ണുവിട വിട്ടുവീഴ്ചയില്ലാത്ത വര്‍ക്കൗട്ടും ഡയറ്റും കൊണ്ട് ആരാധകര്‍ക്കിടയിലെ ഫിറ്റ്‌നസ്‌ ഐക്കണായി മാറിയ നടിയാണ് ശില്‍പഷെട്ടി. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും വര്‍ക്കൗട്ടിനെക്കുറിച്ചുമൊക്കെ അവര്‍ അപ്പപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്. '30 ടോപ് ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ്‌  ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് ഇന്‍ ഇന്ത്യ'യുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുമുണ്ട് ശില്‍പ.

'ഞാന്‍ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, സദാസമയവും ഊര്‍ജസ്വലമാക്കുന്നു. അതിനായി ഞാന്‍ ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാറുണ്ട്. ഭക്ഷണം നന്നായി ചവച്ച് കഴിക്കുന്നുണ്ടെന്നും...അങ്ങനെ നമ്മുടെ ഹൃദയം സന്തുഷ്ടമാകുമ്പോള്‍, മനസ്സും ശരീരവും സന്തുഷ്ടമാവും. മധുരപലഹാരങ്ങളാണ് എന്റെ ഫേവറേറ്റ്. മധുരം കഴിച്ചിട്ടും ഫിറ്റ്‌നസ്‌ എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്ന് പലരും ചോദിക്കാറുണ്ട്. 20 സൂര്യനമസ്‌ക്കാരം, 20 ബര്‍പ്പീസ്, 30 മിനുട്ട് നീണ്ട കാര്‍ഡിയോ... ഈ വര്‍ക്കൗട്ടുകള്‍ ചെയ്താല്‍ ശരീരത്തിലെ കലോറികള്‍ പെട്ടെന്നു കത്തിച്ചു കളയാനാവും.'

44ാം വയസ്സിലും ശില്‍പയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂടിയിട്ടേയുള്ളൂ. ജിമ്മില്‍ പോകാതെ, ന്യൂട്രീഷനിസ്റ്റിന്റെ സഹായമില്ലാതെ തന്നെ സ്ത്രീകള്‍ക്ക് ആകാരവടിവും സൗന്ദര്യവും ഭക്ഷണത്തിലൂടെ സ്വന്തമാക്കാനുള്ള വഴികള്‍ പറഞ്ഞുതരാനും ശില്‍പ മറക്കാറില്ല. അത്തരത്തില്‍ ശില്‍പയുടെ ഫിറ്റ്‌നസ്‌ മെനുവില്‍ ഒഴിച്ചുകൂടാനാവാത്ത ഹെല്‍ത്ത് ഡ്രിങ്കാണ് 'സോള്‍ഖദി'. പേരുകേട്ട് ഞെട്ടേണ്ട. കുടംപുളി ഉപയോഗിച്ചുള്ള ജ്യൂസാണിത്. ശരീരഭാരം കുറയ്ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

സോള്‍ഖദി

കുടംപുളി - നാലെണ്ണം
വെളുത്തുള്ളി - അര ടീസ്പൂണ്‍
പച്ചമുളക് - ഒന്ന്
വെള്ളം - ഒരു ഗ്ലാസ്
തേങ്ങാപ്പാല്‍ - അരക്കപ്പ്
ഐസ് കഷണങ്ങള്‍ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുടംപുളി മൂന്നോ നാലോ മണിക്കൂര്‍ ചെറുചൂടുവെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം കുടംപുളിയും അതിന്റെ വെള്ളവും വെളുത്തുള്ളിയും പച്ചമുളകും അല്‍പം വെള്ളവും ചേര്‍ത്ത് ജ്യൂസ് പരുവത്തില്‍ അടിച്ചെടുക്കുക. അരിച്ചെടുത്തശേഷം ഈ മിശ്രിതം തേങ്ങാപ്പാലിലൊഴിക്കുക. അല്‍പം ഉപ്പ് ചേര്‍ത്തിളക്കണം. ഒരു ഗ്ലാസില്‍ ഐസ്‌ക്കഷണങ്ങളിട്ട് ജ്യൂസ് ഒഴിച്ച് പുതിനയിലയും മല്ലിയിലയും വിതറി വിളമ്പാം.

ഗുണങ്ങള്‍

  •  ഹൈഡ്രോക്ലോറിക്കും ആന്റിഓക്‌സിഡന്റും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നു.
  •  അസിഡിറ്റി തടയാനും വളരെ നല്ലതാണ്.
  •  പ്രതിരോധശേഷി കൂട്ടാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കും.  
  •  വിറ്റാമിന്‍ സി, സിട്രിക്ക് ആസിഡ് എന്നിവ സോള്‍ഖദിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  •  സോള്‍ഖദി കുടിച്ചാല്‍ വയറ് നിറഞ്ഞതായി തോന്നുന്നതിനാല്‍ വിശപ്പ് അധികം അനുഭവപ്പെടില്ല. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
  •  വേനല്‍ക്കാലത്ത് ശരീരവും മനസ്സും തണുപ്പിക്കാന്‍ മികച്ചൊരു ഡ്രിങ്കാണ് സോള്‍ഖദി.

Content Highlights: shilpa shetty favourite food