സിനിമയോട് തൽക്കാലം വിടപറഞ്ഞ് കുടുംബജീവിതം നയിക്കുകയാണ് നടി സമീര റെഡ്ഡി. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഭർതൃമാതാവിനൊപ്പമുള്ള വീഡിയോകളും സമീര പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുള്ളതും അത്തരത്തിലൊരു വീഡിയോ ആണ്. ഭർതൃമാതാവിനൊപ്പം പാനിപൂരിയും മീഠാ ചട്നിയും തയ്യാറാക്കുന്ന വീഡിയോ ആണ് സമീര പോസ്റ്റ് ചെയ്തിരിക്കുന്നത്.
പത്തുവർഷം മുമ്പ് ഭർതൃമാതാവിനെ കാണാൻ പോയപ്പോൾ തനിക്ക് ഉണ്ടാക്കിത്തന്ന വിഭവം എന്നു പറഞ്ഞാണ് സമീര വീഡിയോ പങ്കുവെക്കുന്നത്. സാധാരണ തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് അമ്മയുടെ പാനിപൂരിയെന്നും സമീര. സമീരയെ ഭർതൃമാതാവും തിരിച്ചും പാനിപൂരി ഊട്ടുന്നതും വീഡിയോയിൽ കാണാം
പാനിപൂരി റെസിപ്പി
പുതിനയില- ഒരു കെട്ട്
മല്ലിയില- ഒരു കെട്ട്
നാരങ്ങ- 1
ഇഞ്ചി- ഒരിഞ്ച്
ഉള്ളി- 1
ജീരകം- ഒരു ടേബിൾസ്പൂൺ
മല്ലിപ്പൊടി- 2 ടേബിൾസ്പൂൺ
വെള്ളം- ഒന്നരലിറ്റർ
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- 4-8
പുഴുങ്ങിയ ഉരുളക്കിഴങ്ങ്- 6-8
ചെറുപയർ പുഴുങ്ങിയത്- 1 കപ്പ്
പുഴുങ്ങിയ ചന്ന- 1 കപ്പ്
ചാട് മസാല
അടിച്ചെടുത്ത തൈര്
2 പാക്കറ്റ് പൂരി
തയ്യാറാക്കുന്ന വിധം
പുതിനയിലയും മല്ലിയിലയും നന്നായി കഴുകുക. ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഉപ്പും പുതിനയിലയും മല്ലിയിലയും മിക്സ് ചെയ്ത് അടിച്ചെടുക്കുക. ഇത് വെള്ളത്തിൽ ചേർത്ത് ഉപ്പും ജീരകവും മല്ലിപ്പൊടിയും ചേർക്കുക. പുഴുങ്ങിയെടുത്ത ചെറുപയർ, ഉരുളക്കിഴങ്ങ്, ചന്ന എന്നിവയിലേക്ക് ചാട്മസാല ചേർക്കുക.
ഈന്തപ്പഴത്തിലെ കുരു നീക്കം ചെയ്ത് വെക്കുക. പുളിയും ഈന്തപ്പഴവും ഒരു പാനിലേക്ക് ഇട്ട് ഒന്നരകപ്പ് വെള്ളത്തിൽ വേവിച്ചെടുക്കുക. ഇരുപതു മിനിറ്റിനുശേഷം തീ കുറച്ച് പത്തു മിനിറ്റ് വേവിക്കാം. ഇനി തണുപ്പിക്കാൻ വെക്കാം. ശേഷം ശർക്കരയും ജീരകപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് അടച്ചുറപ്പുള്ള പാത്രത്തിൽ വച്ച് മാസങ്ങളോളം ഉപയോഗിക്കാം.
പൂരിയിലേക്ക് ആവശ്യത്തിന് ചട്നിയും മസാലയും തൈരും ചേർത്ത് വിളമ്പാം
Content Highlights: sameera reddy cook with mother in law