ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്തയാളാണ് ബ്രിട്ടനിലെ വില്യം രാജകുമാരന്റെ പത്നിയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡിൽടൺ. ചിട്ടയായ ഭക്ഷണരീതിയും വർക്കൗട്ടുമാണ് കേറ്റിന്റെ സൗന്ദര്യരഹസ്യം. ആരോഗ്യകരമായ വണ്ണം പിന്തുടരാൻ ഓരോ ദിവസവും കഴിക്കുന്ന പ്രഭാതഭക്ഷണത്തിലും കേറ്റിന് ചില നിർബന്ധങ്ങളുണ്ട്.
ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ഭക്ഷണം കഴിച്ചായിരിക്കണം എന്നു വിശ്വസിക്കുന്നയാളാണ് കേറ്റ്. ഗ്രീൻ ജ്യൂസ് കുടിച്ചാണ് കേറ്റിന്റെ ഒരുദിവസം തുടങ്ങുന്നത്. വിവിധ ഇലവർഗങ്ങളും ബ്ലൂബെറിയും മല്ലിയിലയുമൊക്കെ ചേർത്തുള്ള ഒരു ജ്യൂസ് ആണിത്. മറ്റൊന്ന് പൊറിഡ്ജ്( കഞ്ഞിക്ക് സമാനമായ വിഭവം) ആണ്. ഓട്സു കൊണ്ടും മറ്റുമുള്ള പൊറിഡ്ജ് കേറ്റിന്റെ പ്രിയ പ്രഭാതഭക്ഷണമാണ്.
വണ്ണം കുറയ്ക്കാനും വയറു നിറഞ്ഞ അവസ്ഥ തോന്നിക്കാനും മികച്ചതാണിത്. ഉച്ചഭക്ഷണത്തിന് ലളിതമായ സാലഡാണ് കക്ഷിക്ക് പ്രിയം. വില്യമിനും കേറ്റിനും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് സുഷി. ഉച്ചഭക്ഷണത്തിന് തണ്ണീർമത്തൻ കൊണ്ടുള്ള സാലഡും പാഴ്സ്ലി കൊണ്ടും മീൻകൊണ്ടുമുള്ള സാലഡും സൂപ്പുമൊക്കെയാണ് കേറ്റ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്.
പാചകം ഹോബിയായിട്ടുള്ള കേറ്റ് വില്യമിന്റെ പ്രിയവിഭവമായ റോസ്റ്റ് ചിക്കനാണ് അത്താഴത്തിന് തിരഞ്ഞെടുക്കാറുള്ളത്. ഒപ്പം സസ്യ വിഭവങ്ങൾ കൂടുതൽ ഉൾക്കൊള്ളിക്കുന്നതും അത്താഴത്തിനൊപ്പമാണ്
ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും പച്ചയ്ക്ക് കഴിക്കാനും ശ്രമിക്കാറുണ്ട്. സ്പൈസിയായിട്ടുള്ള ഭക്ഷണങ്ങളുടെ ആരാധികയാണ് താനെന്ന് കേറ്റ് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ വിഭവങ്ങളും കേറ്റിന് പ്രിയമാണ്.
Content Highlights: What Does Kate Middleton Eat