ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട  താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപികാ പദുക്കോണും. ആരാധകരുമായി സംവദിക്കുന്നതിനു ഇന്‍സ്റ്റഗ്രാമില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരം ഇരുവരും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
 
ഇഷ്ടപ്പെട്ട സിന്ധി ഭക്ഷണമേതെന്ന ഒരു ആരാധകന്റെ ചോദ്യവും രണ്‍വീര്‍ നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയായിരിക്കുന്നത്. ചോറിനൊപ്പം സിന്ധി കറിയും ബൂണ്‍ഡിയും അര്‍ബി തുക്കുമാണ് തന്റെ ഇഷ്ടപ്പെട്ട വിഭവമെന്ന് താരം മറുപടി നല്‍കി.

മസാലക്കൂട്ടും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ വിഭവങ്ങളിലൊന്നാണ് സിന്ധി കറി. ചേമ്പ് എണ്ണയിലിട്ട് നന്നായി പൊരിച്ചെടുക്കുന്ന വിഭവമാണ് അര്‍ബി തുക്. 

താന്‍ വീഗനാണെന്നും രണ്‍വീര്‍ ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കി. അതിന്റെ ഭാഗമായി വേവിച്ച പച്ചക്കറികളാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബിരിയാണിയോടുള്ള തന്റെ ഇഷ്ടവും അദ്ദേഹം ആരാധകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി. ഭാര്യ ദീപികാ പദുക്കോണിന്റെ പാചകത്തിലുള്ള നൈപുണിയെപ്പറ്റി പറയാനും രണ്‍വീര്‍ മറന്നില്ല. എന്താണ് ഉച്ചയ്ക്ക് കഴിച്ചതെന്ന ചോദ്യത്തിന് ബിരിയാണിയുടെ ചിത്രം അദ്ദേഹം പങ്കുവെച്ചു. ഒപ്പം ദീപിക ഉണ്ടാക്കി നല്‍കിയ ഡെസേര്‍ട്ടിന്റെ ചിത്രവും ഒപ്പം നല്‍കി.

ഭാര്യ ദീപികാ പദുക്കോണും ആരാധകരോട് സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സംവദിച്ചിരുന്നു.  ഐസ്‌ക്രീമിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കാന്‍ കഴിയുമോ എന്ന  ആരാധകന്റെ ചോദ്യത്തിന് സ്‌കൂള്‍ കാലമാണ് തനിക്ക് ഓര്‍മ വരുന്നതെന്നും എല്ലാ ബുധനാഴ്ചയും സ്‌കൂളിനടുത്ത് ഐസ്‌ക്രീം വില്‍ക്കുന്ന ഒരാള്‍ വന്നിരുന്നുവെന്നും ദീപിക പറഞ്ഞു. അയാളുടെ പക്കല്‍നിന്ന് കുട്ടികൾ ഐസ്ക്രീം വാങ്ങിയിരുന്നുവെന്നും അഞ്ചു രൂപ കൊടുത്താന്‍ കോണ്‍ ഐസ്‌ക്രീം കിട്ടുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: ranveer singh just shared his favourite sindhi food and it s a classic