മനുഷ്യമനസ്സ് സങ്കീര്‍ണമായ ഒന്നുതന്നെയാണ്. പാരാഗ്ലൈഡിങ് ചെയ്യാന്‍ പേടിയില്ലാത്ത ആളുകള്‍ ചിലപ്പോള്‍ പാറ്റയെ കണ്ടാല്‍ പേടിച്ചു നിലവിളിക്കാറുണ്ട്. മനുഷ്യരില്‍ വിവിധതരം ഭയം ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് ഉയരങ്ങള്‍ ഭയം ഉണ്ടാക്കുന്നു, മറ്റു ചിലര്‍ക്ക് പൂച്ചയേയോ പട്ടിയേയോ കാണുമ്പോള്‍ ഭയം ഉണ്ടാകാറുണ്ട്. ഈ ഭയങ്ങള്‍ക്കു പിന്നില്‍ ചില അനിഷ്ടസംഭവങ്ങളോ അനുഭവങ്ങളോ ആയിരിക്കും വില്ലന്‍.

എന്താണ് സൈബോഫോബിയ?

അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ അഭിപ്രായത്തില്‍ ഒരു വസ്തുവിനോടോ വസ്തുതയോഘടോ അല്ലെങ്കില്‍, അവസ്ഥയോടോ ഉള്ള അകാരണവും ന്യായയുക്തമല്ലാത്തതുമായ അതിരുകടന്ന ഭീതിയെ 'ഫോബിയ' എന്ന് വിശേഷിപ്പിക്കാം. അടഞ്ഞ മുറികളില്‍ (ലിഫ്റ്റുകളില്‍ പ്രത്യേകിച്ച്) ചിലര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും പാറ്റ, പല്ലി, ചിലന്തി മുതലായവയെ കാണുമ്പോള്‍ ചിലര്‍ ഭയക്കുന്നതുമെല്ലാം ഒരുതരത്തിലുള്ള 'ഫോബിയ' തന്നെയാണ്.

എന്നാല്‍, ഈ തരത്തിലുള്ള ഭയം, തീര്‍ച്ചയായും അസൗകര്യപ്രദമായ ഒന്നാണെങ്കിലും സാധാരണയായി ജീവനെ അപായപ്പെടുത്തുന്നതോ അല്ലെങ്കില്‍, ജീവന് ഭീഷിണിയോ അല്ല. എന്നാല്‍, ജീവന് ഭീഷണിയായി മാറുന്ന ചില ഫോബിയകളുണ്ട്, അവയിലൊന്നാണ് 'സൈബോഫോബിയ'. സൈബോഫോബിയ എന്ന അവസ്ഥ ഭക്ഷണത്തെ, അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചുള്ള അകാരണമായ ഭയമാണ്. ഇത് ബാധിച്ച ആളുകളില്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. 'സൈബോഫോബിയ' എന്ന വാക്കില്‍, 'സൈബോ' എന്നത് ലാറ്റിന്‍ വാക്കാണ്. ഇതിന്റെ അര്‍ത്ഥം 'ഭക്ഷണം' എന്നാണ്. 'ഫോബിയ' എന്നത് ഗ്രീക്ക് ഭാഷയില്‍ 'ഭയം' എന്ന് അര്‍ത്ഥം വരുന്ന പദമാണ്.

പ്രധാന ലക്ഷണങ്ങള്‍

ചിലപ്പോള്‍ 'ഈറ്റിങ് ഡിസോര്‍ഡര്‍' എന്ന രോഗ വകുപ്പില്‍ ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ടെങ്കിലും സൈബോഫോബിയ യഥാര്‍ത്ഥത്തില്‍ 'ഭക്ഷണഭീതി' ആണ്. ഈ അനിയന്ത്രിതമായ ഭീതി കാരണം രോഗിക്ക് ഭക്ഷണം കഴിക്കാനോ അതുവഴി ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ എത്തിക്കാനോ കഴിയുന്നില്ല. ഇതുമൂലം അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. അങ്ങനെ സൈബോഫോബിയ ജീവന്‍ നിലനിര്‍ത്തുന്നതിന് തന്നെ ഭീഷണിയാവുന്നു.

സൈബോഫോബിയ വിവിധ രീതികളില്‍ കാണപ്പെടുന്നു. ചില ആളുകള്‍ പാചകം ചെയ്യാന്‍ ഭയപ്പെടുന്നു, ചിലര്‍ മറ്റുള്ളവര്‍ പാകംചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നു... പല ലക്ഷണങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണ്. രോഗനിര്‍ണയം ഒരു പരിശീലനം സിദ്ധിച്ച ഡോക്ടര്‍ക്കു മാത്രമാണ് സാധ്യമാകുക. കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങളുണ്ടെങ്കില്‍ മാനസികാരോഗ്യ പ്രൊഫഷണലുകളുടെ സഹായം ആവശ്യമായി വരാം.

സൈബോഫോബിയ രോഗികള്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ അപ്പാടെ ഒഴിവാക്കാറുണ്ട്. ആ ഭക്ഷണങ്ങള്‍ തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് അവരുടെ കാഴ്ചപ്പാട്. ചിലര്‍ക്ക് ഏതു ഭക്ഷണവും 'എക്‌സ്പയറി തീയതി'യെ കുറിച്ച് ചിന്തിക്കാതെ, പരിശോധിക്കാതെ ഉപയോഗിക്കാന്‍ പറ്റാറില്ല. ചിലര്‍ ഭക്ഷണം നന്നായി വെന്തിട്ടുണ്ടോ എന്നുള്ള സംശയം കാരണം ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത അവസ്ഥയും കാണാറുണ്ട്.

സൈബോഫോബിയയുടെ പല ലക്ഷണങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണ്. ഈ രോഗമുള്ളവര്‍ തങ്ങളുടേതായ ഭക്ഷണ നിയമാവലി വികസിപ്പിക്കുന്നതും കാണാം. ഈ നിയമങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ഭക്ഷണം പുറത്തുനിന്ന് കഴിക്കുന്നത് ആലോചിക്കാനേ കഴിയില്ല. തങ്ങളുടെ നിയന്ത്രണത്തിലല്ലാതെ പാചകം ചെയ്യുന്ന ഒന്നും ഇത്തരത്തിലുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ കഴിക്കുകയില്ല.

ഈ രോഗം ഉള്ള ചില ആളുകള്‍ ഭക്ഷണം കഴിക്കാന്‍ തന്നെ കൂട്ടാക്കില്ല. അവര്‍ക്ക് ഭക്ഷണം വായില്‍ വയ്ക്കുന്നത്, ചവയ്ക്കുന്നത്, വിഴുങ്ങുന്നത് എല്ലാംതന്നെ അനിയന്ത്രിതമായ ഭയം ഉണ്ടാക്കുന്നു. ഖരാവസ്ഥയിലുള്ള ഭക്ഷണത്തോട് പേടി, ചിലപ്പോള്‍ ഇങ്ങനെയുള്ളവരില്‍ കണ്ടുവരാറുണ്ട്. ഇങ്ങനെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ ചിലപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആമാശയത്തിലേക്ക് ഒരു ട്യൂബ് ഘടിപ്പിച്ചാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദ്രവരൂപത്തില്‍ ശരീരത്തില്‍ എത്തിക്കുന്നത്.

നമ്മുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കണം. ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മള്‍ നല്ല സമീകൃതാഹാരം കഴിക്കേണ്ടതുണ്ട്. സൈബോഫോബിയ മുതലായ, ഭക്ഷണത്തോടെയുള്ള ഭീതി കാരണം ആഹാരം കഴിക്കാതിരിക്കുകയും അതുവഴി അവശ്യ പോഷകങ്ങള്‍ ശരീരത്തില്‍ എത്താതിരിക്കുകയും ചെയ്യുന്നു. പോഷകാഹാരക്കുറവ്, തലകറക്കം, ശരീരഭാരം കുറയുക, മുടി കൊഴിയുക, വിളര്‍ച്ച, ദുര്‍ബലമായ അസ്ഥികള്‍, കുറഞ്ഞ രക്തസമ്മര്‍ദം, വൃക്കയ്ക്കും മറ്റ് അന്തരികാവയവങ്ങള്‍ക്കും തകരാറുകകള്‍ എന്നിവയുണ്ടാകാം. മറ്റു പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കാം. കുട്ടികളില്‍ പോഷകാഹാരക്കുറവ് ശരിയായ വളര്‍ച്ചയുടെ അഭാവത്തില്‍ കലാശിക്കും.

ചികിത്സ

ഫുഡ് ഫോബിയ ചികിത്സയുടെ ഭാഗമായി 'എക്‌സ്‌പോഷര്‍ തെറാപ്പി' സഹായകരമാണെന്ന് അടുത്തകാല ഗവേഷണങ്ങള്‍ കാണിക്കുന്നു. തുലെയ്ന്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തിന്റെ ഭാഗമായി, ഫുഡ് ഫോബിയ വഴി ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് രണ്ട് വ്യത്യസ്ത ചികിത്സ നല്‍കുകയുണ്ടായി. രോഗിയുടെ ചിന്തയില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നതിനായി ഒരു ബോധന രീതിയാണ് ഒന്ന്. അവര്‍ക്കുണ്ടാകുന്ന ഭീതി കൃത്യമായി കണ്ടുപിടിച്ചതിനു ശേഷം, അത് എങ്ങനെ തരണം ചെയ്യണം എന്നതിന് വേണ്ട സമീപനം ഉപയോഗിച്ച് വ്യക്തികള്‍ക്കു വേണ്ടി വ്യത്യസ്തമായ സമീപന പ്രക്രിയ രൂപകല്പന ചെയ്യുന്നതാണ് രീതി.

തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന, അല്ലെങ്കില്‍ ഭീതി ഉണ്ടാക്കുന്ന ഭക്ഷണം അവരുടെ മുന്നില്‍ വയ്ക്കുകയും ഗവേഷകരായ ഡോക്ടര്‍മാര്‍ രോഗികളോട് ചോദ്യോത്തരങ്ങള്‍ ചോദിക്കുകയും അവര്‍ക്കുണ്ടാകുന്ന മാനസികമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും, അവര്‍ക്ക് ആശ്വാസം നല്‍കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

അതിനു ശേഷം രോഗി പരിശീലനം സിദ്ധിച്ച ന്യൂട്രീഷ്യന്‍ വിദഗ്ദ്ധരോടൊപ്പം ആ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുകയും പിന്നീട് ഒറ്റയ്ക്ക് അത് കഴിക്കാന്‍ ശ്രമിക്കുകയും മറ്റു കുടുംബാംഗങ്ങളുടെ കൂടെ കഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. രോഗിക്ക് പൂര്‍ണമായി ധൈര്യം ലഭിച്ചതിനു ശേഷം ഒരു ഹോട്ടലില്‍ നിന്നോ മറ്റോ കഴിപ്പിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഗവേഷണം നടത്തിയ രോഗികളില്‍ ഒരു വര്‍ഷത്തിന് ശേഷം വളരെ നല്ല മാറ്റമായിരുന്നു കാണാന്‍ കഴിഞ്ഞത്. പങ്കെടുത്തവരില്‍ എല്ലാവരും തന്നെ പഠനത്തിന് ശേഷം സമീകൃതാഹാരം കൂടുതല്‍ കഴിക്കുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടു.

സൈബോഫോബിയ മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കണ്ടുവരാറുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉപദേശത്തിന്, നിങ്ങളുടെ ഡോക്ടറോട് നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കുക. സ്വയം രോഗനിര്‍ണയം നടത്തരുത്.

Content Highlights: About cibhophobia food phobia eating disorder article by sindu rajan