‍ജിന്‍ (allergen) എന്നാണ് വിളിക്കുന്നത്. അലെര്‍ജിന്‍ വസ്തുക്കളുമായി ചേര്‍ന്ന് ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതപ്രതികരണമായി ഇമ്യൂണോഗ്ലോബുലിന്‍ -ഇ (Immunoglobulin E -IgE-) ഉത്പാദിപ്പിക്കുന്നു. ഈ പ്രതിദ്രവ്യം (antibodies) ഹിസ്റ്റമിന്‍ അല്ലെങ്കില്‍ മറ്റു രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലേക്ക് സഞ്ചരിക്കുകയും ഇതുവഴി അലര്‍ജി എന്ന പ്രതിഭാസം ഉണ്ടാവുകയും ചെയ്യുന്നു.

അലര്‍ജി ലക്ഷണങ്ങള്‍

അലര്‍ജി പ്രതിപ്രവര്‍ത്തനം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. സാധാരണ കാണപ്പെടുന്ന അലെര്‍ജിന്‍ ഇവയാണ് - ഭക്ഷ്യവസ്തുക്കളിലെ അലെര്‍ജിനുകള്‍ (Food Allergens), സമ്പര്‍ക്കത്തിലൂടെ അലര്‍ജി ഉണ്ടാക്കുന്നവ (Contact allergens), ചില മരുന്നുകള്‍ ഉണ്ടാക്കുന്ന അലര്‍ജി (Drug allergy), അന്തരീക്ഷത്തിലുള്ള അലെര്‍ജിനുകള്‍ (Aero allergens ).

ഭക്ഷണത്തിലെ അലര്‍ജി:

ഭക്ഷണസാധനങ്ങള്‍ കൊണ്ടുള്ള അലര്‍ജി പ്രതികരണം അല്ലെങ്കില്‍, പ്രതിപ്രവര്‍ത്തനം ഏകദേശം അഞ്ചു മിനിറ്റ് മുതല്‍ അര മണിക്കൂറിനുള്ളില്‍ കാണപ്പെടാറുണ്ട്. ഭക്ഷ്യ അലര്‍ജി ലക്ഷണങ്ങള്‍ ചിലപ്പോള്‍ വളരെ ലഘുവായും മറ്റു ചിലപ്പോള്‍ വളരെ ഗുരുതരമായും കണ്ടേക്കാം. ചുവപ്പോ പിങ്കോ ആയ കുരുക്കള്‍ ശരീരത്തില്‍ ഉണ്ടാകാം. കൊതുക് കടിച്ചതുപോലെ ചര്‍മം ചെറുതായി വീര്‍ത്തുവരുന്നതും വയറുവേദനയും മറ്റൊരു ലക്ഷണമാണ്. ഏറ്റവും ഗുരുതരമായ പ്രതിപ്രവര്‍ത്തനം അനഫൈലാക്‌സിസ് (Anaphylaxis) എന്നതാണ്. ഗൗരവമായ ലക്ഷണങ്ങളായ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നാടകീയമായ രീതിയില്‍ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം, ഹൃദയമിടിപ്പ് വല്ലാതെ കൂടല്‍ എന്നിവ സംഭവിക്കും അനഫൈലാക്‌സിസ് ഉണ്ടാകുമ്പോള്‍. ഇത് വളരെ മാരകമായ ഒന്നാണ്. ഇവയ്ക്കു പ്രതിവിധിയായി രോഗിക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കുകയോ, ഡോക്ടറുടെ നിര്‍ദേശ പ്രകാരം എത്രയും വേഗം എപിന്‍ഫ്‌റിന്‍ (epinephrine) കുത്തിവയ്പ് എടുക്കുകയും വേണം.

ഭക്ഷ്യ അലര്‍ജി ഉണ്ടാക്കുന്ന ചില പ്രധാന ഭക്ഷ്യപദാര്‍ത്ഥങ്ങളാണ് മുട്ട, പാല്‍, കപ്പലണ്ടി, കശുവണ്ടി, വാള്‍നട്ട്, മീന്‍, ഞണ്ട്, ചെമ്മീന്‍, ഗോതമ്പ് എന്നിവ.

സമ്പര്‍ക്കം കൊണ്ടുണ്ടാകുന്ന അലര്‍ജി:

ചില അവസരങ്ങളില്‍ ചെറിയ കുട്ടികള്‍ക്ക് ചില വസ്തുക്കള്‍ ശരീരത്തിനുള്ളില്‍ ചെല്ലാതെതന്നെ സമ്പര്‍ക്കംവഴി അലര്‍ജി ഉണ്ടാക്കുന്നു. ചില നട്ട് അലര്‍ജികള്‍, വളര്‍ത്തുമൃഗങ്ങളെക്കൊണ്ടുള്ള അലര്‍ജി എന്നിവ ഇതിനുദാഹരണമാണ്. വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവരുടെ ഫര്‍ണിച്ചറുകളും മറ്റ് പ്രതലങ്ങളും ഇവയുടെ രോമം, മുടി എന്നിവ അടിഞ്ഞുകൂടാനുള്ള കേന്ദ്രമാവാറുണ്ട്. ദീര്‍ഘകാലം ഇതിന്റെ ശക്തി നഷ്ടപ്പെടാതിരിക്കുകയും ചെയ്യും. കാലക്രമേണ ഇവയും അലര്‍ജി ഉണ്ടാക്കാവുന്നതാണ്. നട്ട് അലര്‍ജി ഉണ്ടാക്കുന്നതിന് അവ കഴിക്കണമെന്നില്ല. അവയുടെ അവശിഷ്ടങ്ങള്‍ ഉള്ള ഏതെങ്കിലും വസ്തുക്കള്‍ (പുതപ്പ്, പ്ലേറ്റ്) വഴിയും ഈ അലര്‍ജി ഉണ്ടാകാം. ത്വക്ക് തടിച്ചു തിണര്‍ക്കുന്നതും കണ്‍തടങ്ങള്‍ വീര്‍ത്തുവരുന്നതും ചുമയും തുമ്മലും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. അതിഗുരുതരമായ മറ്റൊരു അലര്‍ജിയാണ് കടന്നല്‍, എട്ടുകാലി, തേള്‍, പാമ്പ് എന്നിവയുടെ കടിയേല്‍ക്കുമ്പോള്‍ ഉണ്ടാക്കുന്നത്.

മരുന്നുകള്‍ കൊണ്ടുണ്ടാകുന്ന അലര്‍ജി:

ചില മരുന്നുകള്‍ കഴിച്ചതിനുശേഷം ശരീരത്തില്‍ പരുക്കള്‍ വരികയോ, തേനീച്ചക്കുത്തിന് സമമായ തടിപ്പ് വരികയോ, ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്യുകയാണെങ്കില്‍ കഴിച്ച മരുന്നുകാരണമുള്ള അലര്‍ജി ആയിരിക്കാം. മറ്റ് അലര്‍ജി പ്രതിപ്രവര്‍ത്തനം പോലെതന്നെ, നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം മരുന്നില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങളെ ശരീരത്തിനെതിരേയുള്ള ഒരു ആക്രമണമായി കാണുകയും അതിനെ പ്രതിരോധിക്കാന്‍ രാസവസ്തുക്കള്‍ പുറത്തുവിടുകയും ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. ഇങ്ങനെ മരുന്നുകള്‍ കാരണമാണ് എന്ന് സംശയം തോന്നിയാല്‍ ഉടന്‍തന്നെ നിങ്ങളുടെ ഡോക്ടറെ കാണുകയും പകരം കഴിക്കാവുന്ന മരുന്ന് വാങ്ങേണ്ടതുമാണ്.

അന്തരീക്ഷത്തിലെ അലെര്‍ജിനുകള്‍:

പൊടിപടലം മൂലവും പൂമ്പൊടി മൂലവും ശ്വാസകോശപരമായ അലര്‍ജികള്‍ ഉണ്ടാകാം. ഡസ്റ്റ് അലര്‍ജി ഉള്ളവര്‍ക്ക് പരിചിതമായ അലര്‍ജിയുടെ ലക്ഷണമാണ് തുമ്മല്‍. എന്നാല്‍ തുമ്മല്‍ മാത്രമല്ല ഡസ്റ്റ് അലര്‍ജിയുടെ ലക്ഷണങ്ങള്‍. മൂക്കടപ്പ്, കണ്ണുകള്‍ ചുവക്കുക, കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളം ഒലിക്കുക എന്നിവയും ഇതിന്റെ ലക്ഷണം തന്നെയാണ്. പൊടി ഏല്‍ക്കുന്നത് ഒഴിവാക്കുകയാണ് ഈ വിധത്തിലുള്ള അലര്‍ജിയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. കിടക്ക, കസേര, സോഫ മുതലായവയിലെ കുഷ്യനുകളില്‍ ഡസ്റ്റ് മൈറ്റുകള്‍ ധാരാളമായി ഉണ്ടാകാറുണ്ട്. പൊടി, പ്രാണി തുടങ്ങിയവ മൂലമുള്ള അലര്‍ജി ഒഴിവാക്കുന്നതിനായി വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

ചില അലര്‍ജികള്‍ പാരമ്പര്യമായി കിട്ടാറുണ്ട്. എന്നിരുന്നാലും അച്ഛനും അമ്മയ്ക്കും അലര്‍ജി ഇല്ലെങ്കിലും കുട്ടികള്‍ക്ക് ഉണ്ടാകാറുമുണ്ട്. ആറു മാസത്തിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ 10 ശതമാനത്തോളം അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന കുട്ടികളില്‍ 3 ശതമാനം മാത്രമേയുള്ളൂ. വളരുംതോറും കൂടുതല്‍ പ്രതിരോധശേഷി കൈവരുന്നതാണ് ഇത് കുറയാനുള്ള കാരണം. അലര്‍ജി ഉണ്ടെന്ന് സംശയം തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ ഉപദേശം തേടുക. ടെസ്റ്റ് ചെയ്ത് ഏതുതരം അലര്‍ജി ആണെന്ന് തിട്ടപ്പെടുത്താവുന്നതേ ഉള്ളു. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെയും ഇമ്യൂണോ തെറാപ്പി വഴിയുള്ള ചികിത്സയിലൂടെയും അലര്‍ജി നിയന്ത്രിക്കാവുന്നതാണ്. വിദഗ്ദ്ധാഭിപ്രായം ഇതിന് അത്യാവശ്യമാണ്. സ്വയം രോഗം നിര്‍ണയിക്കുന്നതും ചികിത്സ ചെയ്യുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

ഇന്നത്തെ ഫുഡ് ആര്‍ട്ട്

കേരളപ്പിറവി ദിനം പ്രമാണിച്ചുള്ളത്

( ഉപയോഗിച്ചിരിക്കുന്നത് ചപ്പാത്തി )

 

sindhu

Content Highlights: Different Types of Allergies