കുട്ടികളെ ഹെല്‍ത്തി ഭക്ഷണങ്ങള്‍ ശീലിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തുപോകാന്‍ കഴിയില്ലെന്നു ബോധ്യപ്പെടുത്തുന്നതിനൊപ്പം പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് പകരം ആരോഗ്യകരമായ സ്‌നാക്ക്‌സ് വീട്ടില്‍ ഉണ്ടാക്കുകയും ചെയ്യാം. ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഇപ്പോള്‍ അത്തരമൊരു ഹെല്‍ത്തി സ്‌നാക്‌സ് റെസിപ്പി പങ്കുവെക്കുകയാണ്. 

വീട്ടില്‍ തന്നെ എങ്ങനെ ഹെല്‍ത്തി ചിപ്‌സ് ഉണ്ടാക്കാമെന്നാണ് ശില്‍പ പങ്കുവെക്കുന്നത്. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കൊണ്ടുള്ള ചിപ്‌സ് റെസിപ്പിയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇതിനായി ആദ്യം ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും വട്ടത്തില്‍ കനമില്ലാതെ കഷണങ്ങളാക്കുക. ഇനി ഇവ അല്‍പം കുരുമുളകുപൊടി, ഉപ്പ്, എണ്ണ എന്നിവ ചേര്‍ത്ത മിശ്രിതത്തില്‍ കോട്ട് ചെയ്‌തെടുക്കുക. ഗ്രീസ് ബേക്കിങ് ട്രേയില്‍ അല്‍പം എണ്ണ തൂവി കിഴങ്ങ് കഷ്ണങ്ങള്‍ ഓരോന്നായി വച്ചുകൊടുക്കുക. പ്രീഹീറ്റഡ് അവനില്‍ വച്ച് ഒരുമണിക്കൂറോളം ബേക്ക് ചെയ്യുക. ക്രിസ്പി പൊട്ടെറ്റോ ചിപ്‌സ് തയ്യാര്‍. ഇത് രുചികരവും ആരോഗ്യകരവുമാണ്- ശില്‍പ പറയുന്നു. 

ആരോഗ്യത്തിന് ഹാനികരമായ ചേരുവകളൊന്നും ചേര്‍ത്തിട്ടില്ലാത്തതിനാല്‍ ഇവ കുട്ടികള്‍ എത്ര കഴിച്ചാലും പേടിക്കേണ്ടതില്ലെന്ന് ശില്‍പ പറയുന്നു. ബേക്ക് ചെയ്ത ചിപ്‌സ് ആയതുകൊണ്ടുതന്നെ കഴിക്കുന്ന അളവ് അല്‍പം കൂടിയാലും കുഴപ്പമില്ലെന്നും താരം പറയുന്നു. 

Content Highlights: shilpa shetty healthy potato chips recipe