ഓര്‍മവച്ച നാള്‍മുതല്‍ ഞാന്‍ കണ്ടിട്ടുള്ളതാണ് അമ്മ അത്താഴത്തിനായി ചപ്പാത്തിമാവ് കുഴയ്ക്കുന്നതും ചപ്പാത്തി പരത്തി ഉണ്ടാക്കുന്നതും. അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് അച്ഛന് രാത്രി ചപ്പാത്തി നിര്‍ബന്ധമാണെന്ന്. പിന്നീട്, ഞാനും എന്റെ ചേച്ചിയും മുതിര്‍ന്നതിനു ശേഷം ചപ്പാത്തി ഉണ്ടാക്കുന്ന ജോലി ഏറ്റെടുത്തു. മടികാരണം ഞങ്ങള്‍ അത് ടൈംടേബിള്‍ വച്ച് ഓരോ ആഴ്ച ഓരോരുത്തര്‍ ഉണ്ടാക്കുമെന്നും തീരുമാനിച്ചു. ചിത്രഹാര്‍, ചിത്രഗീതം ഉള്ള ദിവസങ്ങളില്‍ ഞാന്‍ ചപ്പാത്തിയെ ഏറ്റവും വെറുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ചപ്പാത്തിയുടെ ഗുണം മനസ്സിലായപ്പോഴാണ് ചപ്പാത്തി രാത്രി കഴിക്കുക, കഴിപ്പിക്കുക എന്ന അച്ഛന്റെ ശീലത്തിന്റെ പിന്നിലെ രഹസ്യം മനസ്സിലായത്. എയര്‍ഫോഴ്‌സില്‍ ഉണ്ടായിരുന്നതുകൊണ്ട് അവിടെ നിന്ന് കിട്ടിയ ഒരു ശീലം എന്നതിലുപരി അച്ഛന്‍ ആരോഗ്യത്തിന് ഏറ്റവും വേണ്ട ഒന്നുതന്നെയാണ് അത്താഴത്തിനായി വേണമെന്ന് ശഠിച്ചത് എന്ന് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് മനസ്സിലായത്. ആ അറിവാണ് ഇന്ന് പങ്കുവയ്ക്കുന്നത്.
ചപ്പാത്തി നമുക്ക് അന്യനല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു ധാന്യമാണ് ഗോതമ്പ്. ഗോതമ്പില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ചപ്പാത്തി. ഒരു ചെറിയ ചപ്പാത്തിയില്‍ (ഏകദേശം 6 ഇഞ്ച്) 71 കലോറി, 3 ഗ്രാം പ്രോട്ടീന്‍, 0.4 ഗ്രാം കൊഴുപ്പ്, 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. നാം സ്ഥിരമായി ആശ്രയിക്കുന്ന ചെടികളില്‍നിന്ന് ലഭിക്കുന്ന കൊഴുപ്പിന്റെ ഒരു പ്രധാന ഉറവിടമാണ് ഗോതമ്പ്. പ്രോട്ടീന്‍, ധാതുക്കള്‍, നാര്, കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ആവശ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഗോതമ്പില്‍ വിറ്റാമിന്‍ ബി, ഇ, കോപ്പര്‍, അയഡിന്‍, സിങ്ക്, മാംഗനീസ്, സിലിക്കണ്‍, ആര്‍സെനിക്, ക്ലോറിന്‍, സള്‍ഫര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം, ധാതുലവണങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഒരു ചെറിയ ഗോതമ്പുചപ്പാത്തിക്ക് പോലും ശരീരത്തിന് വേണ്ടുന്ന പലതരം ആരോഗ്യ ഘടകങ്ങള്‍ നല്‍കാന്‍ കഴിയും.
ചപ്പാത്തിയിലെ മാക്രോ ന്യൂട്രിയന്റ്‌സ്
ചപ്പാത്തിയും അരിയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ -
1/3 കപ്പ് അരിയില്‍ 80 കലോറി, 1 ഗ്രാം പ്രോട്ടീന്‍, 0.1 ഗ്രാം കൊഴുപ്പ്, 18 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ, 6 ഇഞ്ച് ചപ്പാത്തിയില്‍ 71 കലോറി, 3 ഗ്രാം പ്രോട്ടീന്‍, 0.4 ഗ്രാം കൊഴുപ്പ്, 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
അരിയെ അപേക്ഷിച്ച് ചപ്പാത്തിയില്‍ കലോറി കുറവാണ്. കൂടുതല്‍ പ്രോട്ടീനും നാരുകളും ചപ്പാത്തി നല്‍കും. അതിനാല്‍ രണ്ടിരട്ടിയോളം സമയം വിശപ്പ് തോന്നാതിരിക്കുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും സഹായിക്കും.
അതുപോലെതന്നെ ധാതുക്കള്‍ നോക്കുകയാണെങ്കില്‍ ഓരോ ചപ്പാത്തിയും നിത്യേന ആവശ്യമുള്ള ഫോസ്ഫറസിന്റെ ആറു ശതമാനവും ഇരുമ്പിന്റെയും മഗ്‌നീഷ്യത്തിന്റെയും അഞ്ചു ശതമാനവും പൊട്ടാസ്യത്തിന്റെ രണ്ടു ശതമാനവും കാത്സ്യത്തിന്റെ ഒരു ശതമാനവും നല്‍കുന്നു. മേല്‍പ്പറഞ്ഞ ചപ്പാത്തിക്ക് തത്തുല്യമായ അരി അതേ അളവില്‍ ഇരുമ്പ് നല്‍കും. എന്നാല്‍, ഫോസ്ഫറസിന്റെയും മഗ്‌നീഷ്യത്തിന്റെയും നിത്യേന ലഭിക്കേണ്ട അളവിന്റെ രണ്ടു ശതമാനം മാത്രമേ നല്‍കുന്നുള്ളൂ. അരിയില്‍ കാത്സ്യം അടങ്ങിയിട്ടില്ല. വൃക്കയുടെ പ്രവര്‍ത്തനത്തിനും കോശങ്ങളുടെ അറ്റകുറ്റപ്പണിക്കും ഫോസ്ഫറസ് പ്രധാനമാണ്. ചുവന്ന രക്താണുക്കള്‍ ഉണ്ടാക്കുന്നതിന് ഇരുമ്പ് ആവശ്യമാണ്, മഗ്‌നീഷ്യം നിങ്ങളുടെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ചപ്പാത്തിയുടെ മറ്റു ചില ആരോഗ്യഗുണങ്ങള്‍
ഗോതമ്പുകൊണ്ടുണ്ടാക്കുന്ന ചപ്പാത്തിയില്‍ എണ്ണ, നെയ്യ് എന്നിവയൊന്നുംതന്നെ ചേര്‍ക്കുന്നില്ലെങ്കില്‍ അവ വളരെ ആരാഗ്യകരമായ ഒന്നുതന്നെയാണ്. ചപ്പാത്തി കഴിക്കുന്നതുവഴി കിട്ടുന്ന ചില ഗുണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
* ആരോഗ്യകരമായ ചര്‍മം: ചപ്പാത്തിയില്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനാവശ്യമുള്ള സിങ്കും മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഗോതമ്പിലെ സെലിനിയം, വിറ്റാമിന്‍ ഇ, സിങ്ക് എന്നിവ ചര്‍മത്തെ പോഷിപ്പിക്കും. മുഖക്കുരു തടയുന്നതിനും സൂര്യതാപം കൊണ്ടുള്ള കരിവാളിപ്പ് തടയാനും സഹായിക്കുന്നു. കൂടാതെ, ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം ദഹനേന്ദ്രീയ വ്യവസ്ഥയെ മികച്ചരീതിയില്‍ സൂക്ഷിക്കുന്നു. ഇത് പതിവായി വിഷവസ്തുക്കളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തെ സുഗമമാക്കി യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
സുഖകരമായ ദഹനക്രിയ
ദഹിക്കാന്‍ എളുപ്പമുള്ള ഒന്നാണ് ചപ്പാത്തി. ഗോതമ്പിലെ നാരുകളുടെ ഉപയോഗം ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ വേഗത്തിലാക്കാനും സഹായിക്കുന്നു. പതിവായി ഗോതമ്പ് ഉപഭോഗം, ഉപാപചയ രോഗം കുറയ്ക്കാന്‍ മാത്രമല്ല, ഭാരം കുറയ്ക്കാനും സഹായിക്കും.
* ഹീമോഗ്ലോബിന്‍ നില ആരോഗ്യകരമായി നിലനിര്‍ത്താന്‍
ചപ്പാത്തി എന്നത് ഇരുമ്പിന്റെ കലവറയാണ്. അതിനാല്‍ ചപ്പാത്തി ശരീരത്തില്‍ എത്തുമ്പോള്‍ അവ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് സമതുലിതാവസ്ഥയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ്, അല്ലെങ്കില്‍ അനീമിയയുടെ അപകടങ്ങള്‍ കുത്തനെ കുറയ്ക്കുന്നു. മാത്രമല്ല, ചപ്പാത്തി കഴിക്കുന്നതുവഴി ചുവന്ന രക്ത കോശങ്ങളും വെളുത്ത രക്തകോശങ്ങളും വേണ്ടും വിധത്തില്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയും.
കടയില്‍നിന്ന് വാങ്ങുന്ന റെഡിമേഡ് ചപ്പാത്തിയാണെങ്കില്‍ അവ നല്ലതാണെന്നും മായം ഒന്നും ചേര്‍ത്തിട്ടില്ലെന്നും ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ചപ്പാത്തി ഭക്ഷണക്രമത്തില്‍ ഇതുവരെ ഉള്‍പ്പെടുത്താത്തവര്‍ നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കില്‍ ഡയറ്റീഷ്യനോട് ചോദിച്ചതിന് ശേഷം മാത്രം ഇത് ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുക.
Content Highlights: benefits of chapati