സ്‌നേഹ സീമ എന്ന തന്റെ യൂട്യൂബ് ചാനലിൽ അന്തരിച്ച നടി സുകുമാരി പഠിപ്പിച്ചു കൊടുത്ത സ്‌പെഷല്‍ ഉപ്പുമാവിന്റെ റെസിപ്പി പരിചയപ്പെടുത്തുകയാണ് നടി സീമ ജി. നായര്‍. താന്‍ അഭിനയിക്കുന്ന സിനിമാ ലൊക്കേഷനിലേക്ക് എല്ലാവര്‍ക്കുംകൊടുക്കാനായി പലഹാരങ്ങളുമായി സുകുമാരി അമ്മ വരാറുണ്ടായിരുന്നുവെന്ന് സീമ ഓര്‍ക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വളരെ മൃദുവായ ഉപ്പുമാവ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. 

ആവശ്യമുള്ള സാധനങ്ങള്‍

 • കാരറ്റ് ചിരകിയത്
 • സവാള അരിഞ്ഞത്
 • പച്ചമുളക്
 • കറുവേപ്പില
 • റവ -ഒരു കപ്പ്
 • കശുവണ്ടിപ്പരിപ്പ്
 • ഉണക്കമുന്തിരി
 • നെയ്യ്
 • കടുക്
 • ഉപ്പ്
 • വെള്ളം-മൂന്ന് കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെച്ച് നന്നായി ചൂടായികഴിയുമ്പോള്‍ മൂന്ന് ടീസ്പൂണ്‍ നെയ്യ് ഒഴിക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്ന ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം തിളപ്പിച്ചുവെച്ച വെള്ളം ഇതിലേക്ക് ചേര്‍ക്കാം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് റവ പതുക്കെ ചേര്‍ത്ത് കൊടുക്കാം. റവ കട്ടകെട്ടാതെ ഇളക്കി ചേര്‍ത്തുകൊടുക്കണം. വെള്ളം വറ്റി റവ വെന്തുവരുമ്പോള്‍ തീ കെടുത്താം. റവയുടെ മുകളില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, കാരറ്റ് എന്നിവ വിതറാം. അതിനുമുകളിലേക്ക് ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് അടപ്പ് വെച്ച് മൂടാം. അഞ്ചുമിനിറ്റിന് ശേഷം അടപ്പ് മാറ്റി എല്ലാം കൂട്ടിയോജിപ്പിച്ചശേഷം ചൂടോടെ കഴിക്കാം. 
Content highlights: uppumav recipe actress sukumari seema g nair snehaseema