ക്രിസ്മസ് അടുത്തതുകൊണ്ട് കേക്ക്, കപ്കേക്ക്, കുക്കീസ് മുതലായവ ഉണ്ടാക്കേണ്ട തിരക്കിലാകും ബേക്കിങ്ങില്‍ താത്പര്യമുള്ളവര്‍. കേക്കും മറ്റും ആദ്യമായി വീടുകളില്‍ ബേക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍, നമ്മളെ കുഴക്കുന്ന ചേരുവയാണ് 'ബേക്കിങ് സോഡ' അല്ലെങ്കില്‍ 'ബേക്കിങ് പൗഡര്‍'.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി കേക്ക് ബേക്ക് ചെയ്യാന്‍ ഒരുങ്ങിയ എനിക്കും അതിനുള്ള സാധനം വാങ്ങിക്കാന്‍ പോയ ഭര്‍ത്താവിനും ഇത് വലിയ ആശയക്കുഴപ്പം തന്നെ ഉണ്ടാക്കി. അതിന്റെ പ്രധാന കാരണം പേരിലെ സാമ്യംതന്നെ. ഇവ തമ്മിലുള്ള വ്യത്യാസവും ഏത് എപ്പോള്‍ ഉപയോഗിക്കണം എന്നും മനസ്സിലാക്കാം...
ബേക്കിങ് പൗഡറിനും ബേക്കിങ് സോഡയ്ക്കും ഒരുപാട് സാമ്യമുണ്ട്. കുഴച്ചെടുത്ത മാവിനെ പുളിപ്പിക്കാനോ, അല്ലെങ്കില്‍ കേക്ക്, ബ്രഡ് എന്നിവയുടെ കാര്യത്തില്‍ ബേക്ക് ചെയ്യുമ്പോള്‍ ഉയര്‍ന്നുപൊങ്ങാനോ സഹായിക്കുന്നവയാണ് ഇവ. എന്നാല്‍ ഇവയുടെ രാസഘടന തീര്‍ത്തും വ്യത്യസ്തവുമാണ്.
ബേക്കിങ് സോഡ (അപ്പക്കാരം)
കെമിക്കല്‍ തലത്തില്‍ വിശദീകരിച്ചാല്‍, 'സോഡിയം ബൈ കാര്‍ബണേറ്റി'ന്റെ വാണിജ്യനാമമാണ് 'ബേക്കിങ് സോഡ'. സോഡിയം ബൈ കാര്‍ബണേറ്റ് ഒരു ദ്രാവകവും ആസിഡുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ (ഉദാഹരണത്തിന്: ബട്ടര്‍ മില്‍ക്ക്, തൈര്, കോഫി, സിട്രസ് ജ്യൂസ് അല്ലെങ്കില്‍ വിനാഗിരി) കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ഉത്പാദിപ്പിക്കുന്നു. ആ വാതകക്കുമിളകള്‍ കേക്കിനെ പൊങ്ങുന്നതിന് സഹായിക്കുന്നു.
ഇവിടെ ഓര്‍മിക്കേണ്ട ഒരു പ്രധാന കാര്യം ചേരുവകള്‍ ബേക്കിങ് സോഡയുമായി ചേര്‍ത്താലുടന്‍ തന്നെ അവയുടെ രാസമാറ്റം ആരംഭിക്കുന്നു എന്നതാണ്. അതിനാല്‍, ഇവ എത്രയും വേഗംതന്നെ ബേക്ക് ചെയ്യാനായി ഓവനില്‍ വയ്‌ക്കേണ്ടതാണ്. 'മഫിന്‍സ്' അല്ലെങ്കില്‍ 'കുക്കീസ്' ഉണ്ടാക്കുന്നതിനാണ് ബേക്കിങ് സോഡ സാധാരണ ബേക്കറികളില്‍ ഉപയോഗിക്കുന്നത്.
ബേക്കിങ് പൗഡര്‍
ബേക്കിങ് പൗഡറും സോഡയുടെ ബൈ കാര്‍ബണേറ്റ് ഉപയോഗിച്ച് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്, എന്നാല്‍, അതുകൂടാതെ പുളിപ്പുള്ള (അമ്ലമായ) ഒരു രാസദ്രാവകം കൂടി ഉണ്ടെന്നതാണ് വ്യത്യാസം. അതിനര്‍ത്ഥം, ബേക്കിങ് പൗഡര്‍ ഉപയോഗിക്കുമ്പോള്‍ ഈര്‍പ്പം മാത്രമേ ആവശ്യമുള്ളു എന്നാണ്, ആസിഡിന്റെ (അമ്ലരസം) ആവശ്യമില്ല.
ബേക്കിങ് പൗഡറിന്റെ പ്രവര്‍ത്തനം രണ്ടുഘട്ടങ്ങളിലാണ് നടക്കുന്നത്... ആദ്യത്തെ പ്രവര്‍ത്തനം ബേക്കിങ് പൗഡര്‍ ചേരുവകളില്‍ ചേര്‍ക്കുമ്പോള്‍ അലിയുന്നതാണ്. രണ്ടാമത്തേത് ചൂടാക്കുമ്പോള്‍ കൂടുതല്‍ സാവധാനത്തില്‍ സംഭവിക്കുന്നു.
ബേക്കിങ് പൗഡര്‍ ഉപയോഗിക്കുമ്പോള്‍ രാസമാറ്റത്തിന്റെ ഈ പ്രതികരണം രണ്ടു ഘട്ടങ്ങളിലായി നടക്കുന്നതുകൊണ്ട് കുറച്ച് സമയമെടുത്തതിനു ശേഷം ബേക്ക് ചെയ്താലും നിങ്ങളുദ്ദേശിക്കുന്ന ഫലംതന്നെ ലഭിക്കും. കേക്കുകളും ബ്രഡ്ഡും മറ്റും ഉണ്ടാക്കാനാണ് ബേക്കിങ് പൗഡര്‍ സാധാരണ ഉപയോഗിക്കാറുള്ളത്.
ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡര്‍
ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡറും ബേക്കിങ് പൗഡറിന് പകരം ബേക്കിങ് സോഡയും ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് അളവില്‍ വരുത്തേണ്ട വ്യത്യാസത്തെക്കുറിച്ചാണ്. വാസ്തവത്തില്‍, ബേക്കിങ് സോഡ എന്നത് ബേക്കിങ് പൗഡറിനേക്കാള്‍ 3-4 മടങ്ങ് ശക്തമാണ്. ഉദാഹരണത്തിന്, ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നിടത്ത് മൂന്ന് ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ക്കണം. ഇതുവഴി നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം കിട്ടും.
ബേക്കിങ് സോഡ, അല്ലെങ്കില്‍ ബേക്കിങ് പൗഡര്‍ ഇല്ലാതെ ബേക്കിങ്...
മാവ് സ്വാഭാവികമായ രീതിയില്‍ പുളിപ്പിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കാവുന്നതാണ്. ഇഡ്ഡലി, ദോശ എന്നിവ ഉണ്ടാക്കുന്നതിനു ഇവയുടെ ആവശ്യം ഇല്ല. എന്നാല്‍ ഏതെങ്കിലും കാരണങ്ങളാല്‍, നിങ്ങള്‍ക്ക് ബേക്കിങ് സോഡയോ ബേക്കിങ് പൗഡറോ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ -എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ കിട്ടുന്നതിന് സമമായ ഫലം വേണമെന്നുണ്ടെങ്കില്‍- ശ്രമിക്കാവുന്ന ചില കാര്യങ്ങളുണ്ട്:
ആദ്യം, ഈ ബേക്ക് ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥം ഉയര്‍ന്ന് പൊങ്ങണമെന്നത് ഒരു നിബന്ധന ആണോ എന്നതാണ്. ഒരു കേക്ക് പോലെതന്നെ വേണമോ അല്ലെങ്കില്‍ കുറച്ച് പരന്നതായാല്‍ കുഴപ്പമുണ്ടോ...?
ഉയര്‍ന്നു പൊങ്ങണമെന്ന് നിര്‍ബന്ധമില്ലെങ്കില്‍ ബേക്കിങ് സോഡയോ ബേക്കിങ് പൗഡറോ ഇല്ലാതെ നിങ്ങള്‍ക്ക് പാചകക്കുറിപ്പ് പരീക്ഷിക്കാം.
ഉദാഹരണത്തിന്, ചോക്ലേറ്റ് ചിപ്‌സ്, കുക്കീസ് ബേക്കിങ് സോഡ അല്ലെങ്കില്‍ ബേക്കിങ് പൗഡര്‍ ഇല്ലാതെ ഉണ്ടാക്കാവുന്ന ഒന്നാണ്.
നിങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന വിഭവത്തില്‍ മുട്ട ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍, ബേക്കിങ് സോഡയോ ബേക്കിങ് പൗഡറോ ഇല്ലാതെയാണ് നിങ്ങള്‍ ബേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ താഴെ പറയുന്ന രീതി പരീക്ഷിക്കാവുന്നതാണ്.
മുട്ടയുടെ വെള്ളയും, മഞ്ഞയും വേര്‍തിരിക്കുക. മുട്ടയുടെ വെള്ള നന്നായി പതച്ച് പതംവരുത്തുക. ഇവ ചേര്‍ക്കുന്നത് പാചകവിധിയുടെ അവസാനത്തെ ഘട്ടത്തിലേക്ക് മാറ്റുക. ഇങ്ങനെ ചെയ്യുന്നതുവഴി മുട്ടയുടെ പതപ്പിച്ച വെള്ള, മാവിന്റെ കട്ടികുറയ്ക്കാന്‍ സഹായിക്കുകയും, അതുവഴി ബേക്ക് ചെയ്യുമ്പോള്‍ പൊങ്ങാന്‍ സഹായിക്കുകയും ചെയ്യും.
ഉദാഹരണത്തിന്, പാന്‍ കേക്ക് ഉണ്ടാക്കുമ്പോള്‍ അല്ലെങ്കില്‍ ബനാന ബ്രഡ്ഡ് ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്.
ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഒരേ പ്രാഥമിക ലക്ഷ്യത്തോടെയുള്ള വ്യത്യസ്ത കാര്യങ്ങളാണ്. ഇവ നിങ്ങള്‍ ബേക്ക് ചെയ്യുന്ന സാധനങ്ങള്‍ ഭാരം കുറഞ്ഞതും മൃദുവായതുമാക്കി മാറ്റുന്നു..
മറക്കരുത്... ഇവയ്ക്കും എക്‌സ്പയറി ഡേറ്റുണ്ട്!
നിങ്ങള്‍ സ്ഥിരമായി ബേക്ക് ചെയ്യുന്ന ആളല്ലെങ്കില്‍, ഉപയോഗിക്കുന്നതിനു മുന്‍പ് ഇവ നല്ലതാണോ എന്ന് പരീക്ഷിക്കുക... ഇവയും കാലഹരണപ്പെടും എന്നോര്‍ക്കുക.
ബേക്കിങ് പൗഡര്‍ എങ്ങനെ പരീക്ഷിക്കാം
ബേക്കിങ് പൗഡര്‍ പരീക്ഷിക്കാന്‍, മൂന്ന് ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള വെള്ളം ഒരു ചെറിയ പാത്രത്തില്‍ ഒഴിക്കുക. അര ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ക്കുക. ചെറുതായി ഇളക്കുക. പൊടി പുതിയതാണെങ്കില്‍ മിശ്രിതം മിതമായ രീതിയില്‍ നുരഞ്ഞ് പതയുന്നത് കാണാം. എന്നാല്‍, അങ്ങനെ ഉണ്ടാവുന്നില്ലെങ്കില്‍ അവ ഉപയോഗിക്കാതിരിക്കുക.
ബേക്കിങ് സോഡ എങ്ങനെ പരീക്ഷിക്കാം...?
ബേക്കിങ് സോഡ പരിശോധിക്കുന്നതിന് മൂന്ന് ടേബിള്‍സ്പൂണ്‍ വെളുത്ത വിനാഗിരി ഒരു ചെറിയ പാത്രത്തില്‍ ഒഴിക്കുക. 1/2 ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ക്കുക. ചെറുതായി ഇളക്കുക. സോഡ പുതിയതാണെങ്കില്‍ മിശ്രിതം അതിവേഗം ബബിള്‍ ഉണ്ടാക്കുന്നത് കാണാം. എന്നാല്‍, അങ്ങനെ ഉണ്ടാവുന്നില്ലെങ്കില്‍ അവ ഉപയോഗിക്കാതിരിക്കുക.
ഇന്നത്തെ ഫുഡ് ആര്‍ട്ട്
ക്രിസ്മസ് പ്രമാണിച്ച് സാന്താക്ലോസ് തന്നെയാണ് ഇന്നത്തെ ഫുഡ് ആര്‍ട്ട്... ഉപയോഗിച്ചിരിക്കുന്നത്: ദോശ, യോഗര്‍ട്ട്, ബ്ലൂബെറി, സ്‌ട്രോബെറി, ആപ്പിള്‍
Content Highlights: difference between baking soda and baking powder