ണ്ടാമതും അമ്മയാവാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. മകൻ തൈമൂറിന് കൂട്ടായി മറ്റൊരാൾ കൂടി വരുന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് കരീനയും ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും അറിയിച്ചത്. തുടർന്നങ്ങോട്ട് കരീനയുടെ മെറ്റേർണിറ്റി ഫാഷനും ഡയറ്റിങ്ങുമൊക്കെ വാർത്തയിൽ നിറയാറുണ്ട്. ഇപ്പോഴിതാ ​ഗർഭകാലത്തെ തന്റെ ഭക്ഷണരീതികളെക്കുറിച്ച് പങ്കുവെക്കുകയാണ് കരീന കപൂർ. 

എൻഡി ടിവിക്കു നൽകിയ അഭിമുഖത്തിലാണ് കരീന ഇവ പങ്കുവെച്ചത്. ശുദ്ധമാർന്ന ഭക്ഷണം കഴിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം എന്നും പ്രധാനമായിരുന്നുവെന്ന് കരീന പറയുന്നു. ​ഗർഭിണിയാണെന്നു കരുതി ഡയറ്റിങ്ങിൽ മാറ്റം വരുത്തിയിട്ടില്ല. മുമ്പു കഴിച്ചിരുന്ന ഭക്ഷണങ്ങൾ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. എങ്കിലും രാവിലെയും ഉച്ചയ്ക്കും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാണ്. ഒപ്പം പച്ചക്കറികളും ആവോളം കഴിക്കും. ലളിതമായ ഡയറ്റു തന്നെ ആരോ​ഗ്യകരമായിരിക്കാൻ ധാരാളമാണെന്നും കരീന പറയുന്നു. 

ഭക്ഷണത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതെ ഫിറ്റ്നസ് പുലർത്തുന്നതിനെക്കുറിച്ചും കരീന പറയുന്നു. രാവിലെ തന്നെ അന്നു കഴിക്കാൻ പോകുന്ന ഭക്ഷണത്തെക്കുറിച്ച് പ്ലാൻ ചെയ്തിരിക്കും. അതുകൊണ്ടു തന്നെ ഭക്ഷണം അമിതമാവാതെ എല്ലാം അളവിനനുസരിച്ച് കഴിക്കാൻ സാധിക്കും. ഒപ്പം ചെറിയ തോതിലുള്ള വ്യായാമങ്ങളും തന്നെ ആരോ​ഗ്യവതിയായി ഇരിക്കാൻ സഹായിക്കുന്നുവെന്ന് കരീന. 

അമ്മയാകാൻ പോകുന്നവർക്കായി ചില ടിപ്സും കരീന പങ്കുവെക്കുന്നുണ്ട്. നെ​ഗറ്റിവിറ്റിയിൽ നിന്ന് പരമാവധി വിട്ടുനിന്ന് ചിന്തകൾ ശുദ്ധമാക്കുകയാണ് അവയിൽ പ്രധാനം. നിങ്ങൾക്ക് കഴിക്കാൻ ആ​ഗ്രഹമുള്ളതെല്ലാം കഴിച്ചോളൂ, പക്ഷേ ഒന്നും അമിതമാവരുത്. ദഹനപ്രക്രിയ സു​ഗമമാക്കാൻ ധാരാളം തൈര് ശീലമാക്കാം. ​ഗർഭിണിയായ സ്ത്രീ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണമെന്നു പറയാറുണ്ട്, അതിൽ കഴമ്പില്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിച്ചാൽ മതി. നിങ്ങളുടെ ശരീരം പറയുന്നതു കേട്ട് നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യൂ- കരീന പറയുന്നു.

Content Highlights: Mom-to-be Kareena Kapoor Khan's pregnancy diet