അമ്പ്യാ ഗൊജ്ജു
മധുരക്കറികൾക്ക് ഏതു സദ്യയിലും ചെറുതല്ലാത്ത സ്ഥാനമുണ്ട്. എരിവും പുളിയും നുണയുമ്പോൾ ഇടയ്ക്കൊരിത്തിരി രുചി കൊഴുപ്പിക്കാൻ ലേശം മധുരക്കറി അത്യാവശ്യം തന്നെയാണ്. കൊങ്കണി സദ്യകളിൽ ആണെങ്കിൽ ഒരു മധുരക്കറി തീർച്ചയായും ഇലയിൽ വിളമ്പിയിരിക്കും.
അതാത് സമയത്ത് ലഭ്യമായ പഴങ്ങൾ കൊണ്ടുള്ള മധുരക്കറികൾ ആയിരിക്കും കൂടുതലും വിളമ്പുക. പൈനാപ്പിളിന്റെ കൂടെ മാമ്പഴവും മുന്തിരിയും ചേർക്കുന്ന "സാസ്സം " ഇതിൽ പ്രധാനിയാണ്. വിവാഹ സദ്യകളിൽ സാസ്സം മിക്കവാറും കാണും. മാമ്പഴം മാത്രം ചേർത്തും സാസ്സം തയ്യാറാക്കും. നാട്ടു മാമ്പഴം മുഴുവനോടെ ഇട്ടുണ്ടാക്കുന്ന " ഹുമ്മൺ " ആണെങ്കിൽ മാമ്പഴക്കാലത്തെ പ്രധാനിയാണ്. മാമ്പഴവും പാവയ്ക്കയും ചേർത്തുണ്ടാക്കുന്ന "ഘശി" സദ്യകളിൽ വിളമ്പാറില്ലെങ്കിലും വീടുകളിൽ മാമ്പഴക്കാലത്തെ സ്ഥിരം കറികളിൽ ഒന്നാണ്. മാമ്പഴത്തിന് പകരം പഴുത്ത മധുര അമ്പഴങ്ങ പാവയ്ക്കൊപ്പം ചേർത്തും ഘശി കൊങ്കണികൾ ഉണ്ടാക്കാറുണ്ട്. ഇനി മാമ്പഴചാറ് വെയിലത്തുണക്കി എടുക്കുന്ന മാമ്പഴത്തിര കൊണ്ട് ഉണ്ടാക്കുന്ന ഗൊജ്ജു ആണെങ്കിൽ അതിവിശിഷ്ടം. തെക്കൻ കേരളത്തിലെ കൊങ്കണികൾ നേന്ത്രപ്പഴവും കടലപരിപ്പും ഒരുമിച്ചിട്ട് ഉണ്ടാക്കുന്ന "കേള്യ അമ്പട്ട് " വളരെ രുചികരമാണ് . പഴമയുടെ നറുമണം പേറുന്ന ഇത്തരം രുചികൾ ഇന്നും കൊങ്കണികൾ നെഞ്ചോട് ചേർക്കുന്നു.
ഈ ഗണത്തിൽ പെടുന്ന മാമ്പഴം കൊണ്ടുള്ള അതീവ രുചികരമായ വിഭവമാണ് "അമ്പ്യാ ഗൊജ്ജു ". അമ്പൊ എന്നാൽ കൊങ്കണിയിൽ മാമ്പഴം എന്നർത്ഥം. ഉടച്ചു കറികളെ പൊതുവിൽ ഗൊജ്ജു എന്നും വിളിക്കും. നിറയെ നാരുള്ള നാടൻ മാമ്പഴമാണ് ഇതിന് കൂടുതൽ ചേർച്ച. അല്പം പുളിയും അതിലേറെ മധുരവും കിനിയുന്ന മാമ്പഴമാണെങ്കിൽ പിന്നൊന്നും നോക്കണ്ട. മടിച്ചു നിൽക്കാതെ ഗൊജ്ജു ഉണ്ടാക്കി ഊണിനൊപ്പം കഴിച്ച് നോക്കൂ.
Also Read
ചേരുവകൾ
- മാമ്പഴം - 4 - 5 എണ്ണം
- വറ്റൽ മുളക് - 4-5 എണ്ണം
- പച്ചമുളക് - 2 എണ്ണം
- ശർക്കര - ആവശ്യത്തിന്
- വെളുത്തുള്ളി- 2 അല്ലി
- ഉപ്പ് -ആവശ്യത്തിന്
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില - 1 കതിർപ്പ്
- നെയ്യ് - 1- 2 ടീസ്പൂൺ
മാമ്പഴത്തിന്റെ തൊലി എടുത്തു മാറ്റുക. മാമ്പഴത്തൊലി നന്നായി കൈ കൊണ്ട് ഞെരടി അതിൽ നിന്നു കിട്ടാവുന്നത്ര ചാറ് എടുക്കുക. നല്ല നാരുള്ള മാമ്പഴമാണെങ്കിൽ തൊലി കൈ കൊണ്ട് പിഴിഞ്ഞാൽ നല്ല മാമ്പഴചാറ് കിട്ടും.
ഇനി ഈ മാമ്പഴചാറിൽ മാമ്പഴം ചേർത്ത് ചെറുതായി ഒന്ന് കൈ കൊണ്ട് തന്നെ ഉടയ്ക്കുക. ശേഷം ഉപ്പ് ചേർക്കാം. വറ്റൽമുളക് ഒരല്പം വെളിച്ചെണ്ണ ചൂടാക്കി ചെറു തീയിൽ വറുത്തെടുക്കുക. ഇനി വറുത്ത വറ്റൽമുളകും പച്ചമുളകും വെളുത്തുള്ളിയും നന്നായി അരയ്ക്കുക. ഇതിലേക്ക് ശർക്കരയും ചേർത്ത് ഒന്ന് കൂടെ നന്നായി അരയ്ക്കുക. ഈ അരപ്പ് മാമ്പഴക്കൂട്ടിൽ ചേർക്കാം. എല്ലാം നന്നായി യോജിപ്പിക്കുക.
കടുകും കറിവേപ്പിലയും നെയ്യിൽ താളിച്ച് ഇതിന് മീതെ ഒഴിക്കാം. നല്ല സ്വാദിഷ്ടമായ മാമ്പഴ ഗൊജ്ജു തയ്യാർ.
ശ്രദ്ധിക്കുക
- ശർക്കര കരട് ഉള്ളതാണെങ്കിൽ അല്പം വെള്ളം ചേർത്ത് പ്രത്യേകം അരച്ച് അരിച്ചെടുക്കുക.ഇത് പിന്നീട് ഗോജ്ജുവിലേക്ക് ചേർത്താൽ മതി.
- ഈ കറി ചൂടാക്കാറില്ല. എല്ലാം പച്ചയ്ക്ക് ചേർക്കുന്നതാണ്.
- താളിക്കാൻ കഴിയുന്നതും നെയ്യ് തന്നെ എടുക്കുക. നല്ല മണം കിട്ടും. താൽപര്യമില്ലെങ്കിൽ വെളിച്ചെണ്ണയിൽ താളിക്കാം.
- മാമ്പഴത്തിന്റെ മധുരവും പുളിയും അനുസരിച്ചു മുളകിന്റെ എണ്ണത്തിൽ മാറ്റം വരുത്താം.
Content Highlights: ambya gojju recipe, konkani style food recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..