രാഷ്ട്രീയ ഇടപെടലുകള്‍ക്കൊപ്പം കുടുംബത്തിനായും സമയം കണ്ടെത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്തയാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മക്കളുടെ വിശേഷങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുള്ള സ്മൃതി ഇറാനിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ മുഴുവന്‍ റെസിപ്പിയാണ്, മകള്‍ക്കായി സ്മൃതി തയ്യാറാക്കിയ ഭക്ഷണത്തിന്റെ റെസിപ്പിയാണ് ചിത്രസഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

മകള്‍ക്കു വേണ്ടി വെജ് ഹക്കാ നൂഡില്‍സും ചിക്കന്‍ മഞ്ചൂരിയനുമാണ് സമൃതി തയ്യാറാക്കിയത്. വിഭവം തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും പങ്കുവെക്കുകയും ചെയ്തു. അതിങ്ങനെ പോകുന്നു...

food

മഞ്ചൂരിയനു വേണ്ടി കാപ്‌സിക്കവും കാരറ്റും നൂഡില്‍സിനായി കാബേജും കനംകുറച്ച് നീളത്തില്‍ കഷ്ണങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം മഞ്ചൂരിയനു വേണ്ടി മുട്ടയുടെ വെള്ളയും ഉപ്പും1.5 ടീസ്പൂണ്‍ കോണ്‍ സ്റ്റാര്‍ച്ചും ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെക്കും. ഇനി ഈ ചിക്കന്‍ എടുത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ മൊരിയിച്ചെടുത്ത് മാറ്റിവെക്കുക. ശേഷം കൊത്തിയരിഞ്ഞ ഇഞ്ചി, ഉള്ളി, പച്ചക്കറികള്‍ എന്നിവ ഒരു പാനില്‍ നന്നായി വഴറ്റിയെടുക്കുക, ഇത് കരിഞ്ഞുപോകാതിരിക്കാനും ശ്രദ്ധിക്കണം. ഇനി അല്‍പം സോയാ സോസും ഓയ്‌സ്റ്റര്‍ സോസും വൈറ്റ് വിനാഗിരിയും അര ടീസ്പൂണ്‍ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി വേവിക്കുക. ചിക്കന്‍ മഞ്ചൂരിയന്‍ തയ്യാര്‍.

food

നൂഡില്‍സ് റെസിപ്പിയും വിശദമായി സ്മൃതി നല്‍കിയിട്ടുണ്ട്. അതിനായി നൂഡില്‍സ് എടുത്ത് നാലഞ്ചു മിനിറ്റ് തിളപ്പിച്ച് വെള്ളം നീക്കി വെക്കുക. ശേഷം ഉള്ളി, ഗ്രീന്‍ ഒനിയന്‍, കാബേജ്, കാരറ്റ്, കാപ്‌സിക്കം എന്നിവ പാനിലിട്ട് വഴറ്റി ഇതിലേക്ക് നൂഡില്‍സ് ഇടുക. ഇനി അല്‍പം സോയാ സോസും ഉപ്പും ആവശ്യത്തിന് കുരുമുളകുപൊടിയും ചേര്‍ത്ത് വാങ്ങിവെക്കാം. 

റെസിപ്പികള്‍ക്കൊടുവില്‍ പാകം ചെയ്ത ഭക്ഷണത്തിനു മുന്നില്‍ മകള്‍ രുചിക്കുന്ന ചിത്രം പങ്കുവച്ച് അഭിപ്രായത്തിനായി കാത്തിരിക്കുന്നു എന്നും സ്മൃതി ഇറാനി കുറിച്ചു. 

Content Highlights: Smriti Irani cooks veg hakka noodles and chicken manchurian for daughter