ഫിറ്റ്‌നസ് കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ശില്‍പ ഷെട്ടി. ഭക്ഷണത്തിന്റെ കാര്യത്തിലും ശില്‍പയ്ക്ക് ചില ചിട്ടകളുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റെസിപ്പിയുമൊക്കെ ശില്‍പ പങ്കുവെക്കാറുണ്ട്. പതിവുപോലെ ഇക്കുറിയും ശില്‍പ ഒരു ഹെല്‍ത്തി ടിപ്‌സ് പങ്കുവെക്കുകയാണ്. അസിഡിറ്റിയും ദഹനമില്ലായ്മയും ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ ആണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്. 

ഭക്ഷണരീതിയും സമ്മര്‍ദവും മൂലം ആളുകളില്‍ ദഹനപ്രശ്‌നവും അസിഡിറ്റിയും വര്‍ധിക്കുന്നുണ്ട്. ജീരകം, പെരുംജീരകം, അയമോദകം എന്നിവ കൊണ്ട് എങ്ങനെ ദഹനപ്രശ്‌നവും അസിഡിറ്റിയും ഇല്ലാതാക്കാം എന്നാണ് ശില്‍പ പറയുന്നത്.

അതിനായി ഒരു പാത്രത്തില്‍ തുല്യഅളവില്‍ ജീരകവും അയമോദകവും പെരുംജീരകവും എടുക്കുക. ഇതു ചെറുതായി വറുത്തതിനുശേഷം പൊടിച്ചെടുക്കുക. ഈ പൊടി വായുകടക്കാത്ത കുപ്പിയിലാക്കി വെച്ച് ഉപയോഗിക്കാം എന്നാണ് ശില്‍പ പറയുന്നത്. 

ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ചും ശില്‍പ പങ്കുവെക്കുന്നുണ്ട്. ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം നാരങ്ങാനീരൊഴിക്കുക. അതിലേക്ക് ഈ പൊടി കലക്കുക. ദിവസവും ഈ പാനീയം കുടിക്കുക വഴി അസിഡിറ്റി ഇല്ലാതാകുമെന്നും ദഹനം സുഗമമാവുമെന്നും ശില്‍പ പറയുന്നു. ഭാരം കുറയ്ക്കാനും ഈ പാനീയം മികച്ചതാണെന്ന് ശില്‍പ പറയുന്നു.

Content Highlights: Shilpa Shetty Shared Home Remedy To Relieve Acidity And Indigestion