ഫിറ്റ്നസ് കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാറില്ലെങ്കിലും അസ്സലൊരു ഫൂഡിയുമാണ് ബോളിവുഡ് താരം കരീന കപൂർ. ഭക്ഷണവിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ നിരന്തരം പങ്കുവെക്കാരുമുണ്ട് താരം. ഇപ്പോഴിതാ ഒരു ബിരിയാണി വിശേഷമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. 

ഒരു ബിരിയാണി ചിത്രമാണ് കരീന പങ്കുവച്ചത്. താരത്തിന് ബിരിയാണി സമ്മാനിച്ചതാകട്ടെ മറ്റൊരു സൂപ്പർ താരവും. മറ്റാരുമല്ല തെന്നിന്ത്യൻ താരം പ്രഭാസ് ആണ് കരീനയ്ക്ക് ബിരിയാണി ഒരുക്കിയത്. ബാഹുബലി താരത്തിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് കരീന. 

ബാഹുബലി ബിരിയാണി അയച്ചപ്പോൾ എന്നു പറഞ്ഞാണ് കരീന ചിത്രം പങ്കുവെച്ചത്. ഭക്ഷണത്തിന് പ്രഭാസിന് നന്ദി പറയുന്നുമുണ്ട് കരീന. വരാനിരിക്കുന്ന ചിത്രം ആദിപുരുഷിൽ സെയ്ഫ് അലി ഖാനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട് പ്രഭാസ്. 

നേരത്തേയും തന്റെ ഇഷ്ട ഭക്ഷണങ്ങളെക്കുറിച്ച് കരീന പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. നടി മലൈക അറോറയുടെ അമ്മ തയ്യാറാക്കിയ മീൻകറിയുടെ ചിത്രവും തൂശനിലയിൽ വിളമ്പിയ സദ്യയുടെ ചിത്രവുമൊക്കെ താരം പങ്കുവച്ചിരുന്നു. ​രണ്ടു ​ഗർഭകാലത്തും ഇറ്റാലിയൻ ഭക്ഷണങ്ങളോടു തോന്നിയ താൽപര്യവും കരീന പറഞ്ഞിട്ടുണ്ട്. പിസയും പാസ്തയുമാണ് ​ഗർഭകാലത്ത് തനിക്കേറെ പ്രിയമായിരുന്ന ഭക്ഷണങ്ങൾ എന്നാണ് കരീന പറഞ്ഞത്. 

Content Highlights: When Baahubali Sends Biryani Kareena Kapoor Instagram Post