മലയാളികൾക്ക് ഏറെ നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് ശ്വേത മോഹൻ. എന്നാൽ ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ശ്വേത പങ്കുവച്ചിരിക്കുന്നത് പാട്ടിന്റെ വീഡിയോ അല്ല, മറിച്ച് ഒരുഗ്രൻ റെസിപ്പിയുടേതാണ്. ഭർത്താവിന്റെ അമ്മ പത്മജയുടെ സ്പെഷൽ മാംഗോ റെസിപ്പിയാണ് ശ്വേത പങ്കുവെക്കുന്നത്.
മാവിൻ ചോട്ടിലെ മണമുള്ള മധുരമായ് എന്ന ഗാനം ആലപിച്ചാണ് ശ്വേത വീഡിയോ ആരംഭിക്കുന്നത്. റെസിപ്പി പങ്കുവെക്കാനുള്ള കാരണവും ശ്വേത പറയുന്നുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ഇട്ട മുട്ട റോസ്റ്റിന്റെ വീഡിയോക്ക് ധാരാളം കമന്റുകൾ ലഭിച്ചിരുന്നു. അന്ന് നൂറു കമന്റുകൾ കിട്ടിയാൽ താൻ ഇനിയും റെസിപ്പികൾ പങ്കുവെക്കാം എന്നു പറഞ്ഞു. പത്തുമിനിറ്റിനുള്ളിൽ ധാരാളം കമന്റുകൾ വന്നു. അതിൽ നിന്ന് എല്ലാവരും ഭക്ഷണ പ്രേമികളാണെന്ന് മനസ്സിലായെന്നും അങ്ങനെയാണ് വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്നും ശ്വേത.
ഭർത്താവിന്റെ അമ്മ പത്മജ തയ്യാറാക്കിയ മാങ്ങാ പുഡ്ഡിങ് ശ്വേതയ്ക്ക് ഏറെ പ്രിയവുമാണ്. ലോക്ഡൗണ്‍ സമയത്ത് പുതുതായി എന്തെങ്കിലും ഉണ്ടാക്കിയാലോ എന്നാലോചിച്ചപ്പോഴാണ് ഈ വിഭവത്തെക്കുറിച്ച് ആലോചിച്ചതെന്ന് പത്മജ പറയുന്നു. അധികം ചേരുവകൾ ഇല്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ് ഇതെന്നും പത്മജ പറയുന്നു.
ചേരുവകൾ
ഒരു വലിയ പഴുത്ത മാമ്പഴം ചെറുതായി അരിഞ്ഞത്
പാൽ- അര ലിറ്റർ
പഞ്ചസാര- ആറു ടേബിൾ സ്പൂൺ
വനില കസ്റ്റാർഡ് പൗഡർ- നാല് ടേബിൾ സ്പൂൺ
വനില എസ്സൻസ്-
ബിസ്ക്കറ്റ്- എട്ടെണ്ണം
ചോക്ലേറ്റ്-
കോഫി ഡിക്കോഷൻ
തയ്യാറാക്കുന്ന വിധം
ഒരു തവി പാൽ കസ്റ്റാർഡ് പൗഡറിൽ ഒഴിച്ച് കട്ടയില്ലാതെ നന്നായി ഇളക്കുക. ബാക്കിയുള്ള പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ കസ്റ്റാർഡ് ചേർത്തു കൊടുത്ത് ഇളക്കുക. ഇതിലേക്ക് ഒരു അടപ്പ് വനില എസ്സൻസ് ചേർക്കുക. ശേഷം തണുക്കാൻ വെക്കുക. ശേഷം ബിസ്ക്കറ്റ് കോഫി ഡിക്കോക്ഷനിൽ മുക്കി പുഡ്ഡിങ് ഉണ്ടാക്കുന്ന പാത്രത്തിൽ നിരത്തുക. ഇനി അരിഞ്ഞുവച്ച മാമ്പഴം ഇതിനു മുകളിലേക്ക് നിരക്കുക. ഇതിനു മുകളിലേക്ക് കസ്റ്റാർഡ് ചേർക്കുക. ഇനി രണ്ടുമണിക്കൂർ ഫ്രീസറിൽ വെക്കുക. ഒരു പാനിൽ വെള്ളം തിളപ്പിക്കാൻ വച്ച് അതിനു മുകളിൽ ഒരു പാത്രം പിടിച്ച് അതിൽ അൽപം പാലും ചോക്ലേറ്റും ഇട്ട് ഒന്നോ രണ്ടോ മിനിറ്റ് അലിയാൻ വെക്കുക. ഇനി നേരത്തേ വച്ച കസ്റ്റാർഡ് മിക്സ് പുറത്തെടുത്ത് ഇതിനു മുകളിലേക്ക് ചോക്ലേറ്റ് അലിയിച്ചതും അതിനു മുകളിൽ മാമ്പഴവും വച്ച് വീണ്ടും നാലോ അഞ്ചോ മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. പുഡ്ഡിങ് തയ്യാർ.
Content Highlights: Shweta Mohan cooks Mango Fantasy pudding with Mother-in-law