സിനിമാതാരമല്ലെങ്കിലും ഏറെക്കുറെ അത്രത്തോളം താരപരിവേഷം ലഭിച്ചിട്ടുള്ളയാളാണ് നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. മിറയുടെ ഫാഷൻ സെൻസും പാചക വൈദ​ഗ്ധ്യവുമൊക്കെ സമൂഹമാധ്യമത്തിൽ നിറയാറുണ്ട്. മിറയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിലേറെയും പാചകം സംബന്ധിച്ചുള്ളവയാണ്. ഇപ്പോൾ മിറ പങ്കുവച്ചിരിക്കുന്നതും ഒരു സ്പെഷൽ പാചകത്തിന്റെ ചിത്രമാണ്. സം​ഗതി തയ്യാറാക്കിയിരിക്കുന്നത് മിറയുടെ നാലുവയസ്സുകാരിയായ മകളാണ് എന്നതാണ് പ്രത്യേകത. 

മിഷ ബേക് ചെയ്ത ചോക്ലേറ്റ് കേക്കിന്റെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ മിഷയുടെ സഹായത്തോടെ തയ്യാറാക്കിയ സാലഡിന്റെ ചിത്രം മിറ പങ്കുവച്ചിരുന്നു. അതിനുപിന്നാലെയാണ് അമ്മയെപ്പോലെ കിടിലൻ പാചക പരീക്ഷണവുമായി മിഷ രം​ഗത്തെത്തിയിരിക്കുന്നത്. 

കേക്ക് തയ്യാറാക്കുക മാത്രമല്ല അത് മനോഹരമായി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് മിഷ. ചോക്ലേറ്റ് കേക്കിനു മീതെ കളർഫുൾ നക്ഷത്രങ്ങൾ വിതറിയിട്ടിരിക്കുന്നതു കാണാം. രസകരമായ കുറിപ്പോടെയാണ് മിറ ചിത്രം പോസ്റ്റ് ചെയ്തത്. 

"ബേക് ചെയ്തതും ഐസിങ് ചെയ്തതും ക്ലിക് ചെയ്തതും കഴിച്ചതും മിസി തന്നെ. അവളെന്നെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ടെന്നാണ് തോന്നുന്നത്, ഞാൻ കൂടുതൽ കരുതലെടുക്കേണ്ടി വരും" എന്നാണ് ചിത്രത്തോടൊപ്പം മിറ കുറിച്ചത്.

മകൾ തന്റെ പാചകപരീക്ഷണങ്ങൾ ശ്രദ്ധിക്കുന്നുവെന്നതിന് തെളിവാണ് ഇതെന്നു പറഞ്ഞുവെക്കുകയാണ് മിറ. നേരത്തേ ഷാഹിദിന്റെ പാചക പരീക്ഷണങ്ങളെക്കുറിച്ചുംം മിറ കുറിച്ചിരുന്നു. ഷാഹിദ് അഞ്ചു വർഷത്തിനിടയിൽ ആദ്യമായി തനിക്ക് തയ്യാറാക്കിത്തന്ന വിഭവം എന്നു പറഞ്ഞ് പാസ്തയുടെ ചിത്രവും പിന്നാലെ പാൻകേക്ക് തയ്യാറാക്കിയ ചിത്രവും മിറ പോസ്റ്റ് ചെയ്തിരുന്നു. 

2015ലാണ് മിറയും ഷാഹിദവും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷയെക്കൂടാതെ സെയ്ന്‍ എന്നൊരു മകനുമുണ്ട്.

Content Highlights: Mira Kapoor's 4-Year-Old Daughter Bakes Chocolate Cake With Rainbow Sprinkles