പ്രതിരോധശേഷിയെക്കുറിച്ച് ഏറ്റവുമധികം സംസാരിച്ച വര്‍ഷമാണ് കടന്നുപോയത്. കൊറോണ എന്ന മഹാമാരിയെ തുരത്തുന്നതില്‍ പ്രധാനം പ്രതിരോധശേഷി വര്‍ധിപ്പിക്കലാണെന്ന് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷണശീലങ്ങളിലും മറ്റും കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ഇതിലാദ്യം. ഇപ്പോഴിതാ ബോളിവുഡ് താരവും ഫിറ്റ്‌നസ് ഫ്രീക്കുമായ ശില്‍പ ഷെട്ടിയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നൊരു പാനീയത്തിന്റെ റെസിപ്പി പങ്കുവച്ചിരിക്കുകയാണ്. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മികച്ച പാനീയമാണ് താന്‍ പങ്കുവെക്കുന്നതെന്ന് ശില്‍പ പറയുന്നു. തേനും ഇഞ്ചിയും നാരങ്ങയും ചേര്‍ത്താണ് ഈ പാനീയം ഉണ്ടാക്കുന്നത്. മകന്‍ വിയാന്‍ രാജിന് അഞ്ചുവയസ്സുള്ളപ്പോള്‍ മുതല്‍ ഈ പാനീയം നല്‍കാറുണ്ടെന്നും എപ്പോള്‍ എല്ലാ രാവിലെകളിലും വിയാന്‍ ഇത് ചോദിക്കാറുണ്ടെന്നും ശില്‍പ. 

ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്റ്റീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങളാല്‍ സമൃദ്ധമായ ഈ പാനീയം ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനൊപ്പം ശ്വസനവ്യവസ്ഥയുടെ പ്രവര്‍ത്തനക്കെയും മെച്ചപ്പെടുത്തുമെന്ന് ശില്‍പ പറയുന്നു. മെറ്റബോളിസം വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളമുള്ള ഈ പാനീയത്തിന് കഴിവുണ്ട്. 

ശില്‍പ പങ്കുവച്ച റെസിപ്പി

ചേരുവകള്‍

ചൂടുവെള്ളം- രണ്ടു കപ്പ്
നാരങ്ങ- ഒന്നര
ഇഞ്ചി നീര്- ഒന്നര ടേബിള്‍ സ്പൂണ്‍
മാങ്ങയിഞ്ചി അഥവാ വെളുത്ത മഞ്ഞള്‍- 1 ടേബിള്‍ സ്പൂണ്‍
തേന്‍- 2 ടേബിള്‍ സ്പൂണ്‍
കറുവപ്പട്ട- രുചിക്ക്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേന്‍, നാരങ്ങാനീര്, ഇഞ്ചി നീര്, മഞ്ഞള്‍, കറുവാപ്പട്ട, ഉപ്പ് എന്നിവ ഒരുപാത്രത്തിലിടുക. ഈ മിശ്രിതത്തിലേക്ക് ചൂടുവെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഒരു പാത്രം കൊണ്ട് അഞ്ച് മിനിറ്റ് മൂടി വെക്കുക. ഒരു കപ്പിലേക്ക് ഒഴിച്ച് ചൂടോടെ കുടിക്കാം. അമിതമായി തണുപ്പുള്ളതോ ചൂടുള്ളതോ ആയ വെള്ളത്തില്‍ തേന്‍ ചേര്‍ക്കരുത്, ഇത് ഫലം കുറച്ചേക്കാം. 

Content Highlights: Shilpa Shetty's golden potion is great for immunity and digestion