കുട്ടികളുടെ വയറുനിറയ്ക്കാൻ പാടുപെടുന്ന മാതാപിതാക്കളാണ് ഏറെയും. ആരോ​ഗ്യപ്രദമായ ഭക്ഷണം വയറിലെത്തിക്കാൻ ആവുന്ന വഴികൾ പരീക്ഷിക്കുന്നവരുണ്ട്. അത്തരക്കാർക്കൊരു കിടിലൻ റെസിപ്പി പങ്കുവെക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. 

ദഹനപ്രക്രിയ സു​ഗമമാക്കാനും പ്രതിരോധശേഷി വർധിക്കാനുമൊക്കെ സഹായിക്കുന്ന ചോളത്തെ എങ്ങനെ കിടിലൻ റെസിപ്പിയായി മക്കൾക്ക് മുന്നിൽ അവതരിപ്പിക്കാമെന്നു പറഞ്ഞു തരികയാണ് ശിൽപ ഷെട്ടി. വിറ്റാമിനുകളും മിനറലുകളും നിറഞ്ഞ ചോളം കൊണ്ട് കോൺഫ്രിറ്റേഴ്സ് തയ്യാറാക്കുന്ന വിധമാണ് ശിൽപ പങ്കുവെക്കുന്നത്.

ചേരുവകൾ

വേവിച്ച് ഉടച്ചുവച്ച സ്വീറ്റ് കോൺ- 1 കപ്പ്
പുഴുങ്ങി ​ഗ്രേറ്റ് ചെയ്തുവച്ച മധുരക്കിഴങ്ങ് - രണ്ട് 
സ്പ്രിങ് ഒനിയൻ- രണ്ട് 
മല്ലിയില- രണ്ടു ടേബിൾ സ്പൂൺ 
ചുവന്നമുളക് - ഒരെണ്ണം
ഫ്ളാക്സ് സീഡ് പൗഡർ- ഒന്നരടേബിൾ സ്പൂൺ 
ബ്രെഡ് പൊടിച്ചത്- അരകപ്പ്
ഗ്രേറ്റ് ചെയ്ത ചീസ്-  ഒരുകപ്പ് ​

തയ്യാറാക്കുന്നവിധം

ഒരു പാത്രത്തിൽ വേവിച്ച് ഉടച്ചുവച്ച സ്വീറ്റ് കോൺ എടുത്തുവെക്കുക. ശേഷം ഇതിലേക്ക് മധുരക്കിഴങ്ങ് ചേർക്കാം. ഇനി നന്നായി അരിഞ്ഞുവച്ച സ്പ്രിങ് ഒനിയൻ, മല്ലിയില, ചുവന്നമുളക് അരിഞ്ഞത്, ഫ്ളാക്സ് സീഡ് പൗഡർ,  ബ്രെഡ് പൊടിച്ചത്, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഒട്ടിപ്പിടിക്കാതിരിക്കാൻ കയ്യിൽ അൽപം എണ്ണ പുരട്ടുക. ശേഷം മിശ്രിതം ചെറുതായി കുഴച്ചെടുത്ത് ത്രികോണാകൃതിയിൽ പരത്തുക. എണ്ണയൊഴിച്ച് മിതമായി മൊരിച്ചെടുക്കാം. മറുവശവും മൊരിയിച്ചതിനു ശേഷം വാങ്ങിവെക്കാം.

Content Highlights: Shilpa Shetty's Corn Fritters for Kids Diet