ര്‍ക്ക് ഫ്രം ഹോമാണോ, ഇടയ്ക്ക് എന്തെങ്കിലും കൊറിക്കണമെന്ന് തോന്നുന്നുണ്ടോ. ശില്‍പ ഷെട്ടിയുടെ റെസിപ്പി പരീക്ഷിച്ചാലോ... സാധാരണ സനാക്‌സുകള്‍ പോലെ ആരോഗ്യത്തിനും ദഹനത്തിനും പ്രശ്‌നമാവാത്ത സ്‌നാക്‌സാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

കറീഡ് മഷ്‌റൂം ഡിപ്പാണ് ഈ വിഭവം. 'രുചികരമായ പോഷകങ്ങള്‍ നിറഞ്ഞ നാവില്‍ വെള്ളമൂറുന്ന വിഭവമാണിത്. എളുപ്പത്തില്‍ തയ്യാറാക്കാം, അധിക സമയവും വേണ്ട. പാകം ചെയ്യുന്നതിന് മുമ്പ് മഷ്‌റൂം നന്നായി കഴുകാന്‍ മറക്കേണ്ട.' താരം പോസ്റ്റിനൊപ്പം കുറിക്കുന്നു. ഒപ്പം റസിപ്പിയും പങ്കുവച്ചിട്ടുണ്ട്. 

ചേരുവകള്‍

 1. എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
 2. ചെറുതായി അരിഞ്ഞ വെളുത്തുള്ളി- ഒരു ടേബിള്‍ സ്പൂണ്‍
 3. ചുവന്ന മുളക് ചതച്ചത്- പകുതി
 4. സവാള അരിഞ്ഞത്- പകുതി
 5. വലിയ മഷ്‌റൂം- ഒന്ന്
 6. ബട്ടണ്‍ മഷ്‌റൂം- അഞ്ചോ ആറോ
 7. കറി പൗഡര്‍- ഒരു ടീസ്പൂണ്‍
 8. ക്യാഷ്യൂ പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
 9. മല്ലിയില- ഒരു ടേബിള്‍ സ്പൂണ്‍
 10. ചെഡാര്‍ ചീസ്- രണ്ട് ടേബിള്‍ സ്പൂണ്‍
 11. പാര്‍സ്ലി- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ചുവന്ന മുളകും വെളുത്തുള്ളിയും ഇടുക. ഇനി സവാളയും കൂടി ചേര്‍ത്ത് ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇനി ചെറുതായി അരിഞ്ഞ മഷ്‌റൂം ഇതിലേക്ക് ചേര്‍ത്ത് നല്ല തീയില്‍ വേവിക്കാം. ഇതില്‍ കറി പൗഡര്‍ ചേര്‍ത്ത് വീണ്ടും ഇളക്കാം. ഇനി ക്യാഷൂ പേസ്റ്റ് ചേര്‍ത്ത് ഇളക്കാം. പാകത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് വീണ്ടും വേവിക്കാം. ഇനി തീയില്‍ നിന്നിറക്കി മുകളില്‍ ചീസ് പൊടിച്ച് വിതറാം. അല്‍പ സമയം വച്ച ശേഷം ചീസ് കഷണങ്ങളും പാര്‍സ്ലിയും കൊണ്ട് അലങ്കരിക്കാം.

Content Highlights: Try Shilpa Shetty’s healthy mushroom dip recipe for snacks