ബോളിവുഡില്‍ ഫിറ്റ്‌നസ് കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത നടിമാരിലൊരാളാണ് മലൈക അറോറ. എപ്പോഴും ഊര്‍ജസ്വലയായിരിക്കുന്നതിനു പിന്നിലെ രഹസ്യം ചിട്ടയോടെയുള്ള വര്‍ക്കൗട്ടും ഭക്ഷണരീതിയുമാണെന്ന് താരം പറയാറുണ്ട്. ഇപ്പോള്‍ മലൈക പങ്കുവെക്കുന്നതും ആരോഗ്യകരമായ ജീവിതശൈലിക്കുള്ളൊരു ടിപ് ആണ്. ദഹനപ്രക്രിയ സുഗമമാക്കാനുള്ള ഒരു പാനീയത്തെക്കുറിച്ചാണ് മലൈക പങ്കുവെക്കുന്നത്.

മിക്കയാളുകള്‍ക്കും രാവിലെ എഴുന്നേറ്റാല്‍ ദഹനം സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാകും. ചിലപ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചതോ അതല്ലെങ്കില്‍ കഴിച്ചവയില്‍ ഏതെങ്കിലും പ്രത്യേക ഭക്ഷണമോ കാരണമാവും ഇത്. അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കാലങ്ങളായി താന്‍ സ്വീകരിക്കുന്ന വഴിയാണ് ഇതെന്നു പറഞ്ഞാണ് മലൈക പങ്കുവെക്കുന്നത്. അതിനായി മിക്ക അടുക്കളകളിലും ലഭ്യമായിട്ടുള്ള ഉലുവയും ജീരകയും മാത്രമാണ് വേണ്ടത്.

ഒരു ടീസ്പൂണ്‍ വീതം ജീരകവും ഉലുവയുമെടുത്ത് രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവെക്കുക. രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ ജീരകവും ഉലുവയും അരിച്ചെടുത്ത് ഈ വെള്ളം കുടിക്കുക. ഇത് ദഹനം മൂലമുള്ള പ്രശ്‌നങ്ങളെ പമ്പകടത്തുമെന്നാണ് മലൈക പറയുന്നത്.

വയറു സ്തംഭിച്ച അവസ്ഥയും മലബന്ധവുമൊക്കെ ഇല്ലാതാക്കാന്‍ മികച്ചതാണ് ജീരകവും ഉലുവയും.

Content Highlights: Malaika Arora Simple drink For Good Digestion