ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് അഭിനയം പോലെ തന്നെ പ്രിയങ്കരമാണ് പാചകവും. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് വര്‍ക്കൗട്ട് ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന രീതിയാണ് താരം പിന്തുടരാറുള്ളത്. നിരവധി കുക്കിങ് റെസിപ്പികളും ശില്‍പ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ തന്റെ പിറന്നാളിനോട് അനുബന്ധിച്ച് വീട്ടില്‍ തയ്യാറാക്കിയ കേക്കിന്റെ ചിത്രമാണ് ശില്‍പ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേക്കിനു പിന്നില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ പാചകവിരുതാണെന്നും താരം പറയുന്നു. 

ശില്‍പയുടെ നാല്‍പത്തിയഞ്ചാം പിറന്നാള്‍ സ്‌പെഷലാക്കാനാണ് രാജ് കുന്ദ്ര കേക്ക് തയ്യാറാക്കി സമ്മാനിക്കാന്‍ തീരുമാനിച്ചത്. താരത്തിന് ഏറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്കാണ് രാജ് കുന്ദ്ര തയ്യാറാക്കിയത്. ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും ശില്‍പ പങ്കുവച്ചിട്ടുണ്ട്. 

''എനിക്കേറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്ക് ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവായ രാജ്കുന്ദ്ര തയ്യാറാക്കിയിരിക്കുന്നു. കുടുംബാംഗങ്ങള്‍ക്കരികിലാണ്( ബാക്കിയുള്ളവര്‍ വീഡിയോ കോളിലൂടെ) ഒപ്പം ലോകമെമ്പാടുമുള്ളവരുടെ സ്‌നേഹം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും.. എല്ലാവര്‍ക്കും ഒരുപാടു നന്ദി''- ശില്‍പ കുറിച്ചു. 

ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിക്കാന്‍ നില്‍ക്കുന്ന ചിത്രത്തിനു പുറമെ അമ്മ സുനന്ദയ്ക്കും സഹോദരി ഷമിതയ്ക്കും രാജ് കുന്ദ്രയുടെ അമ്മ ഉഷാ റാണിക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വാനില മെറായ്ങ് കേക്കിനൊപ്പം ചോക്ലേറ്റ് കേക്കും പിറന്നാള്‍ ആഘോഷത്തിലുണ്ടായിരുന്നു. 

Content Highlights: Shilpa Shetty's Birthday Cake By Husband Raj Kundra