ലോക്ഡൗൺ കാലത്ത് പാചക പരീക്ഷണങ്ങളില്‍ മുഴുകിയവരേറെയാണ്. സെലിബ്രിറ്റികളില്‍ പലരും പുതിയ റെസിപ്പികള്‍ പരീക്ഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഗായിക റിമി ടോമിയും ഇപ്പോള്‍ പാചകമേഖലയില്‍ തിരക്കിലാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി റെസിപ്പികള്‍ പങ്കുവെക്കുന്നത്.
റെസ്റ്ററന്റ് സ്‌റ്റൈലിലുള്ള ചില്ലി ചിക്കനും ഫ്രൈഡ് റൈസുമാണ് ഇക്കുറി റിമി തയ്യാറാക്കിയിരിക്കുന്നത്. റിമിയുടെ പാചകം രുചിക്കാന്‍ ബിഗ്ബോസിലൂടെ പ്രശസ്തനായ ഷിയാസ് കരീമും വന്നിട്ടുണ്ട്. റിമിയുടെ ഭക്ഷണം രുചിച്ച് ഷിയാസ് അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്.
ചില്ലി ചിക്കന്‍ തയ്യാറാക്കിയ വിധം
ചിക്കന്‍ ചെറിയ കഷണങ്ങളാക്കി വെക്കുക. രണ്ട് സ്പൂണ്‍ വീതം ഇഞ്ചി- വെളുത്തുള്ളി, ഉപ്പ്, രണ്ട് സ്പൂണ്‍ കുരുമുളക്, ഒരു സ്പൂണ്‍ വിനാഗിരി, ഒരു മുട്ട, മൂന്ന് വലിയ സ്പൂണ്‍ കോണ്‍ഫ്ളോര്‍, രണ്ടു സ്പൂണ്‍ മൈദ, ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഒരുമണിക്കൂറോളം മാരിനേറ്റ് ചെയ്യാന്‍ വെക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് മാരിനേറ്റ് ചെയ്തുവച്ച ചിക്കന്‍ ഇട്ട് വറുത്തെടുക്കുക. ശേഷം ഒരുകപ്പു വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ വിനാഗിരി, രണ്ട് സ്പൂണ്‍ സോയാ സോസ്, രണ്ടു സ്പൂണ്‍ ചില്ലി സോസ്, രണ്ടു സ്പൂണ്‍ ടൊമാറ്റോ കെച്ചപ്പ്, ഒരു സ്പൂണ്‍ കോണ്‍ഫ്ളോര്‍ എന്നിവ ചേര്‍ക്കുക. ശേഷം വീണ്ടും പാനില്‍ എണ്ണ പുരട്ടി സ്പ്രിങ് ഒനിയനും മുളകും ഓരോ സ്പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും അല്‍പം കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച സവാളയും ചുവപ്പും പച്ചയും നിറത്തിലുളള കാപ്സിക്കവും ചേര്‍ത്തിളക്കുക. ഇതിലേക്ക് നേരത്തെ വെള്ളത്തില്‍ കലക്കിവച്ച സോസ് മിശ്രിതം ചേര്‍ത്ത് ഒരുനുള്ള് മധുരം ചേര്‍ക്കുക. ഇളക്കിയതിനുശേഷം ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക. അല്‍പനേരത്തിനു ശേഷം വാങ്ങിവച്ച് സ്പ്രിങ് ഒനിയന്‍ അലങ്കരിച്ച് വിളമ്പാം.
ഫ്രൈഡ് റൈസ് തയ്യാറാക്കിയ വിധം
പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ഒരു മുളകും അല്‍പം സവാളയും ചേര്‍ത്തിളക്കുക. ഇതിലേക്ക് ഗ്രീന്‍ കാപ്സിക്കവും റെഡ് കാപ്സിക്കവും ചേര്‍ത്ത് വഴറ്റി അരിഞ്ഞുവച്ച ക്യാബേജ്, ക്യാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന റൈസ് ഇട്ടുകൊടുത്ത് ഒരുതുള്ളി വിനാഗിരി ഒഴിച്ച് സോയാ സോസും ചേര്‍ത്ത് ഇളക്കുക. അല്‍പം നെയ്യുംകൂടി ചേര്‍ത്ത് നട്സും ചേര്‍ത്ത് വാങ്ങിവെക്കാം.
Content Highlights: Restaurant Style Chilli Chicken Veg Fried Rice by Rimi Tomy