ക്രിക്കറ്റിനെപ്പോലെ സച്ചിൻ തെണ്ടുൽക്കർ സ്നേഹിക്കുന്ന മറ്റൊന്ന് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും അത് വടാപാവ് ആണെന്ന്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ച് സച്ചിൻ മുമ്പും പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രവും അത് വ്യക്തമാക്കുന്നതാണ്. 

തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട വടാപാവ് തയ്യാറാക്കുന്നതിന്റെ ചിത്രമാണ് സച്ചിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. സം​​ഗതി ഉണ്ടാക്കുന്നതും കാത്തുനിൽക്കുന്ന അപ്രതീക്ഷിത അതിഥിയുടെ ചിത്രവുമുണ്ട്. സച്ചിൻ വടാപാവ് ഉണ്ടാക്കുന്നത് വാതിലിനു മറവിൽ നിന്ന് നോക്കിനിൽക്കുന്ന പൂച്ചയാണ് ചിത്രത്തിലുള്ളത്.

രസകരമായ ക്യാപ്ഷനോടെയാണ് സച്ചിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വടാപാവ് അന്നും ഇന്നും എന്നും എന്റെ പ്രിയ്യപ്പെട്ട സ്നാക്കുകളിൽ ഒന്നാണ്. അപ്രതീക്ഷിതമായെത്തിയ സന്ദർശകനെ കാണാൻ മറുചിത്രം നോക്കൂ എന്നാണ് സച്ചിൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

ക്രിക്കറ്റ്താരങ്ങളുൾപ്പെടെ നിരവധി പേരാണ് ചിത്രത്തിനു കീഴെ കമന്റുമായെത്തിയിരിക്കുന്നത്. തനിക്കും ഒരു വടാപാവ് ഉണ്ടാക്കിത്തരാമോ എന്നാണ് ഹർഭജൻ സിങ് ചോദിച്ചത്. 

ലോക്ക്ഡൗൺ കാലത്തും തന്റെ പാചകാഭിരുചി പങ്കുവച്ചിട്ടുള്ളയാളാണ് സച്ചിൻ. തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് മധുരപലഹാരം തയ്യാറാക്കി കുടുംബത്തെ അത്ഭുതപ്പെടുത്തിയിരുന്നു. നേരത്തെ മകൾ സാറ ബീറ്റ്റൂട്ട കബാബ് തയ്യാറാക്കിയതിന്റെയും ടബൂലാ എന്ന സാലഡ് തയ്യാറാക്കിയതിന്റെയും ചിത്രങ്ങളും സച്ചിൻ പങ്കുവച്ചിരുന്നു. 

Content Highlights: Sachin Tendulkar Preparing Favourite Snack Vada Pav